കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാന്‍ ‘കളിവീട്’ പദ്ധതിയുമായി ജില്ലാ ആരോഗ്യ വിഭാഗം

ജില്ലയിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസം പകരാന്‍ ആരോഗ്യ വകുപ്പ് ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കീഴില്‍ കളിവീട് പദ്ധതി ആരംഭിക്കുന്നു. കുട്ടികളുടെ മാനസിക ആരോഗ്യത്തിന് പ്രാധാന്യം നല്‍കി ഒരു മികച്ച തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പും ആരോഗ്യകേരളം മലപ്പുറവും സംയുക്തമായി ജില്ലാ മെന്റല്‍ ഹെല്‍ത്ത് യൂണിറ്റിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന പുതിയ പദ്ധതിയാണ് കളിവീട്. സ്വന്തം കഴിവുകള്‍ തിരിച്ചറിയുവാനും ദൈനംദിനജീവിതത്തിലെ പ്രശ്‌നങ്ങളെ ധൈര്യത്തോടെ നേരിടുവാനും അതുവഴി ഫലപ്രദമായ ഒരു സാമൂഹികജീവിതം നയിക്കുവാനുമുള്ള കഴിവിനെയാണ് മാനസികാരോഗ്യം എന്നുപറയുന്നത്. ആഗോളതലത്തില്‍ എടുത്താല്‍ ഏകദേശം പകുതിയോളം മാനസിക രോഗങ്ങള്‍ ആരംഭിക്കുന്നത് 14 വയസിന് മുന്‍പാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഈ പ്രായത്തില്‍ കുഞ്ഞുങ്ങളില്‍ കാണുന്ന മാനസിക ബുദ്ധിമുട്ടുകള്‍ മനസിലാക്കി പരിഹാരം കണ്ടെത്താനും അവര്‍ക്ക് കൃത്യമായ മാര്‍ഗ നിര്‍ദേശം നല്‍കാനും കളിവീട് പദ്ധതിയിലൂടെ സാധിക്കും. മാനസികാരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചുള്ള അജ്ഞതയും ചികിത്സാ രീതികളെ കുറിച്ചുളള തെറ്റിധാരണകളും കുഞ്ഞുങ്ങള്‍ക്കും കൗമാരക്കാര്‍ക്കും ആവശ്യമായ ചികിത്സാ സഹായം ലഭ്യമാക്കുന്നതിന് വലിയ തടസം സൃഷ്ടിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ കളിവീട് പദ്ധതി കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു.