ഡിഎഫ്ഒ ബംഗ്ലാവ് ചരിത്ര മ്യൂസിയമാക്കുന്നതിന്റെ പ്രവൃത്തി ആരംഭിച്ചു.

നിലമ്പൂർ: ചന്തക്കുന്നിലെ പുരാതന നിർമ്മിതിയായ ഡിഎഫ്ഒ ബംഗ്ളാവ്
വനം വകുപ്പിന്റെ ഇക്കോടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ചരിത്ര മ്യൂസിയമാക്കുന്നതിന്റെ ഭാഗമായി പഴയ ഡിഎഫ്ഒ ബംഗ്ലാവ്, സർക്കീട്ട് ഹൗസ്, എസിഎഫ് ബംഗ്ലാവ് എന്നിവ പുതുക്കി പണിയുന്ന പ്രവൃത്തി ആരംഭിച്ചു. തടി നിർമ്മിതമായ ബംഗ്ലാവ്‌ നിലമ്പൂർ തേക്ക് ഉപയോഗിച്ച് തന്നെയാണ് പുതുക്കി പണിയുന്നത്. മൂന്ന് പൗരാണിക കെട്ടിടങ്ങൾക്കും കൂടിയായി 80ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

ആദ്യഘട്ടത്തിൽ ബംഗ്ലാവിനോട് ചേർന്ന് ബംഗ്ലാവിനോദട് ചേർന്ന് ശൗചാലയങ്ങളുടെ നിർമ്മാണം പൂർത്തിയായി. ഡിഎഫ്ഒ ബംഗ്ലാവ് ചരിത്ര മ്യൂസിയമാക്കുവാൻ വനം വകുപ്പ് ശ്രമം തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടു.

മലബാറിൽ വനംവകുപ്പിന്റെ 180 വർഷത്തെ ചരിത്രമാണ് ബംഗ്ലാവിലൊരുക്കുന്ന മ്യൂസിയത്തിലുണ്ടാവുക.
ബ്രിട്ടീഷുകാർ 1840ൽ നിലമ്പൂരിൽ എത്തിയമുതലുള്ള വിവരങ്ങളാണ് മ്യൂസിയത്തിലുണ്ടാവുക. 1846-–50 കാലഘട്ടത്തിലാണ് അന്നത്തെ ഡിഎഫ്ഒ ആയിരുന്ന ഡൊണാൾഡ് മെക്ക്ക്യൂറി കുന്നിൻനെറുകയിൽ ഡിഎഫ്ഒ വസതി നിർമിച്ചത്. 1910ൽ പുതുക്കിപ്പണിതു. ടിപ്പുവിന്റെ പടയോട്ടകാലത്ത് ബ്രിട്ടീഷുകാർ നിരീക്ഷണ താവളമായി ഈ കുന്ന് ഉപയോ​ഗിച്ചിരുന്നു.

18 പതിറ്റാണ്ടിന്റെ ചരിത്രശേഷിപ്പുകൾ നിലമ്പൂർ നോർത്ത് വനം ഡിവിഷനിൽ നാല്‌ കലവറകളിൽ സൂക്ഷിക്കുന്നുണ്ട്. പല ഘട്ടങ്ങളിലായി മൂന്നെണ്ണം തുറന്നുപരിശോധിച്ചു. കണ്ടെത്തിയ രേഖകളിൽ മിക്കതും അമൂല്യങ്ങളാണ്. ബ്രിട്ടീഷുകാർ നട്ടുപിടിപ്പിച്ച തേക്ക് തോട്ടങ്ങളുടെ വർക്കിങ് പ്ലാൻ, റോഡ്, പാലങ്ങൾ, കെട്ടിടങ്ങൾ, കരുളായി – ഊട്ടി കുതിരപ്പാത ഉൾപ്പെടെയുള്ളവയുടെ രൂപരേഖ, എസ്റ്റിമേറ്റ്, ആനപിടിത്തം, പരിശീലനം, ലേലം എന്നിവയുടെ വിവരങ്ങൾ, മൃഗവേട്ടക്കാർക്കുള്ള അനുമതിപത്രം തുടങ്ങിയ ഒട്ടേറെ രേഖകൾ കണ്ടെത്തി. മലബാർ കലാപം ഉൾപ്പെടെയുള്ള പ്രധാന സംഭവങ്ങൾ പരാമർശിക്കുന്ന രേഖകളുമുണ്ട്. ഇവയെല്ലാം ചരിത്ര മ്യൂസിയത്തിലേക്ക് മാറ്റും.

വഴിക്കടവ് പുഞ്ചക്കൊല്ലിയിൽ പുഴയിൽ 1927 ഡിസംബർ 10ന് പിടിച്ച 9.5 പൗണ്ട് തൂക്കമുള്ള മലബാർ കാർപ് മത്സ്യത്തിന്റെ ചിത്രവും കണ്ടെത്തിയിട്ടുണ്ട്. അന്നത്തെ ഫോറസ്റ്റ് എൻജിനിയർ ജെ ഡി കനോലിയാണ് ചിത്രം വരച്ചത്. ബം​ഗ്ലാവ് സന്ദർശിക്കാൻ നൂറുകണക്കിന് പേർ ദിവസേന വരുന്നുണ്ട്.
മ്യൂസിയം യഥാർഥ്യമാകുന്നതോടെ വിനോദസഞ്ചാരരം​ഗത്ത് കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങും. മ്യൂസിയത്തോടുചേർന്ന് കുട്ടികളുടെ പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കും.