മലപ്പുറത്തെ ഒരു മീനിന്റെ വില പതിനയ്യായിരം രൂപ: വിലയ്ക്കു പിന്നിൽ മറ്റൊരു രഹസ്യം

മലപ്പുറം: ഒരു മീനിന്റെ വില പതിനായിരം. ജീവ കാരുണ്യത്തിന് മത്സ്യ ലേലം നടത്തി മാതൃകയായി മലപ്പുറം വാഴക്കാട്ടെ മപ്രം സ്വദേശി തക്കിയക്കൽ അബ്ദുൽ ഗഫൂർ. ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന ചെറുവായൂർ ചോലക്കൽ കെ.പി റശീദിന്റെ ചികിത്സാ സഹായത്തിലേക്കാണ് അബ്ദുൽ ഗഫൂർ ആണ് 10 കിലോയിലധികം തൂക്കം വരുന്ന മത്സ്യം സംഭാവന നൽകി കമ്മിറ്റിയെ ഏൽപ്പിച്ചത്.

മത്സ്യം ഈ ചികിത്സാ സഹായത്തിലേക്ക് നൽകാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. സമീപ കാലത്ത് തനിക്ക് ലഭിച്ച മത്സ്യങ്ങളിൽ ഏറ്റവും വലൂതായിരുന്നു ഇന്നലെ ചാലിയാറിൽ നിന്നും ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ലേലത്തിലൂടെ വാഴക്കാട് സ്വദേശി ഇമ്പീരിയൽ സലാം പതിനായിരം രൂപക്ക് മത്സ്യം വിളിച്ചെടുക്കുകയായിരുന്നു.

തുടർന്ന് അദ്ദേഹം പകുതി മത്സ്യം വീണ്ടും കമ്മിറ്റിക്ക് തന്നെ സംഭാവന നൽകുകയും പകുതി ഭാഗം ലേലത്തിലൂടെ ടി.കെ ഉബൈദ് 5000 രൂപക്കുമാണ് വിളിച്ചെടുത്തത്. രണ്ട് ലേലങ്ങളും ചേർത്ത് പതിനയ്യായിരം രൂപ ഈ ചികിത്സാ സഹായത്തിലേക്ക് നീക്കിവെച്ചു.