കരിപ്പൂരിലെ സ്വർണ കടത്തിന് പുതിയ ട്രെന്റ്; അടിവസ്ത്രത്തിനുള്ളിൽ സ്വർണം കുഴമ്പാക്കി കടത്തിയത് എയർഹോസ്റ്റസ് ഷഹാന


മലപ്പുറം: വീണ്ടും സ്വർണ്ണകടത്തിന് കേന്ദ്രമായി കരിപ്പൂർ. കടത്തുകാരെ കിട്ടാതായതോടെ വീണ്ടും വിമാന ജീവനക്കാരുടെ സഹായത്തോടെ സ്വർണ്ണ കടത്തുകയാണ് മാഫിയാ സംഘങ്ങൾ. എയർഹോസ്റ്റസ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 99 ലക്ഷം രൂപയുടെ സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടിയതോടെ ജീവനക്കാരും കസ്റ്റംസിന്റെ നിരീക്ഷണത്തിലാക്കുകയാണ്.

ഷാർജയിൽനിന്നു കോഴിക്കോട്ടെത്തിയ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ എയർഹോസ്റ്റസ് മലപ്പുറം ചുങ്കത്തറ സ്വദേശി പി.ഷഹാന(30)യിൽ നിന്നാണു സ്വർണം പിടികൂടിയത്. ഇവരെ അറസ്റ്റ് ചെയ്തു. 2.4 കിലോഗ്രാം സ്വർണ മിശ്രിതത്തിൽ നിന്ന് 2.054 കിലോഗ്രാം സ്വർണം വേർതിരിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു. കോഴിക്കോട് ഡിആർഐ ഉദ്യോഗസ്ഥർക്കു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് എയർ കസ്റ്റംസ് ഇന്റലിജൻസുമായി ചേർന്നു നടത്തിയ പരിശോധനയിലാണു സ്വർണ മിശ്രിതം പിടികൂടിയത്.

സ്വർണം കുഴമ്പുരൂപത്തിലാക്കി കടത്തിക്കൊണ്ടുവരുന്നതാണ് ഇപ്പോഴത്തെ പുതിയ ട്രെൻഡ്. അടുത്തിടെ ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളിലെല്ലാം മിശ്രിത രൂപത്തിലുള്ള സ്വർണം പിടികൂടിയിരുന്നു.കണ്ടെത്താൻ എളുപ്പമല്ല എന്ന് തിരിച്ചറിഞ്ഞാണ് കള്ളക്കടത്ത് സംഘം സ്വർണം കുഴമ്പുരൂപത്തിലാക്കി കൊണ്ടുവരുന്നത്. ഒളിപ്പിക്കാൻ എളുപ്പമാണ് എന്നതും ഇതിന് കൂടുതൽ സ്വീകാര്യതയേകുന്നു. ഇതിന് ജീവനക്കാരുടെ സഹായവും കിട്ടുന്നുവെന്നതാണ് കരിപ്പൂരിലെ അറസ്റ്റ് തെളിയിക്കുന്നത്.

കോഴിക്കോട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (ഡി.ആർ.ഐ) കരിപ്പൂരിലെ എയർ കസ്റ്റംസ് ഇന്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 99 ലക്ഷത്തിന്റെ സ്വർണം പിടികൂടിയത്. മുൻകൂട്ടി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഈ സാഹചര്യത്തിലാണ് ജീവനക്കാരെ നിരീക്ഷിക്കാനും പരിശോധന കർശനമാക്കാനുമുള്ള തീരുമാനം.

അടിവസ്ത്രത്തിനുള്ളിലായിരുന്നു സ്വർണം ഒളിപ്പിച്ചത്. ഇതിൽനിന്ന് 2,054 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. കാബിൻ ക്രൂ അറസ്റ്റിലായതായും കൂടുതൽ അന്വേഷണം നടക്കുമെന്നും കസ്റ്റംസ് അറിയിച്ചു. കരിപ്പൂരിൽ സ്വർണക്കടത്തിന് കഴിഞ്ഞ ഒരു മാസത്തിനിടെ പിടിയിലാകുന്നത് രണ്ടാമത്തെ ക്രൂവാണ് ഇവർ. ഇതും കസ്റ്റംസിനെ ഞെട്ടിച്ചിട്ടുണ്ട്.

ഒക്ടോബർ 19ന് ഡി.ആർ.ഐ എയർഇന്ത്യ എക്സ്‌പ്രസിലെ കാബിൻ ക്രൂ പെരിന്തൽമണ്ണ സ്വദേശിയെ സ്വർണക്കടത്തിനിടെ പിടികൂടിയിരുന്നു. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് എക്സ്‌പ്രസിലെ മറ്റൊരു ക്രൂ കൂടി അറസ്റ്റിലാകുന്നത്. ഡെപ്യൂട്ടി കമീഷണർ എസ്.എസ്. ശ്രീജു, സൂപ്രണ്ടുമാരായ സി.പി. സബീഷ്, എം. ഉമാദേവി, ഇൻസ്‌പെക്ടർമാരായ എൻ. റഹീസ്, കെ.കെ. പ്രിയ, ചേതൻ ഗുപ്ത, അർജുൻ കൃഷ്ണ, ഹെഡ് ഹവിൽദാർമാരായ എസ്. ജമാലുദ്ദീൻ, എ. വിശ്വരാജ് എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.

തുണി നിർമ്മിത ബെൽറ്റ് അരയിൽ കെട്ടി അതിനുള്ളിലാണ് സ്വർണ മിശ്രിതം ഒളിപ്പിച്ചിക്കുന്നതാണ് സാധാരണ പതിവ്. സാധാരണ ആഭരണങ്ങളായും സ്വർണക്കട്ടികളായും ബാഗേജിലും ശരീരത്തിലും മറ്റും ഒളിപ്പിച്ചാണ് സ്വർണം കടത്തിക്കൊണ്ടുവന്നിരുന്നത്. വിമാനത്താവളങ്ങളിൽ കസ്റ്റംസ് പരിശോധന കർശനമാക്കിയതോടെ സ്വർണക്കടത്ത് തുടർച്ചയായി പിടിക്കപ്പെടാനും തുടങ്ങി. അതുകൊണ്ടാണ് ഇപ്പോൾ മിശ്രിത രൂപത്തിൽ സ്വർണം കടത്തുന്നത്.
സ്വർണം പൊടി രൂപത്തിലോ ലായനി രൂപത്തിലോ ആക്കിയ ശേഷം തിരിച്ചറിയാൻ കഴിയാത്ത വിധം മറ്റ് വസ്തുക്കളുമായി കലർത്തുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ കൊണ്ടുവരുന്ന സ്വർണം എക്‌സ്റേ പരിശോധനയിലോ, മെറ്റൽ ഡിറ്റക്ടർ പരിശോധനയിലോ കണ്ടെത്താൻ കഴിയില്ല. പലപ്പോഴും യാത്രക്കാരുടെ ചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം സംശയമുള്ളവരെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമ്പോഴാണ് ഇത്തരത്തിൽ കടത്തിക്കൊണ്ടുവരുന്ന സ്വർണം പിടികൂടാനാകുന്നത്. മിശ്രിതമാക്കി വ്യാപകമായി സ്വർണം കടത്തിക്കൊണ്ടുവരുന്നുണ്ടെന്നാണ് വിവരം.