റിയാദിൽ പത്ത്കോടി തട്ടിയെടുത്ത് പ്രവാസി മലയാളിയായ അധ്യാപകൻ മുങ്ങി; പരാതിയുമായി സുഹൃത്തുക്കൾ

സൗദി: റിയാദിൽ പത്തുകോടി തട്ടിയെടുത്ത് പ്രവാസി മലയാളിയായ അധ്യാപകൻ മുങ്ങിയതായി പരാതി. റിയാദിലെ സ്വകാര്യ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്തിരുന്ന കോഴിക്കോട് സ്വദേശി അൽതാഫ് എന്നയാളാണ് പണവുമായി മുങ്ങിയതെന്ന് തട്ടിപ്പിനിരയായ സുഹൃത്തുക്കൾ പറഞ്ഞു. ബിസിനസിൽ പങ്കാളികളാക്കാമെന്ന് വാ​ഗ്ദാനം നൽകി ഇയാൾ എൺപതോളം പേരിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി പത്ത് കോടി തട്ടിയെടുത്ത് മുങ്ങുകയായിരുന്നു. ഇയാളുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും നടത്തിയ വാർത്താസമ്മേളനത്തിലൂടെയാണ് തട്ടിപ്പ് വിവരം പുറത്തുവരുന്നത്.

സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് റിയാദിലെ ഇന്ത്യന്‍ എംബസിക്കും നോര്‍ക്കയ്ക്കും പരാതി നൽകിയിട്ടുണ്ട്. തട്ടിപ്പ് നടത്തിയ അൽതാഫ് ആറു വർഷം റിയാദിലെ ബിന്‍ ലാദന്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്നു. പിന്നീട് സ്വകാര്യ സ്കൂളിലെ അധ്യാപകനായി ജോലിയിൽ പ്രവേശിക്കുകയായിരുന്നു. കമ്പനിയിൽ കൂടെ ജോലി ചെയ്തവരിൽ നിന്ന് ഇയാൾ ബിസിനസിന്റെ പേരിൽ പല ഘട്ടങ്ങളിലായി പണം വാങ്ങിയെന്നും സുഹൃത്തുക്കൾ പറഞ്ഞു.

ദുബായിൽ നിന്ന് സൗദിയിലേക്ക് ചോക്ലേറ്റ് ഇറക്കുമതി ചെയ്യുന്ന ബിസിനസാണ് തനിക്കെന്നാണ് ഇയാൾ ചിലരെ ബോധ്യപ്പെടുത്തിയിരുന്നത്. മറ്റു ചിലരിൽ നിന്നും ചിട്ടിയെന്ന് വിശ്വസിപ്പിച്ച് എല്ലാ മാസവും വന്‍തുകയും കൈപ്പറ്റിയിരുന്നു. പല സമയങ്ങളിലായി ലാഭ വിഹിതമായി ചെറിയ സംഖ്യ പലർക്കും നൽകുകയും ചെയ്തു. നാട്ടിൽ നിന്നുളളവരിൽ നിന്നും പണം വാങ്ങിയതായാണ് വിവരമെന്നും സുഹൃത്തുക്കൾ വെളിപ്പെടുത്തി.

ഏതാനും നഴ്‌സുമാര്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് ഇയാൾക്ക് നല്‍കിയിട്ടുണ്ട്. ഇയാൾ നല്‍കുന്ന ലാഭവിഹിതത്തില്‍ നിന്ന് ലോണ്‍ അടച്ചുതീര്‍ത്താല്‍ മതിയെന്ന് വിശ്വസിപ്പിച്ചാണ് വായ്പയെടുക്കാൻ നഴ്സുമാരെ പ്രേരിപ്പിച്ചത്. ഒന്നരമാസം മുമ്പ് ഭാര്യയുടെ ഉമ്മക്ക് സുഖമില്ലെന്നും അവരെ വിമാനത്താവളത്തിൽ എത്തിച്ച് തിരിച്ചു വരാമെന്നും പറഞ്ഞു മുങ്ങുകയായിരുന്നു. സ്‌കൂളില്‍ നിന്ന് ഒരാഴ്ചത്തെ ലീവെടുത്താണ് ഇയാൾ കുടുംബവുമായി പോയത്. നാട്ടിലേക്ക് വിളിച്ചന്വേഷിച്ചപ്പോൾ ഇയാൾ‍ നാട്ടിലെത്തിയിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. ഇയാൾ ഇന്ത്യയിലേക്ക് കടന്നതായി റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. മുംബൈയിലുണ്ടാകാനാണ് സാധ്യതയെന്നും സുഹൃത്തുക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.