മംഗളുരു കേസ്; മുഖ്യപ്രതി മുഹമ്മദ് ഷരീഖ് ആലുവയിൽ താമസിച്ചതായി സ്ഥിരീകരണം

മംഗളുരു കേസ് മുഖ്യപ്രതി മുഹമ്മദ് ഷരീഖ് ആലുവയിൽ താമസിച്ചതായി സ്ഥിരീകരണം. അഞ്ച് ദിവസമാണ് ഇയാൾ കേരളത്തിൽ തങ്ങിയത്. ഇയാൾ സന്ദർശിച്ച വ്യക്തികളുടെ വിശദാംശങ്ങൾ എടിഎസ് ശേഖരിച്ചു.

ഇക്കഴിഞ്ഞ സെപ്തംബർ 13 മുതൽ 18 വരെ അഞ്ച് ദിവസമാണ് ഷാരിഖ് എറണാകുളം ആലുവയിൽ തങ്ങിയത്. ആലുവയിലെ ഒരു ലോഡ്ജിൽ താമസിച്ച ഇയാൾ സന്ദർശിച്ച വ്യക്തികളുടെ വിശദാംശങ്ങൾ അഠട ശേഖരിച്ചു. ഷാരിഖിന്റെ സന്ദർശനോദ്ദേശ്യം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. മംഗളുരു സ്‌ഫോടനത്തിന് ഇയാൾക്ക് സഹായം ലഭിച്ചിരുന്നോയെന്ന് പരിശോധിക്കും.

 

അതേസമയം മംഗളുരു, കോയമ്പത്തൂർ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽ സുരക്ഷാ ഏജൻസികൾ യോഗം ചേർന്നു. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ റോ മുതൽ സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച് വരെയുള്ള ഏജൻസികളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. കോയമ്പത്തൂർ, മംഗലാപുരം സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ചാണ് പ്രധാനമായും ചർച്ച നടന്നത്.