വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച അധ്യാപകന് സസ്‌പെന്‍ഷൻ

തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകന് സസ്‌പെന്‍ഷന്‍. മുട്ടന്നൂര്‍ എയ്ഡഡ് യുപി സ്‌കൂള്‍ അധ്യാപകനായ ഫര്‍സീന്‍ മജീദിനെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഡിപിഐയുടെ നിര്‍ദ്ദേശപ്രകാരം ഡിഡിഇ അന്വേഷണം ആരംഭിച്ചു.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടായ ഉടനെത്തന്നെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നടപടിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബുവിനാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. മുഖ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കാനാണ് അധ്യാപകന്‍ ശ്രമിച്ചതെന്നും ഈ പശ്ചാത്തലത്തില്‍ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.

അതേസമയം, വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശത്തിനെതിരെ കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം രംഗത്തെത്തിയിരുന്നു. ‘നിയമസഭ തല്ലിപ്പൊളിച്ച ക്രിമിനലാണ് മുദ്രാവാക്യം വിളിച്ച അധ്യാപകനെതിരെ നടപടിയെടുക്കാന്‍ വരുന്നത്. നമുക്ക് കാണാം,’ എന്നായിരുന്നു ബല്‍റാമിന്റെ പ്രതികരണം.

കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയത്. ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. മുദ്രാവാക്യം വിളിച്ച് രംഗത്തെത്തിയ ഇവരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ തള്ളിമാറ്റുകയായിരുന്നു. ഇവരെ സംശയാസ്പദമായ സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ കണ്ടപ്പോള്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ആര്‍സിസിയില്‍ രോഗിയെ കാണാന്‍ പോകുന്നുയെന്ന് പറഞ്ഞതാണ് ഇവര്‍ വിമാനത്തില്‍ കയറിയത്.