എഥനോളിന്റെ വില കൂട്ടി; വില നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം എണ്ണക്കമ്പനികൾക്ക്

ന്യൂഡൽഹി : പൊതുമേഖലാ എണ്ണ വിപണനകമ്പനികൾക്ക് എഥനോൾ സംഭരിക്കുന്നതിനുള്ള സംവിധാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

എഥനോളിന്റെ വില നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യവും കമ്പനികൾക്കുണ്ടാകും. വില ലിറ്ററിന് 45.69 രൂപയിൽ നിന്ന് 46.66 രൂപയായി ഉയർത്തുകയും ചെയ്തു. എഥനോൾ കലർത്തിയ പെട്രോൾ വിപണനം വ്യാപകമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ തീരുമാനമെന്നാണ് സർക്കാരിന്റെ വിശദീകരണം. എന്നാൽ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കരിമ്പുകൃഷി മേഖലയെ സ്വാധീനിക്കുകയാണ് ലക്ഷ്യമെന്ന് കരുതുന്നു.

2020-21 കാലയളവിലെ കരിമ്പ് വിളവെടുപ്പ് കാലത്തേക്കാണ് അനുമതി. എഥനോൾ കലർത്തിയ പെട്രോൾ വിപണനം വ്യാപകമായാൽ രാജ്യത്തെ എണ്ണ ഇറക്കുമതി ബില്ലിൽ ഗണ്യമായ കുറവുണ്ടാക്കാൻ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. എഥനോൾ വിതരണ കമ്പനികൾക്ക് വിലസ്ഥിരതയും മത്സരാധിഷ്ഠിത വിലയും നൽകാൻ നടപടി സഹായിക്കും. കരിമ്പുകൃഷിക്കാരുടെ കുടിശ്ശിക കുറയ്ക്കാനും കഴിയും.

2 ജി എഥനോളിന്റെ വില നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യമാണ് പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് നൽകിയിരിക്കുന്നത്. പുതിയ ജൈവ ഇന്ധന ശുദ്ധീകരണ ശാലകൾ സ്ഥാപിക്കാൻ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ. ധാന്യ അധിഷ്ഠിത എഥനോൾ വില നിലവിൽ എണ്ണ വിപണനക്കമ്പനികളാണ് തീരുമാനിക്കുന്നത്.