പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉരുൾപൊട്ടൽ; വീടുകൾ തകർന്നു

കോട്ടയം: പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉരുൾപൊട്ടൽ. കോട്ടയം, എരുമേലി കണമലയിൽ രണ്ടിടത്ത് ഉരുൾപൊട്ടി. കീരിത്തോട്-പാറക്കടവ് മേഖലയിൽ ഇന്ന് പുലർച്ചെയാണ് ഉരുൾപൊട്ടിയത്. എഴുത്വപ്പുഴയിലുണ്ടായ ഉരുൾപൊട്ടലിൽ രണ്ട് വീടുകൾ തകർന്നു. പനന്തോട്ടം ജോസ്, തെന്നി പ്ലാക്കൽ ജോബിൻ എന്നിവരുടെ വീടുകളാണ് തകർന്നത്.

രണ്ട് ഓട്ടോറിക്ഷകൾ ഒലിച്ചുപൊയി.ഒൻപത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. എഴുത്വപ്പുഴ- കണമല ബൈപ്പാസ് റോഡിൽ മണ്ണിടിഞ്ഞു വീണു. ആളപായമില്ല. മണ്ണിടിച്ചിലിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്തി.കണമല, എരത്വപുഴ,ഇടകടത്തി റോഡുകളിൽ ഗതാഗത തടസമുണ്ടായി.

പത്തനംതിട്ട കൊക്കാത്തോട് ഭാഗത്ത്‌ ഉരുൾപൊട്ടിയതായും റിപ്പോർട്ടുണ്ട്. ഒരു വീട് തകർന്നു. നാല് വീടുകളിൽ വെള്ളം കയറി. കോന്നി അച്ചൻകോവിൽ ആറ്റിൽ ജലനിരപ്പുയർന്നു. അഞ്ച് വീടുകളിൽ വെള്ളം കയറി.

കൊല്ലത്ത് മലവെള്ളപ്പാച്ചിൽ
കൊല്ലം ആര്യങ്കാവ്, ഇടപ്പാളയം മേഖലയിൽ രാത്ര ശക്തമായി മഴ പെയ്തു. വീടുകളിലും കടകളിലും വെള്ളം കയറി.കുളത്തൂപ്പുഴ അമ്പതേക്കറില്‍ മലവെള്ളപ്പാച്ചിലുണ്ടായി. വില്ലുമല ആദിവാസി കോളനി ഒറ്റപ്പെട്ടു.