ശക്തമായ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ കാർ യാത്രികരെ രക്ഷപ്പെടുത്തി ഷാർജാ പൊലീസ്, വീഡിയോ

ഷാർജ: ശക്തമായ വെള്ളപ്പൊക്കത്തിലേക്ക് നിയന്ത്രണം വിട്ട് ഒഴുകിപ്പോയ കാറിലെ യാത്രക്കാരായ മൂന്നു പേരെ ഷാർജ പൊലീസ് രക്ഷപ്പെടുത്തി. ഏഷ്യക്കാരായ മൂന്ന് പേർക്കാണ് ഷാർജാ പൊലീസ് തുണയായത്. വെള്ളം കുത്തിയൊലിക്കുന്ന വാദിയിലേയ്ക്കാണ് ഏഷ്യക്കാരുടെ കാർ പതിച്ചത്. സംഭവം അറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ ഖോർ ഫക്കൻ സ്റ്റേഷനിൽ നിന്നുള്ള സംഘം ഒഴുകി പോയ കാറിൽ നിന്നും മൂന്നു പേരെയും രക്ഷപ്പെടുത്തി. ആർക്കും പരുക്കില്ല.

കഴിഞ്ഞ രണ്ടു ദിവസമായി യുഎഇയിൽ കനത്ത മഴ പെയ്തിരുന്നു. കനത്ത മഴയും വെള്ളപ്പൊക്കവും ഭീഷണി ഉയർത്തിയിരിക്കുന്ന ഈ സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്താനും വാദികൾ പോലുള്ള വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കാനും പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഈ ആഴ്ച കൂടുതൽ മഴ ലഭിക്കുമെന്നു വിദഗ്ദ്ധർ പ്രവചിക്കുന്നുണ്ട്.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കാലാവസ്ഥ വീണ്ടും മാറും. ഒറ്റ രാത്രികൊണ്ട് രാജ്യത്തുടനീളം വ്യാപിച്ച മഴയേക്കാൾ കൂടുതൽ ഈ ദിവസങ്ങളിൽ പെയ്യും. അടുത്ത ദിവസങ്ങളിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിഅധികൃതർ പറഞ്ഞു. പ്രത്യേകിച്ച് തിങ്കൾ മുതൽ ചൊവ്വ വരെ. ഇത് ഏതാണ്ടു രാജ്യത്തെ മുഴുവൻ ബാധിക്കുമെന്ന് വ്യക്തമാക്കി. കഴിഞ്ഞ രണ്ടു വർഷമായി അബുദാബിയിലും ദുബായിലും വളരെ ചെറിയ മഴയാണ് അനുഭവപ്പെട്ടത്. വടക്കൻ മേഖലയിലാണ് മഴ കൂടുതലായി പെയ്യുന്നത്.