കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദ് വിവാഹിതനാകുന്നു.
ഇന്ത്യൻ ഫുട്ബാൾ ടീം അംഗവും കേരള ബ്ലാസ്റ്റേഴ്സിന്‍റെ മുന്നണിപ്പോരാളിയുമായ മലയാളി താരം സഹൽ അബ്ദുൽ സമദിന് മംഗല്യം. ബാഡ്മിന്റണ്‍ താരം റെസ ഫര്‍ഹത്ത് ആണ് വധു. ഞായറാഴ്ചയാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. തന്‍റെ സോഷ്യൽ മീഡിയ പേജിലൂടെ സഹല്‍ തന്നെയാണ് സന്തോഷവിവരം പുറത്തുവിട്ടത്.

കണ്ണൂർ സ്വദേശിയായ സഹൽ യു.എ.ഇയിലെ അൽഐനിലാണ് ജനിച്ചത്. എട്ടാം വയസ്സിൽ അബുദാബിയിലെ അൽ-ഇത്തിഹാദ് സ്പോർട്സ് അക്കാദമിയിൽ ഫുട്ബാൾ കളിക്കാൻ ആരംഭിച്ചു. ഇന്ത്യയിലെത്തിയതിന് ശേഷം കണ്ണൂരിലെ യൂനിവേഴ്സിറ്റി തലത്തിൽ ഫുട്ബാൾ കളിക്കുന്നത് തുടർന്നു. മികച്ച പ്രകടനങ്ങളെ തുടർന്ന് അണ്ടർ 21 കേരള ടീമിലും, സന്തോഷ് ട്രോഫി ടീമിലും ഇടം ലഭിച്ചു. സഹലിന്‍റെ കളിമികവ് കണ്ടെത്തിയ കെ.ബി.എഫ്.സി അദ്ദേഹത്തെ ക്ലബ്ബിന്റെ ഭാഗമാക്കി.
തന്‍റെ ആദ്യത്തെ പ്രൊഫഷണൽ കരാർ ഒപ്പിട്ട ശേഷം 2017-18 ഐ-ലീഗ് രണ്ടാം ഡിവിഷനിൽ റിസർവ് ടീമിനായി കളിച്ചു. 2018-19 ഐ.എസ്.എൽ സീസൺ ഈ യുവ പ്രതിഭക്ക് ഒരു വഴിത്തിരിവായിരുന്നു. എതിരാളികളായ ചെന്നൈയിൻ എഫ്.സിക്കെതിരെ ക്ലബിനായി തന്‍റെ ആദ്യ ഗോൾ നേടിയ സഹൽ, ഇതുകൂടാതെ 37 ഐ.എസ്.എൽ മത്സരങ്ങളിൽ നിന്നായി രണ്ടു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ഐ.എസ്.എൽ എമർജിങ് പ്ലെയർ ഓഫ് ദി സീസൺ, എ.ഐ.എഫ്.എഫ് എമർജിങ് പ്ലെയർ ഓഫ് ദ ഇയർ എന്നിവ നേടി സഹൽ ആരാധകരുടെ പ്രിയങ്കരനായി മാറി.

സഹലിന്‍റെ മികച്ച പ്രകടനങ്ങൾ അദ്ദേഹത്തെ ദേശീയ ടീമിലെത്തിച്ചു. 2019 മാർച്ചിൽ ദേശീയ അണ്ടർ 23 ടീമിനൊപ്പം ചേർന്ന സഹൽ, അതേവർഷം ജൂണിൽ കുറകാവോയ്‌ക്കെതിരായ കിംങ്സ് കപ്പ് മത്സരത്തിൽ സീനിയർ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചു. ആരാധകർ ആവേശത്തോടെ “ഇന്ത്യൻ ഓസിൽ’ എന്ന് വിളിക്കുന്ന സഹൽ രാജ്യാന്തര തലത്തിൽ കേരളത്തിൽ നിന്ന് ഉയർന്നുവരുന്ന താരങ്ങളിൽ ഒരാളാണ്. 2025വരെ കേരള ബ്ലാസ്റ്റേഴ്സിൽ തുടരാനുള്ള പുതിയ കരാറിൽ 2020ൽ സഹൽ ഒപ്പിട്ടിരുന്നു.