നാല് പേർ മരിച്ചു; പുറത്തെടുക്കാനുള്ളത് ഒരാളെ കൂടി; രക്ഷാ പ്രവർത്തനം തുടരുന്നു

കൊച്ചി: കളമശേരി ഇലക്ട്രോണിക് സിറ്റിയില്‍ കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ നാല് പേർ മരിച്ചു. സൈറ്റില്‍ ജോലി ചെയ്തിരുന്ന ബംഗാള്‍ സ്വദേശികളായ നൗജേഷ്, നൂറാമിൻ, ഫൈജുല്‍ മണ്ഡൽ, കുടൂസ് മണ്ഡൽ എന്നിവരാണ് മരിച്ചത്. ഇനി ഒരാളെ കൂടി മണ്ണിനടിയില്‍ നിന്നും കണ്ടെത്താനുണ്ട്. ഫൈജുല്‍ ഉള്‍പ്പെടെ ഏഴ് തൊഴിലാളികളാണ് മണ്ണിനടിയില്‍ പെട്ടത്. ഇതില്‍ ആറ് പേരെ രക്ഷപ്പെടുത്തിയിരുന്നു. ഇതിൽ നാല് പേരാണ് ഇപ്പോള്‍ മരണപ്പെട്ടത്. സ്ഥലത്ത് അഗ്നിശമനാ സേനയുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് തിരച്ചില്‍ നടക്കുന്നത്.

പത്തോളം അഗ്നിശമസേനാ വാഹനങ്ങള്‍ സ്ഥലത്തുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളാണ് മണ്ണിനടിയില്‍ പെട്ടത്.കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ അടിത്തറ സ്ഥാപിക്കാനായി മണ്ണ് മാന്തി യന്ത്രം കൊണ്ട് പണിയെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കളമശേരി മെഡിക്കല്‍ കോളേജിനടുത്തുള്ള ഇലക്‌ട്രോണിക് സിറ്റിയിലെ സ്വകാര്യ ഭൂമിയിലാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്.