പുതിയ ട്രാഫിക് പരിഷ്‌കാരം: തിരൂര്‍ നഗരത്തെ കുരുക്കുമോ?

തിരൂര്‍: സിറ്റി ജംക്ഷനിലെ പുതിയ ട്രാഫിക് പരിഷ്‌കാരം നഗരത്തെ കൂടുതല്‍ കുരുക്കിലേയ്ക്ക് നയിക്കുമെന്ന ആശങ്ക വ്യാപകം. സിറ്റി ജംക്ഷനില്‍ നിന്നും റെയ്ല്‍വേ സ്റ്റേഷനിലേയ്ക്കുള്ള റോഡിലെ ട്രാഫിക് പരിഷ്‌കാരമാണ് കൂടുതല്‍ ചര്‍ച്ചാ വിഷയമാകുന്നത്. സിറ്റി ജംക്ഷനില്‍ നിന്നുള്ള റോഡിലെ വണ്‍വേ സമ്പ്രദായമാണ് എടുത്ത് മാറ്റിയിരിക്കുന്നത്. നിലവില്‍ ബസുകളും ലോറികളുമൊഴികെയുള്ള ചെറുകിട വാഹനങ്ങള്‍ക്കെല്ലാം റെയ്ല്‍വേ സ്‌റ്റേഷന്‍ റോഡിലേയ്ക്ക് നേരിട്ട് കടക്കാം.
വണ്‍വേ സമ്പ്രദായങ്ങളെല്ലാം നിലനില്‍ക്കേ തന്നെ തിരൂരില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ബിപി അങ്ങാടി മുതല്‍ താഴേപ്പാലം വരെയാണ് കുരുക്ക് കൂടുതല്‍. ഇവിടെ കുരുങ്ങുമ്പോള്‍ ബസ് സ്റ്റാന്‍ഡ് സിറ്റി ജംക്ഷന്‍ മുതല്‍ ബസ് സ്റ്റാന്‍ഡ് വരെയും വാഹനങ്ങളുടെ നീണ്ട നിര കാണപ്പെടുന്നതും പതിവാണ്.

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പുഴയോരത്തു കൂടിയുള്ള താഴേപ്പാലം ബൈപ്പാസ് റോഡ് നിര്‍മിച്ചത്. തുടര്‍ന്ന് ബസ് റൂട്ട് ബൈപ്പാസ് റോഡ് വഴി തിരിച്ചു വിട്ടു. ഇതോടെ കോര്‍ട്ട് റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. പോലീസ് സ്‌റ്റേഷന്‍, കോടതി, റെയ്ല്‍വേ സ്‌റ്റേഷന്‍ എന്നിങ്ങനെ ജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്ന കേന്ദ്രങ്ങളെല്ലാം ഈ റോഡിലാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ഒട്ടേറെ വക്കീല്‍ ഓഫീസുകളും ആധാരമെഴുത്ത് ഓഫിസുകളും വ്യാപര സ്ഥാപനങ്ങളും കോര്‍ട്ട് റോഡിലുണ്ട്. ഇവിടങ്ങളിലേയ്‌ക്കെല്ലാം താഴേപ്പാലം ചുറ്റിയായിരുന്നു വന്നിരുന്നത്. ഈ വാഹനങ്ങളെല്ലാം കോര്‍ട്ട് റോഡിലേയ്ക്ക് നേരിട്ട് സിറ്റി ജംക്ഷനില്‍ നിന്നു പ്രവേശിക്കാന്‍ തുടങ്ങിയാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാക്കും.
പുറത്തൂര്‍, ചമ്രവട്ടം, വെട്ടം, പറവണ്ണ, കുറ്റിപ്പുറം, താനൂര്‍, പൊന്നാനി മേഖലയില്‍ നിന്നുള്ള ബസുകളും പൊന്നാനി-താനൂര്‍ മേഖലയില്‍ നിന്നുള്ള ദീര്‍ഘദൂര കെഎസ്ആര്‍ടിസി സര്‍വീസുകളുമെല്ലാം നിലിവില്‍ താഴേപ്പാലം ബൈപ്പാസ് വഴി കോര്‍ട്ട് റോഡിലെത്തുന്നുണ്ട്. താരതമ്യേന വീതി കുറഞ്ഞ റോഡ് കൂടിയാണ് കോര്‍ട്ട് റോഡ്. അതുകൊണ്ടു തന്നെ കുരുക്ക് കൂടുമെന്ന നിലയിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്.


വണ്‍ വേ സമ്പ്രദായമുണ്ടായിരിക്കുമ്പോള്‍ തന്നെ റെയ്ല്‍വേ സ്‌റ്റേഷന്‍ റോഡില്‍ പലപ്പോഴും ഗതാഗതക്കുരുക്കുണ്ടായിരുന്നു. റോഡിലെ അശാസ്ത്രീയ ഓട്ടോ സ്റ്റാന്‍ഡാണിതിനു കാരണം. റോഡിലേയ്ക്ക് കയറ്റിയാണ് റെയ്ല്‍വേ സ്‌റ്റേഷന്‍ ഓട്ടോ സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കുന്നത്. ഈ സ്റ്റാന്‍ഡ് പഴയ സ്റ്റാന്‍ഡില്‍ നിര്‍മാണത്തിലിരിക്കുന്ന അമിനി സെന്ററിനപ്പുറത്തേയ്ക്ക് മാറ്റിയാല്‍ റോഡിലെ തിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. റെയ്ല്‍വേ സ്റ്റേഷനപ്പുറത്തേയ്ക്ക് നിലവില്‍ വണ്‍ സമ്പ്രദായമുണ്ടായതു കൊണ്ടു തന്നെ ഓട്ടോ സ്റ്റാന്‍ഡ് കൊണ്ട് ബുദ്ധിമുട്ടുണ്ടാവില്ലെന്നും പരക്കെ അഭിപ്രായമുണ്ട്.
പുതിയ ഗതാഗത പരിഷ്‌കാരം കോടതിയിലേയ്ക്കും പോലീസ് സ്‌റ്റേഷനിലേയ്ക്കും റെയ്ല്‍വേ സ്‌റ്റേഷനിലേയ്ക്കുമെല്ലാം പോകുന്ന പൊതുജനത്തിന് ഏറെ ആശ്വാസകരമാണ്. എന്നാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമായാല്‍ ഗുണത്തേക്കാളേറെ ദോഷവും ചെയ്യും. ആയതിനാല്‍ ഓട്ടോ സ്റ്റാന്‍ഡ് മാറ്റി റോഡിലെ കുരുക്ക് ഒഴിവാക്കണമെന്നാണ് നഗരവാസികളുടെ ആവശ്യം.

വ്യാപാരികള്‍ പ്രതിസന്ധിയില്‍

പുതിയ ട്രാഫിക് പരിഷ്‌കാരം നിലനിര്‍ത്തണമെന്ന് തിരൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് എക്‌സിക്യൂട്ടിവ് അംഗം ഹരീന്ദ്രന്‍. വണ്‍ വേ സമ്പ്രദായം ഏര്‍പ്പെടുത്തിയതോടെ കോര്‍ട്ട് റോഡിലെ വ്യാപാരികളെല്ലാം ഏറെ ദുരിതത്തിലായിരുന്നു. നിരവധി പേര്‍ കച്ചവടം അവസാനിപ്പിച്ചു പോയി. ബാക്കിയുള്ളവര്‍ക്കു കൂടി ഈ അവസ്ഥയുണ്ടാതാരിക്കുന്നതിന് വണ്‍ വേ സമ്പ്രദായം ഒഴിവാക്കിയേ തീരുവെന്നും അദ്ദേഹം പറഞ്ഞു.

ഗതാഗതക്കുരുക്കില്ല: ഡിവൈഎസ്പി

വണ്‍വേ സമ്പ്രദായം ഒഴിവാക്കിയതു കൊണ്ട് കോര്‍ട്ട് റോഡില്‍ ഗതാഗത പ്രശ്‌നങ്ങള്‍ ഇതുവരെയില്ലെന്ന് തിരൂര്‍ ഡിവൈഎസ്പി പി.വി. ബെന്നി പറഞ്ഞു. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പരിഷ്‌കാരം നടപ്പാക്കിയത്. ഇത് പൊതുജനങ്ങള്‍ക്ക് ഏറെ ഗുണകരമാണെന്നാണ് വിലയിരുത്തല്‍. റെയ്ല്‍വേ, കോടതി, പോലീസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളിലേയ്ക്ക് ചുറ്റി പോകേണ്ട അവസ്ഥയാണുള്ളത്. അതിനൊരു പരിഹാരമാണിത്. ബസുകള്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ പരീക്ഷണത്തിനു ശേഷം ചര്‍ച്ച ചെയ്ത് തീരുമാനിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടിച്ചേല്‍പ്പിക്കേണ്ടതല്ല ഗതാഗത പരിഷ്‌കാരം

കോര്‍ട്ട് റോഡില്‍ നടപ്പാക്കിയ ഗതാഗത പരിഷ്‌കാരം നഗരസഭാ ചെയര്‍പേഴ്‌സണിന്റെയും പോലീസ് മേലധികാരികളുടെയും ഏകാധിപത്യ നടപടിയായെന്ന് സംയുക്ത ബസ് തൊഴിലാളി യൂണിയന്‍ തിരൂര്‍ താലൂക്ക് ജനറല്‍ കണ്‍വീനര്‍ റാഫി എം തിരൂര്‍ പറഞ്ഞു. സിറ്റി ജംക്ഷന്‍-താഴേപ്പാലം റോഡ് വീതി കൂട്ടുന്നതിനു മുന്‍പ് കൂടിയാലോചനയിലൂടെ നടപ്പാക്കിയ പരിഷ്‌കാരം ഏകാധിപത്യത്തോടെ പിന്‍വലിച്ചത് ശരിയായില്ല. ബസുടമകള്‍ മിന്നല്‍ പണിമുടക്ക് നടത്തിയിട്ടില്ല. പരിഷ്‌കാരം പ്രഖ്യാപിച്ച സമയത്തു തന്നെ പ്രഖ്യാപിച്ചതായിരുന്നു. എന്നാല്‍ തിരൂരിലെ മാധ്യമങ്ങള്‍ അതു റിപ്പോര്‍ട്ട് ചെയ്യാന്‍ തയാറായില്ല. നഗരസഭാ ചെയര്‍പേഴ്‌സണും മാധ്യമ പ്രവര്‍ത്തകരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണിതിനു പിന്നില്‍. തിരൂര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ 25ന് ചേരുന്ന യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.