ഈഴവ സമുദായം കുറഞ്ഞതിന് പ്രധാന കാരണം ലൗ ജിഹാദും മതപരിവര്‍ത്തനവും; വെള്ളാപ്പള്ളി

തൃശൂര്‍: സംസ്ഥാനത്ത് 33 ശതമാനം ജനസംഖ്യ ഉണ്ടായിരുന്ന ഈഴവ സമുദായം 28 ശതമാനമായി കുറഞ്ഞതിന് പ്രധാന കാരണം മതപരിവര്‍ത്തനവും ലൗ ജിഹാദുമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം തൃശൂര്‍ യൂണിയന്‍ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലീം ലീഗിനെയും കേരള കോണ്‍ഗ്രസിനെയും പേരെടുത്ത് പറഞ്ഞായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം. ‘ചിലര്‍ ന്യൂനപക്ഷമെന്ന പേരില്‍ എല്ലാം കവര്‍ന്നെടുക്കുകയാണ്. മതേരത്വം പറയുന്നവരാണ് മുസ്ലീം ലീഗും കേരള കോണ്‍ഗ്രസുമെല്ലാം എന്നാല്‍ ഇവരില്‍ ഉള്ളവര്‍ ആരൊക്കെയാണെന്ന് ചിന്തിക്കണം. മതാധിപത്യത്തിന് വേണ്ടി നിലകൊള്ളുന്നവരാണ് മതനിരപേക്ഷത പറയുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടിനുവേണ്ടി അടവുനയം പയറ്റുന്നവരാണ്’ വെള്ളാപ്പള്ളി വിമര്‍ശിച്ചു.

സംസ്ഥാന ജനസംഖ്യയില്‍ ഈൗഴവ സമുദായം 33 ശതമാനം ഉണ്ടായിരുന്നു. ഇന്നത് 28 ശതമാനമായി കുറഞ്ഞു. ഇതിന് പ്രധാന കാരണം മതപരിവര്‍ത്തനവും ലൗ ജിഹാദുമാണ്. പല സ്ഥലങ്ങളിലും സംഘടിതമായി തന്നെ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

എല്ലാ കാര്യങ്ങളും സസൂഷ്മം പഠിക്കുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും എന്നാല്‍ അത് പ്രകടിപ്പിക്കുന്നത് അപൂര്‍വമായാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. 6000 രൂപയില്‍ നിന്ന് എസ്.എന്‍.ഡി.പി യോഗം ഇന്ന് വലിയ സാമ്പത്തിക ശക്തിയായി മാറിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു വെള്ളാപ്പള്ളിയുടെ അഭിപ്രായ പ്രകടനം.