സുസ്‌മിതയ്ക്ക് പിന്നിൽ തമിഴ്‌പുലികൾ; കാക്കനാട് ലഹരിമരുന്ന് കേസിൽ വഴിത്തിരിവ്

കൊച്ചി: കാക്കനാട് ലഹരിമാഫിയ കേസിൽ വഴിത്തിരിവ്. കേസിലെ  പ്രതി ടീച്ചർ എന്നറിയപ്പെട്ടിരുന്ന സുസ്മിതയുടെ പിന്നിൽ  തമിഴ്പുലികളാണോയെന്ന സംശത്തിൽ പൊലീസ്. കാക്കനാട് എം.ഡി.എം.എ. കേസിലെ പ്രതികള്‍ക്കു കൃത്രിമ ലഹരി വസ്തുക്കള്‍ കൈമാറിയതു ശ്രീലങ്കന്‍ വംശജരായ രണ്ടുപേരായിരുന്നു. ചെന്നൈ, പോണ്ടിച്ചേരി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇവര്‍ക്കു കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ ഇടപാടുകാരുണ്ട്.

ചെന്നൈയില്‍ ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിയിലാണു ഇവര്‍ താമസിക്കുന്നത്. വര്‍ഷങ്ങളായി തമിഴ്‌നാട്ടില്‍ താമസിക്കുന്ന ഇരുവരുടെയും ഭാര്യമാര്‍ തമിഴ്‌നാട്ടുകാരാണെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ താമസസ്ഥലം അടഞ്ഞു കിടക്കുകയാണിപ്പോള്‍. 40-45 വയസിനിടയില്‍ പ്രായമുള്ള ഇവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

വിദേശത്തുനിന്നു ചെന്നൈ വിമാനത്താവളത്തിലൂടെയും തുറമുഖത്തിലൂടെയുമാണ് എം.ഡി.എം.എ. പോലുള്ള ലഹരിമരുന്നുകള്‍ എത്തിക്കുന്നത്.ചെന്നൈയില്‍ നിന്നു മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കു ഹാഷിഷ് ഓയില്‍ കടത്തുന്നുണ്ട്. ഇതിനെല്ലാം പിന്നില്‍ പുലികളുടെ ഇടപെടലാണെന്നാണ് വിവരം. ശ്രീലങ്കയില്‍ ഇരുന്നാണു എല്ലാം നിയന്ത്രിക്കുന്നത്.കേസില്‍ അറസ്റ്റിലായ സുസ്മിതയാണു കേരളത്തിലെ സംഘത്തെ നിയന്ത്രിക്കുന്നത്. പ്രതികള്‍ക്കു ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിള്‍പേ വഴിയും വലിയ തോതില്‍ പണം നല്‍കിയിരുന്നു ഇവര്‍.

വാഴക്കാലയിലെ ഫ്ളാറ്റില്‍ നിന്നു ലഹരി പിടിച്ചകേസില്‍ ഇതുവരെ 21 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഫ്ളാറ്റിന്റെ സ്റ്റെയര്‍കേസില്‍ വച്ചിരുന്ന 1.85 കിലോ എം.ഡി.എം.എ. പിടിച്ച മറ്റൊരു കേസില്‍ ആറുപേരെയാണു പ്രതിചേര്‍ത്തത്. ഈ കേസിലാണു ശ്രീലങ്കന്‍ വംശജരെ പിടികൂടാനുള്ളത്.

കാക്കനാട് ലഹരിക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്ന കൊച്ചി സ്വദേശിനി സുസ്മിത ഫിലിപ്പിനെതിരെ എക്സൈസ് ക്രൈംബ്രാഞ്ചിന് ലഭിച്ചത് ശക്തമായ തെളിവുകളാണ്.നഗരത്തിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ഇവര്‍ ലഹരി ഇടപാടുകള്‍ നടത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.ലഹരി സംഘങ്ങളില്‍ ടീച്ചര്‍ എന്ന പേരിലാണ് സുസ്മിത അറിയപ്പെട്ടിരുന്നത്. 11 കോടിയുടെ ലഹരിമരുന്ന് കേസില്‍ 12-ാം പ്രതിയാണ് സുസ്മിത ഫിലിപ്പ്.