കോട്ടക്കുന്നില്‍ വിസ്മയ കാഴ്ചയൊരുക്കിമിറാക്കിള്‍ ഗാര്‍ഡന്‍
കോട്ടക്കുന്നിലെത്തുന്ന സഞ്ചാരികള്‍ക്ക് വിസ്മയ കാഴ്ചയൊരുക്കി മിറാക്കിള്‍ ഗാര്‍ഡന്‍. സമഗ്ര മാസ്റ്റര്‍ പ്ലാനിലുള്‍പ്പെടുത്തി നിര്‍മിച്ച കോട്ടക്കുന്ന് മിറാക്കിള്‍ ഗാര്‍ഡന്‍ ആരെയും ആകര്‍ഷിക്കുന്ന രീതിയിലാണ് സജ്ജമാക്കിയിട്ടുള്ളത്. കോട്ടയുടെ രീതിയിലാണ് പൂന്തോട്ടത്തിന്റെ കവാടം തയ്യാറാക്കിയിട്ടുള്ളത്. ടിക്കറ്റെടുത്ത് അകത്ത് പ്രവേശിക്കുന്നതോടെ കാഴ്ചകളുടെ അത്ഭുത ലോകമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ചെടികള്‍ കൊണ്ട് അലങ്കരിച്ച നടപ്പാതകള്‍ മനോഹരമാണ്. ഏത് കാലത്തും ഇവിടെ പൂവിടും എന്നതാണ് ചെടികളുടെ പ്രത്യേകത. ജമന്തി, പോയിന്‍സെറ്റി, മോണിങ് ഗ്ലോറി തുടങ്ങി മനോഹരമായ നിരവധി ചെടികള്‍ പൂന്തോട്ടത്തിലുണ്ട്. പൂമ്പാറ്റകളെയും ചെറുകിളികളെയും ആകര്‍ഷിക്കുന്ന ചെടികളാണ് കൂടുതലുമുള്ളതെന്ന് പൂന്തോട്ടത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു.
ഒറിജിനലിനെ വെല്ലുന്ന ഒട്ടകവും മരുഭൂമിയും പൂന്തോട്ടത്തിന്റെ പ്രത്യേകതയാണ്. വളര്‍ന്ന് നില്‍ക്കുന്ന ഈന്തപ്പന മരങ്ങള്‍ക്കരികെ നിന്നും മരുഭൂമിയിലെ കൂടാരത്തിനകത്തിരുന്നും നമുക്ക് ഫോട്ടോയെടുക്കാം. മരുഭൂമിയുടെ മാതൃക കൂടാതെ ഫോട്ടോയെടുക്കാനായി പ്രത്യേകം സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്. പഴയ കുടിലിന്റെ മാതൃകയും ത്രീഡി ചിത്രവും നമുക്കിവിടെ കാണാം. 1970 കളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഗ്രാമവും ഒരുക്കുന്നുണ്ട്. രണ്ടാഴ്ചയ്ക്കകം ഇവയുടെ നിര്‍മാണം പൂര്‍ത്തിയാവും. പഴയ കാല ചായക്കട, പോസ്റ്റോഫീസ്, ചന്ത എന്നിവയാണ് തയ്യാറാകുന്നത്. കുറുപ്പ് സിനിമയുടെ ആര്‍ട് ഡയറക്ടര്‍ മനോജ് അറക്കല്‍, ആര്‍ടിസ്റ്റ് സലീം, നിസാം പരപ്പനങ്ങാടി, മുഹമ്മദ് ചെമ്മാട് എന്നിവരുടെ നേതൃത്വത്തിലാണ് നിര്‍മാണത്തിന് പിന്നണിയില്‍.