വീട്ടിനുള്ളില്‍ക്കയറി കാട്ടുപന്നിയുടെ ആക്രമണം; രണ്ടുപേര്‍ക്ക് പരിക്ക്

പാലക്കാട്: പട്ടാപ്പകല്‍ വീട്ടിനുള്ളില്‍ക്കയറി കാട്ടുപന്നിയുടെ ആക്രമണം. പാലക്കാട് മണ്ണാര്‍ക്കാടിനടുത്തെ കോട്ടോപ്പാടം ഗ്രാമപ്പഞ്ചായത്തിലെ കണ്ടമംഗലത്താണ് സംഭവം. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കണ്ടമംഗലം പുതുപ്പറമ്പില്‍ ചിന്നമ്മ(60), പള്ളിവാതുക്കല്‍ ലാലു ജോര്‍ജ് (34) എന്നിവരെയാണ് കാട്ടുപന്നി ആക്രമിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കണ്ടമംഗലത്തെ ചിന്നമ്മയുടെ വീട്ടിലേക്കാണ് ആദ്യം പന്നി ഓടിക്കയറിയത്.

വീടിനുള്ളില്‍ ടിവി കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഓടിക്കയറിവന്ന് പന്നി ആക്രമിക്കുകയായിരുന്നുവെന്ന് ചിന്നമ്മ പറഞ്ഞു. ചിന്നമ്മയുടെ കാലിനാണ് പരിക്കേറ്റത്. ബഹളം വച്ചതിനെതുടര്‍ന്ന് റൂമില്‍ ഓടിനടന്ന പന്നി പിന്നീട് വന്നവഴിതന്നെ തിരിഞ്ഞോടുകയായിരുന്നെന്നും ചിന്നമ്മ പറഞ്ഞു. പിന്നീട് പുറത്തിറങ്ങിയ പന്നി തൊട്ടടുത്തുള്ള വയലില്‍ പണിയെടുത്തിരുന്ന ജോര്‍ജിനെയും ആക്രമിക്കുകയായിരുന്നു.

പറമ്പിലെ കൃഷിയിടത്തില്‍ നില്‍ക്കുകയായിരുന്ന ലാലു ജോര്‍ജിനെ പന്നി കുത്തിമറിച്ചിട്ടു. ലാലു ജോര്‍ജിന്റെ കാലിന് പരിക്കുണ്ട്. തേറ്റ കൊണ്ട് കുത്തി ആഴത്തില്‍ മുറിവേറ്റ നിലയിലാണ്. പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികില്‍സ തേടി. രണ്ടുപേരുടേയും പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം.