തിരൂരിൽ ട്രോമാ കെയർ ഒന്നാം ഘട്ട പരിശീലനം; എസ്.എസ്.എം. പോളിടെക്നിക്കിൽ
തിരൂർ: 7 ആഗസ്റ്റ് 2022 ഞായർ – രാവിലെ 10 മുതൽ വൈകീട്ട് 5 വരെ അപകട-ദുരന്ത മേഖലകളിൽ കഴിഞ്ഞ 17 വർഷക്കാലമായി സജീവ സാന്നിധ്യമായ മലപ്പുറം ജില്ലാ ട്രോമാകെയർ, എസ്എസ്എം പോളിടെക്‌നിക്ക് സഹകരണത്തോടെ, യുവാക്കൾക്കും പൊതുജനങ്ങൾക്കും ട്രോമാ കെയർ പരിശീലനത്തിനായി തിരൂർ പോളിടെക്‌നിക്ക് കാമ്പസ്സിൽ സ്ഥിരം പരിശീലന കേന്ദ്രം ഒരുക്കിയിട്ടുണ്ട്. 7 ആഗസ്റ്റ് 2022 ഞായറാഴ്ച, തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക്കിൽ പൊതു ജനങ്ങൾക്കായി ഒന്നാം ഘട്ട പരിശീലനം നടത്തുന്നു. 18 വയസ്സ് കഴിഞ്ഞ യുവതീ യുവാക്കൾക്ക് പങ്കെടുക്കാം. തിരൂർ താലൂക്കിൽ ട്രോമാ കെയർ പരിശീലന പരിപാടികൾ ഏകോപിപ്പിക്കുവാനും അവശ്യ ഘട്ടങ്ങളിൽ ഈ മേഖലയിൽ ട്രോമാ കെയർ സന്നദ്ധ പ്രവർത്തനം ശക്തിപ്പെടുത്താനും, ലീഡ്സ്, എസ്എസ്എം പോളിടെക്നിക്ക്, സ്നേഹതീരം വളണ്ടിയർ വിംഗ്, എൻഎസ്എസ്, എൻസിസി, എന്നിവ സംയുക്തമായി മലപ്പുറം ജില്ലാ ട്രോമാ കെയറിൻറെ നേതൃത്വത്തിൽ, തിരൂർ മേഖലയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
പൊതു സ്ഥലങ്ങളിലോ, സ്വന്തം വീട്ടിൽ തന്നെയോ ഹതഭാഗ്യരായവർ കൺമുമ്പിൽ കുഴഞ്ഞു വീഴുമ്പോൾ, തൊണ്ടയിൽ ഭക്ഷണം കുടുങ്ങി ശ്വാസം നിലച്ചു പോകുമ്പോൾ, ഇത്തരത്തിൽ ജീവൻ നിലച്ചു പോകുന്ന സന്ദർഭങ്ങളിൽ രക്ഷകരാവാനുള്ള കഴിവ് ഒരോരുത്തരിലും ഉണ്ടാക്കി എടുക്കുക എന്നതാണ് ട്രോമാകെയർ പരിശീലനത്തിൻറെ മുഖ്യ ലക്ഷ്യം.

സി.പി.ആർ. അഥവാ (കാർഡിയോ പൾമണറി റിസസിറ്റേഷൻ) എന്നാൽ എന്താണ്? സി.പി.ആർ. നൽകേണ്ടത് ആർക്ക്? എപ്പോൾ?എങ്ങനെ?, അതു പോലെ നട്ടെല്ലിന് പരിക്ക് പറ്റിയാൽ, രക്തസ്രാവം, ശരീരഭാഗങ്ങൾ മുറിഞ്ഞു പോയാൽ, പാമ്പു കടിയേറ്റാൽ, പേവിഷബാധയുള്ള ജീവികളുടെ കടിയേറ്റാൽ, വിഷം അകത്ത് ചെന്നാൽ, ഇലക്ട്രിക് ഷോക്കേറ്റാൽ, ഇടിമിന്നൽ, പൊള്ളൽ, തുടങ്ങി നിത്യേന ഉണ്ടാവുന്ന അപകടങ്ങളിൽ നല്കേണ്ട ശാസത്രീയ പ്രഥമ ശുശ്രൂഷ, അതോടൊപ്പം റോഡ് സുരക്ഷ, എന്നിവയാണ് ഒന്നാംഘട്ട പരിശീലനം. ട്രോമാകെയർ ഒന്നാംഘട്ട പരിശീലനം വിഷയം: റോഡ് സുരക്ഷ, ശാസത്രീയ പ്രഥമ ശുശ്രൂഷ 7 ആഗസ്റ്റ് ഞായറാഴ്ച, രാവിലെ 10 മുതൽ വൈകീട്ട് 5 വരെ വേദി: എസ്എസ്എം പോളിടെക്നിക്ക് കോളേജ് തിരൂർ വിശദവിവരങ്ങൾക്ക്: ഹെൽപ്ഡെസ്ക് – മലപ്പുറം ജില്ലാ ട്രോമാ കെയർ : 9048911100 ഹെൽപ് ഡെസ്ക് തിരൂർ : 9895064497, 9048707706, 9946222569