മസിനഗുഡി വഴി ഊട്ടിയിലേക്ക് വിട്ടോ, പക്ഷേ ഏപ്രില്‍ 30 വരെ പൈക്കരയിലേക്ക് പോകണ്ട….

ഊട്ടി: വേനല്‍ കടുക്കുകയും സ്കൂള്‍ അവധിയും ഒന്നിച്ച്‌ എത്തിയതോടെ ഏറ്റവും അടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കേ് പോകാനുള്ള തിരക്കിലാവും പലരും.സമൂഹ മാധ്യമങ്ങളില്‍ ട്രെൻഡിംഗ് ആയിരുന്ന മസിനഗുഡി വഴി ഊട്ടിയിലേക്ക് പോകാനും പദ്ധതിയിടുന്നവരും ഏറെയാണ്. ഇത്തരത്തില്‍ ഊട്ടിയിലെത്തിയാല്‍ ഏപ്രില്‍ 30 വരെ പൈക്കര തടാകത്തിലേക്കും ബോട്ട് ഹൈസിലേക്കും കയറാനാവില്ല.

ഊട്ടിയില്‍ നിന്നും ഏകദേശം 19 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പൈക്കര. ഇവിടുത്തെ തോഡ വിഭാഗത്തില്‍ പെട്ട ആളുകള്‍ ഏറെ വിശുദ്ധമായി കണക്കാക്കുന്ന പൈക്കര തടാകം കാടിനാല്‍ ചുറ്റപ്പെട്ട് കിടക്കുന്നതിനാല്‍ സഞ്ചാരികള്‍ക്ക് മനോഹരമായ അനുഭവമാണ് നല്‍കുന്നത്. വനംവകുപ്പിന്റെ സംരക്ഷണത്തിലുള്ള പൈക്കര തടാകത്തിലേക്കുള്ള റോഡിന്റെ അറ്റകുറ്റ പണികള്‍ പുരോഗമിക്കുന്നതാണ് വിനോദ സഞ്ചാരികളെ ഏപ്രില്‍ 30 വരെ വിലക്കാൻ കാരണമായിരിക്കുന്നത്.

പൈക്കര ബോട്ട് ഹൌസിലേക്കുള്ള റോഡിലാണ് അറ്റകുറ്റ പണികള്‍ പുരോഗമിക്കുന്നത്. വനംവകുപ്പിന്റെ നിയന്ത്രണത്തിലാണ് ഇവിടം. ഈ റോഡില്‍ കലുങ്ക് നിർമ്മാണമാണ് പുരോഗമിക്കുന്നത്. ബോട്ട് ഹൌസിലേക്കുള്ള റോഡിന് കേടുപാടുകള്‍ സംഭവിക്കുന്നത് കുറയ്ക്കാനായാണ് കലുങ്ക് നിർമ്മാണം. എങ്കിലും പൂർണമായി നിരാശപ്പെടേണ്ടി വരില്ലെന്ന് ഉറപ്പ് തരുന്നതാണ് അതിമനോഹരമായ ഭൂപ്രകൃതികള്‍ക്കും തേയിലത്തോട്ടങ്ങള്‍ക്കും സുഖകരമായ കാലാവസ്ഥയ്ക്കും പേരുകേട്ട ഊട്ടിയിലെ മറ്റ് കാഴ്ചകള്‍.

രണ്ടും മൂന്നും ദിവസം ചെലവിട്ട് കാണാനുള്ള കാഴ്ചകളാണ് ഊട്ടിയിലുള്ളത്. ബോട്ടാണിക്കല്‍ ഗാർഡൻ, ഊട്ടി ലേക്ക്, അവലാഞ്ചെ ലേക്ക്, മൌണ്ടൻ റെയില്‍വേ, സെന്റ് സ്റ്റീഫൻ ചർച്ച്‌, അപ്പർ ഭവാനി, ഒബ്സർവേറ്ററി, റോഡ് ഗാർഡൻ, ടൈഗർ ഹില്‍ എന്നിവയെല്ലാം സഞ്ചാരികള്‍ക്ക് മികച്ച അവധി ആഘോഷത്തിനുള്ള അവസരം നല്‍കുന്നുണ്ട്.