തിരൂര്‍ നഗരസഭ ഹരിത കര്‍മ്മ സേനക്ക്പ്രത്യേക പുരസ്‌കാരം



ഖരമാലിന്യ നിര്‍മാര്‍ജനത്തിലെ മാതൃക പ്രവര്‍ത്തനങ്ങള്‍ക്ക് തിരൂര്‍ നഗരസഭയിലെ ഹരിത കര്‍മ്മ സേനക്ക് ജില്ലാ ഏകോപന സമിതിയുടെ പ്രത്യേക പുരസ്‌കാരം. മലപ്പുറത്തു നടന്ന പരിപാടിയില്‍ കായിക – ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പുരസ്‌കാരം കൈമാറി.

29 ഹരിതകര്‍മ സേനാ അംഗങ്ങളാണ് നഗരസഭയിലുള്ളത്. പ്ലാസ്റ്റിക് മാലിന്യമടക്കമുള്ള ഖരമാലിന്യങ്ങളും പാഴ് വസ്തുക്കളും കൃത്യമായി ശേഖരിച്ച് സംസ്‌കരണ കേന്ദ്രത്തില്‍ എത്തിച്ചു വേര്‍തിരിച്ചതിന് ശേഷം ഗ്രീന്‍ വേര്‍മ്‌സ് എന്ന എജന്‍സിക്ക് കൈമാറുകയാണ് ഇവര്‍ ചെയ്യുന്നത്. വാര്‍ഡുകളില്‍ ബോധവല്‍ക്കരണമുള്‍പ്പടെ കാര്യങ്ങളും നടത്തുന്നുണ്ട്. മാതൃക പ്രവര്‍ത്തനം നടത്തി പുരസ്‌കാരം നേടിയ ഹരിത കര്‍മ്മ സേനാ അംഗങ്ങളെ നഗരസഭാ അധ്യക്ഷ എ.പി നസീമ, ഉപാധ്യക്ഷന്‍ പി. രാമന്‍കുട്ടി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഫാത്തിമത് സജ്ന എന്നിവര്‍ അഭിനന്ദിച്ചു.