പുതിയ റേഷൻ കാർഡിന് 65 രൂപയിലധികം ഈടാക്കരുത്; സിവിൽ സപ്ലൈസ് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മാതൃകയിലുള്ള റേഷൻ കാർഡുകളുടെ വിതരണത്തിന് അക്ഷയ കേന്ദ്രങ്ങൾ 65 രൂപയിലധികം ഒരു കാരണവശാലും ഈടാക്കാൻ പാടില്ലെന്ന് ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. അക്ഷയ കേന്ദ്രങ്ങളിലൂടെയല്ലാതെതന്നെ ഉപഭോക്താക്കൾക്ക് ഓൺലൈനിലൂടെ റേഷൻ കാർഡിന്റെ പ്രിന്റ് എടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ മാതൃകയിലുള്ള ആധാർ സൈസ് റേഷൻ കാർഡുകൾ പ്രിന്റെടുക്കുന്നതിന് ചില അക്ഷയ കേന്ദ്രങ്ങൾ അമിത ചാർജ് ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. ഇത് ഒരു കാരണവശാലും അനുവദിക്കില്ല. ഇതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് കാർഡ് പ്രിന്റെടുക്കാൻ കഴിയുന്ന സൗകര്യമുണ്ടെങ്കിൽ ഉപഭോക്താക്കൾക്ക് അതും ആശ്രയിക്കാം.
ഈ സൗകര്യം അപകടമുണ്ടാക്കുമെന്നതരത്തിലുള്ള പ്രചാരണം വാസ്തവവിരുദ്ധമാണ്. ഒന്നിലധികം പകർപ്പ് എടുത്താലും ഒരു കാർഡ് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ഭക്ഷ്യഭദ്രതാ നിയമത്തിന് അനുസരിച്ചാണ് ഈ സൗകര്യം നൽകിയിട്ടുള്ളതെന്നും പൊതുവിതരണ സംവിധാനം കൂടുതൽ ജനകീയമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഇത്തരം സൗകര്യം ഏർപ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു.