ഹെവി ലൈസൻസുള്ള മലപ്പുറത്തെ ജുമൈലക്ക് വാഹനങ്ങളൊക്കെ ലൈറ്റാണ്
മലപ്പുറം: ആത്മധൈര്യമുണ്ടെങ്കില്‍ എന്തും നേടാമെന്ന് തെളിയിച്ചിരിക്കുകയാണ് മലപ്പുറം മാറാക്കര മരുതൻചിറ സ്വദേശി ജുമൈല. ഹെവി ഡ്രൈവിങ് ലൈസൻസുള്ള ജില്ലയിലെ ആദ്യ വനിത എന്ന അപൂർവ നേട്ടമാണ് ജുമൈല സ്വന്തമാക്കിയത്. കുട്ടിക്കാലം മുതലുള്ള തന്‍റെ ആഗ്രഹം സഫലമായ സന്തോഷത്തിലാണ് ഈ 39 കാരി.

വിദ്യാർഥിയായിരിക്കെ സ്കൂളിലേക്കുള്ള യാത്രയിൽ ഡ്രൈവർ ബസ് ഓടിക്കുന്നത് കണ്ടാണ് ജുമൈലയ്ക്ക് വളയം പിടിക്കണമെന്ന മോഹം ഉണ്ടായത്. വിവാഹ ശേഷം 2009ൽ ഫോർ വീലർ ലൈസൻസ് സ്വന്തമാക്കി. ഇതിനിടെ ഡലീഷ്യ എന്ന യുവതി ടാങ്കർ ലോറി ഓടിക്കുന്നത് സമൂഹ മാധ്യമങ്ങളില്‍ കണ്ടതോടെ ഹെവി ലൈസൻസ് സ്വന്തമാക്കണമെന്ന ആഗ്രഹമുണ്ടായി.
ഡ്രൈവറായ ഭർത്താവ് ഹാരിസും മക്കളും പിന്തുണച്ചതോടെ ചങ്കുവെട്ടിയിലെ ഡ്രൈവിങ് സ്കൂളിലെ ബസിൽ പരിശീലനം നടത്തി. തുടർന്ന് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കി ഹെവി ലൈസൻസും സ്വന്തമാക്കി. നിലവിൽ മാറാക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പെയിൻ ആൻഡ് പാലിയേറ്റീവ് വൊളന്‍റിയറായി ജോലി ചെയ്യുകയാണ് ജുമൈല.
കൂടാതെ ഡ്രൈവിങ് ലൈസൻസ് ലഭിച്ച വനിതകൾക്ക് പൂർണതോതിൽ വാഹനം ഓടിക്കാൻ പരിശീലനവും നൽകുന്നുണ്ട്. ഇനി ടാങ്കർ ലോറി ഓടിക്കുന്നതിനുള്ള ലൈസൻസ് നേടണമെന്നതാണ് ജുമൈലയുടെ ആഗ്രഹം.