Fincat

മലപ്പുറത്ത് ഒളിവ് ജീവിതത്തിനിടെ കഞ്ചാവ് കേസിലെ പ്രതിയെ പൊക്കി പൊലീസ്

തിരുവനന്തപുരം: കഞ്ചാവ് മാഫിയയെ ചെറുക്കാൻ ശ്രമിച്ചയാളെ വെട്ടിക്കൊല്ലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി മലപ്പുറത്ത് ഒളിവു ജീവിതത്തിനിടെ പൊലീസിന്റെ പിടിയിൽ. പൊലീസിന്റെ കണ്ണുവെട്ടിക്കാൻ മതം മാറി മലപ്പുറത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. മേൽതോന്നക്കൽ കണ്ണങ്കരക്കോണം കൈതറ വീട്ടിൽ ദീപുവിനെയാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് പിടികൂടാതിരിക്കാൻ മതംമാറി മുഹമ്മദ് അലി എന്ന പേരിൽ മലപ്പുറത്ത് താമസിച്ചു വരികയായിരുന്നു ഇയാൾ.

1 st paragraph

2018-ൽ കഞ്ചാവ് മാഫിയക്കെതിരെ ജാഗ്രത സമിതി രൂപവത്കരിച്ചതിന് നേതൃത്വം നൽകിയ തെറ്റിച്ചിറ, ലാൽഭാഗ് മനോജ് ഭവനിൽ മുകേഷിനെ ഇയാൾ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. നിരവധി മോഷണ, പിടിച്ചുപറി കേസുകളിലെ പ്രതിയായ ദീപു കഴിഞ്ഞ നാലുവർഷമായി പൊലീസിനെ കബളിപ്പിച്ച് ഗുജറാത്തിലും കർണാടകയിലും കേരളത്തിലെ വിവിധ സ്ഥലങ്ങളിലുമായി ഒളിവിൽ കഴിയുകയായിരുന്നു.

2nd paragraph

രണ്ട് വർഷം മുമ്പാണ് ഇയാൾ മലപ്പുറത്തുള്ള സുഹൃത്ത് മുഖേന പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തിന് സമീപം വഴിപ്പാറയിൽ എത്തി മുസ്ലിം മതം സ്വീകരിച്ച് ദീപു എന്ന പേര് മാറ്റി മുഹമ്മദാലി ആയത്. പൊലീസിനെ കബളിപ്പിക്കാനായിരുന്നു ഈ നീക്കം. മലപ്പുറത്തുനിന്ന് വിവാഹവും കഴിച്ചു. പൊലീസ് പിടിയിലാവാതിരിക്കാൻ ഇയാൾ ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ ഫോണിൽ ബന്ധപ്പെട്ടിരുന്നില്ല.

തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ദിവ്യാ ഗോപിനാഥിന്റെ നിർദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്‌പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്. അന്വേഷണത്തിൽ ഇയാൾ മതംമാറി മലപ്പുറത്ത് താമസിച്ചുവരുന്നതായി രഹസ്യവിവരം ലഭിച്ചു. തുടർന്ന് മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ആഴ്ചകളോളം നടത്തിയ വിദഗ്ധമായ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് കീഴ്പ്പെടുത്തിയത്. പോത്തൻകോട് കൊലപാതക കേസിലെ മുഖ്യപ്രതിയായ ഒട്ടകം രാജേഷിന്റെ കൂട്ടാളിയായ ഇയാൾക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പിടിച്ചുപറി, കവർച്ച അടക്കം ഇരുപതോളം കേസുകളുണ്ട്.

മലപ്പുറത്ത് ഇയാൾ നടത്തിയ നിയമ വിരുദ്ധമായ ഇടപാടുകളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് മലപ്പുറം പൊലീസുമായി ചേർന്ന് വിശദമായ അന്വേഷണം നടത്തും. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ചിറയിൻകീഴ് പൊലീസ് ഇൻസ്പെക്ടർ ജി.ബി മുകേഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വി എസ്.വിനീഷ് എഎസ്ഐ ഷജീർ, സി.പി.ഒ അരുൺ, റൂറൽ ഡാൻസാഫ് ടീമിലെ എഎസ്ഐ ബി. ദിലീപ്, സി.പി.ഒ സുനിൽ രാജ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.