ഭാര്യയുടെ പുറം കടിച്ചുമുറിച്ചു, തല ചുമരിൽ ഇടിപ്പിച്ചു; തിരൂർ പോലസ് സ്റ്റേഷനിലെ സി പി ഒ യുടേത് ക്രൂര പീഡനം

മലപ്പുറം: കൊണ്ടോട്ടിയിലെ പൊലീസുകാരനെതിരെ ഗാർഹിക പീഡനത്തിന് പരാതിയുമായി ഭാര്യ. യുവതി അതിക്രൂരമായ മർദ്ദനത്തിനാണ് ഇരയായത്. മലപ്പുറം തിരൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശൈലേഷിനെതിരെയാണ് ഭാര്യ രംഗത്തെത്തിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ശൈലേഷിനെ കഴിഞ്ഞദിവസം തന്നെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. ഇയാൾക്കെതിരെ ലഭിച്ചത് ക്രൂരമർദ്ദനത്തിനുള്ള പരാതി ആയതിനാൽ തുടരന്വേഷണം നടത്താൻ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

2014ലായിരുന്നു ഇവരുടെ വിവാഹം. ഒരു വർഷം പിന്നിട്ടതോടെ മർദനം തുടങ്ങിയിരുന്നെന്നാണ് യുവതിയുടെ പരാതി. തിരൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനാണ് മൊറയൂർ സ്വദേശി എൻ ശൈലേഷ്. ഇയാൾ ഭാര്യയുടെ പുറം കടിച്ചുമുറിക്കുകയും തല ചുമരിൽ ഇടിപ്പിക്കുകയും ചെയ്‌തെന്നും പരാതിയിലുണ്ട്.

യുവതിയുടെ കൈവിരലുകൾക്കും പൊട്ടലേറ്റിട്ടുണ്ട്. ഗാർഹിക പീഡനത്തിനാണ് കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മർദ്ദനത്തിൽ ദേഹമസകലം ചതവേറ്റ യുവതി ബോധരഹിതയായിരുന്നു. കുട്ടിയാണ് ഇത് ഫോൺ ചെയ്ത് യുവതിയുടെ വീട്ടിൽ അറിയിച്ചത്. അമ്മ വിളിച്ചിട്ടും എഴുന്നേൽക്കുന്നില്ലെന്ന് കുട്ടി പറഞ്ഞതിനനുസരിച്ച് വീട്ടുകാർ എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മഞ്ചേരി മെഡിക്കൽ കോളജിലാണ് ഇവർ ചികിത്സ തേടിയത്.

ശൈലേഷിനെതിരെ ജില്ലാ പൊലീസ് മേധാവിക്കാണ് യുവതി പരാതി നൽകിയത്. തുടർന്ന് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. മുമ്പും ഭർത്താവിൽ നിന്നു ക്രൂരമർദനം നേരിട്ടിരുന്നുവെന്നും യുവതി പറയുന്നുണ്ട്. അന്ന് പരാതി നൽകിയെങ്കിലും പിന്നീട് ഒത്തുതീർപ്പാക്കുകയായിരുന്നു. ഗാർഹിക പീഡനം, ആയുധം ഉപയോഗിച്ച് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ശൈലേഷിനെതിരെ കൊണ്ടോട്ടി പൊലീസ് കേസ് എടുത്തിരിക്കുന്നത്.