കടപ്പുറത്തെ കരിങ്കല്ലുകൾക്കിടയിൽ കുടുങ്ങി എട്ട് വയസ്സുകാരൻ: മൂന്ന് മണിക്കൂർ നേരത്തെ രക്ഷാപ്രവർത്തനത്തിനൊടുവിൽ പുറത്തെടുത്തു
കോഴിക്കോട്: വടകരയിൽ എട്ടുവയസ്സുകാരൻ കടപ്പുറത്തെ കരിങ്കല്ലുകൾക്കിടയിൽ കുടുങ്ങി. കളിക്കുന്നതിനിടെയാണ് കുട്ടി കരിങ്കല്ലുകൾക്കിടയിൽ വീണത്. മൂന്ന് മണിക്കൂറിലധികം നേരത്തെ രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്തു. മുട്ടുങ്ങൽ കക്കാട് സ്വദേശിയായ ഷിയാസാണ് കല്ലിനിടയിൽ കുടുങ്ങിയത്.
ഫയർ ഫോഴ്‌സും നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. കടൽ തീരത്ത് ക്രിക്കറ്റ് കളിയ്‌ക്കുകയായിരുന്നു കുട്ടി. ഇതിനിടെ പന്ത് കടൽ ഭിത്തികളിൽ കുടുങ്ങി. ഇത് എടുക്കാനുള്ള ശ്രമത്തിനിടെയാണ് കുട്ടി കരിങ്കല്ലിനിടയിൽ അകപ്പെട്ടത്.
കടൽ ഭിത്തിക്കായി ഉപയോഗിച്ച കൂറ്റൻ കല്ലുകൾ മാറ്റിയാണ് കുട്ടിയെ പുറത്തെടുത്തത്. ക്രെയ്‌നും ജെസിബിയും ഉപയോഗിച്ച് കല്ലുകൾ മാറ്റുകയായിരുന്നു. കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് അധികൃതർ അറിയിച്ചു.