തിരൂര്‍ ശിഹാബ് തങ്ങള്‍ സഹകരണ ഹോസ്പിറ്റല്‍ ഉദ്ഘാടനം 26 ന്

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ലഭ്യമാവുന്ന ചികില്‍സകള്‍ വരെ നല്‍കാന്‍ കഴിയുന്ന സംവിധാനത്തില്‍ സഹകരണ മേഖലയില്‍ ആരംഭിക്കുന്ന തിരൂര്‍ ശിഹാബ് തങ്ങള്‍ സഹകരണ ഹോസ്പിറ്റല്‍ ഫെബ്രുവരി 26 നു പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.135000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള ആശുപത്രി നിര്‍മ്മാണം പൂര്‍ത്തിയായത് 10 വര്‍ഷമെടുത്താണ്. പ്രവാസികളടക്കമുള്ള സഹകാരികളില്‍ നിന്നും 80 കോടി രൂപ സമാഹരിച്ചാണ് ആശുപത്രി ആരംഭിച്ചിട്ടുള്ളത്. ആരോഗ്യ മേഖലയിലെ അതിന്യൂതന സംവിധാനങ്ങളും ചികില്‍സാ രീതികളും ലഭ്യമാവുന്ന ജില്ലയിലെ ഏക ആശുപത്രിയായിരിക്കും ഇത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ട്രോമ സെന്‍ന്റര്‍ ആറോളം ആധുനിക ഓപ്പറേഷന്‍ തീയറ്ററുകള്‍. എയര്‍ ആംബുലന്‍സ് സംവിധാനത്തിനായി ഹെലി പാഡ് എന്നിവയെല്ലാം ഇവടെ ഒരുക്കിയിട്ടുണ്ട്.

കൊടുങ്ങല്ലൂരിനും ബേപ്പൂരിനുമിടയില്‍ തീരദേശത്തെ ആദ്യത്തെ അത്യാധുനിക സംവിധാനത്തോട് കൂടിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി കൂടിയാണിത്. വിദേശ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ കൂടി സേവനം ഇവടെ ലഭ്യമായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ശിഹാബ് തങ്ങള്‍ സഹകരണ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ അബ്ദുറഹിമാന്‍ രണ്ടത്താണി, വൈസ് ചെയര്‍മാന്‍ കീഴടത്ത് ഇബ്രാഹീം ഹാജി, ഡയറക്ടര്‍മാരായ അമ്മേങ്ങര അബ്ദുല്ല കുട്ടി,വാഹിദ് കൈപ്പാടത്ത് മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളായ എം അബ്ദുല്ല കുട്ടി, വെട്ടം ആലിക്കോയ, പി ആര്‍ ഒ ഷംസുദ്ധീന്‍ കുന്നത്ത് പങ്കെടുത്തു.