കുട്ടികൾക്ക് വാക്‌സിൻ ഇന്നുമുതൽ,​ അദ്ധ്യാപകർ കൂടെയുണ്ട്

തിരുവനന്തപുരം: 15 – 18 വയസുള്ളവർക്ക് കൊവിൻ പോർട്ടലിലോ വാക്‌സിൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ രജിസ്‌റ്റർ ചെയ്ത് ഇന്നുമുതൽ കൊവിഡ് വാക്‌സിനെടുക്കാം. രജിസ്‌റ്റർ ചെയ്യാൻ കഴിയാതെ വരികയോ സ്ളോട്ട് ലഭിക്കാതെ വരികയോ ചെയ്താൽ വിദ്യാർത്ഥികളുടെ എണ്ണം കണക്കാക്കിയശേഷം അദ്ധ്യാപകർ രജിസ്‌റ്റർ ചെയ്തുനൽകും. രക്ഷിതാക്കൾ യഥാസമയം കുട്ടികളെ വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തിക്കണം. അതിനു കഴിയാതെ വന്നാൽ സ്‌കൂൾ അധികൃതർ എത്തിക്കണം. കുട്ടികൾക്ക് വാക്‌സിൻ നൽകുന്നതിന് അദ്ധ്യാപകരും പി.ടി.എയും മുൻകൈ എടുക്കണമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. രക്ഷിതാക്കളുമായി അദ്ധ്യാപകർ ആശയവിനിമയം നടത്തി എല്ലാ കുട്ടികളും വാക്‌സിൻ എടുത്തെന്ന് ഉറപ്പു വരുത്തും.

സംസ്ഥാനത്ത് 15.34 ലക്ഷം കുട്ടികൾക്കാണ് നൽകുന്നത്. രാവിലെ 9 മുതൽ 5 വരെയാണ് സമയം. രജിസ്‌റ്റർ ചെയ്ത പ്രിന്റൗട്ടോ എസ്.എം.എസോ കാണിക്കണം. രജിസ്ട്രേഷന് ഉപയോഗിച്ച ഫോട്ടോ ഐ.ഡിയും കരുതണം. വാക്‌സിനേഷൻ കേന്ദ്രത്തിൽ ‌ഡോക്ടർ,​ സൂപ്പർവൈസർ ഉൾപ്പെടെ ഉണ്ടാകും. കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളോ അലർജിയോ ഇല്ലെന്ന് ഉറപ്പു വരുത്തും. വാക്‌സിൻ നൽകിയ ശേഷം അരമണിക്കൂർ നിരീക്ഷിക്കും. കൊവിഡ് വന്നുപോയ കുട്ടികൾ 3 മാസത്തിനു ശേഷം എടുത്താൽ മതി. നൽകുന്നത് കൊവാക്‌സിൻ.

ശ്രദ്ധിക്കാൻ

  • ഭക്ഷണം കഴിച്ചശേഷം വാക്‌സിനേഷൻ കേന്ദ്രത്തിലെത്തുക
  • ആരോഗ്യപ്രശ്നങ്ങളുള്ളവർ വേഗത്തിൽ വാക്‌സിനെടുക്കണം
    ​* ഗു​രു​ത​ര​ ​ആ​രോ​ഗ്യ​പ്ര​ശ്‌​ന​മു​ള്ളവർ ഡോ​ക്ട​റുടെ ​നി​ർ​ദ്ദേ​ശം പാലിക്കണം

വാക്‌സിന്റെ ലഭ്യതയനുസരിച്ച് എത്രയും വേഗം കുട്ടികളുടെ വാക്‌സിനേഷൻ പൂർത്തിയാക്കുകയാണ് ലക്ഷ്യം. 65,000 ഡോസ് കൊവാക്‌സിൻ സംസ്ഥാനത്ത് ലഭ്യമാണ്. കുട്ടികളുടെ വാക്‌സിനേഷനായി 5 ലക്ഷം ഡോസ് ഇന്നെത്തും. ഇതോടെ എല്ലാ കേന്ദ്രങ്ങളും പൂർണ തോതിൽ പ്രവർത്തിക്കാനാകും.

  • മന്ത്രി വീണാജോർജ്