ആർ എസ് എസ് പ്രവർത്തകൻ്റെ കൊലപാതകം: പ്രതികൾ സഞ്ചരിച്ച കാറിൻ്റെ ദൃശ്യങ്ങൾ പുറത്തു വിട്ടു.
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത് കൊല്ലപ്പെട്ട കേസിൽ പ്രതികൾ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. പാലക്കാട് ദേശീയപാതയ്ക്ക് സമീപം മാമ്പറത്ത് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ കൊലപ്പെടുത്തിയ അക്രമിസംഘം സഞ്ചരിച്ചിരുന്ന കാറിന്റെ സിസിടിവി ചിത്രങ്ങളാണ് പൊലീസ് പുറത്തിവിട്ടത്. വെളുത്ത നിറത്തിലുള്ള പഴയമോഡൽ മാരുതി 800 കാറാണ്. ഡോറുകളുടെ ഗ്ലാസിൽ കറുത്ത കൂളിംഗ് ഫിലിം ഒട്ടിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലെ സിസിടിവികൾ പരിശോധിച്ചാണ് പ്രതികൾ സഞ്ചരിച്ച കാറിന്റെ വിവരങ്ങൾ ശേഖരിച്ചത്.
കാറിനെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ പാലക്കാട് ഡിവൈഎസ്പി പി സി ഹരിദാസിനെയോ, ടൗൺ സൗത്ത് ഇൻസ്‌പെക്ടർ ഷിജു എബ്രഹാമിനെയോ അറിയിക്കണമെന്നും പൊലീസ് വ്യക്തമാക്കി. ഫോൺ: 9497990095, 9497987146.
ഇതിന് പുറമെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചു. ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചതായി എഡിജിപി വിജയ് സാഖറേ അറിയിച്ചു. പാലക്കാട് ഡിവൈഎസ്പി പി സി ഹരിദാസ്, ആലത്തൂർ ഡിവൈഎസ്പി കെ എം ദേവസ്യ, ടൗൺ സൗത്ത് ഇൻസ്‌പെക്ടർ ഷിജു എബ്രഹാം, മീനാക്ഷിപുരം ഇൻസ്‌പെക്ടർ ജെ മാത്യു, കസബ ഇൻസ്‌പെക്ടർ രാജീവ്, കൊഴിഞ്ഞാമ്പാറ ഇൻസ്‌പെക്ടർ എം ശശിധരൻ, നെന്മാറ ഇൻസ്‌പെക്ടർ എ ദീപകുമാർ, ചെർപ്പുളശ്ശേരി ഇൻസ്‌പെക്ടർ എം സുജിത് എന്നിവരടങ്ങിയ 34 അംഗ സംഘത്തെയാണ് നിയോഗിച്ചത്.
ഭാര്യയുമായി ബൈക്കിൽ പോവുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ സംഘം വഴിയിൽ തടഞ്ഞ് വെട്ടിക്കൊന്നത്. ആർ.എസ്.എസ് തേനാരി മണ്ഡൽ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് എലപ്പുള്ളി എടുപ്പുകുളം സ്വദേശിയാണ് സഞ്ജിത്ത്. ഇന്നലെ രാവിലെ 8.45ന് ദേശീയ പാതയ്ക്ക് സമീപം മമ്പറത്തുവച്ചായിരുന്നു ആക്രമണം. സംഘത്തിലുണ്ടായിരുന്ന ഒരാൾ സഞ്ജിത്തിന്റെ ഭാര്യയെ ബലമായി തടഞ്ഞുനിറുത്തിയ ശേഷമാണ് കൊലപാതകം നടത്തിയത്.
സ്റ്റേഡിയം ബസ് സ്റ്റാൻഡിനു സമീപം സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഭാര്യ അർഷിതയെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു സഞ്ജിത്ത്. മറ്റൊരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷൻ ഏജന്റാണ് സഞ്ജിത്ത്. ഇവർക്ക് ഒമ്പതുമാസം പ്രായമുള്ള കുഞ്ഞുണ്ട്. പ്രസവശേഷം സ്വന്തം വീട്ടിലായിരുന്ന അർഷിത അവിടെ നിന്നാണ് ജോലിക്ക് പോകുന്നത്. സഞ്ജിത്ത് സ്ഥിരമായി വരുന്ന സമയവും വഴിയും നിരീക്ഷിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് കരുതുന്നത്.