ഇത്തവണ കലോത്സവ വേദികൾ വിരൽ തുമ്പിൽ; ലൊക്കേഷൻ ബാർകോഡ് സംവിധാനമൊരുക്കി സംഘാടക സമിതി
തിരൂരില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ വേദികള്‍ ഒറ്റ ക്ലിക്കില്‍. 16 വേദികളുടെയും ലൊക്കേഷന്‍ ഉള്‍പ്പെടുന്ന ബാര്‍കോഡ് സംഘാടക സമിതിക്കു വേണ്ടി സ്റ്റേജ് ആന്റ് പന്തല്‍ കമ്മിറ്റിയാണ് തയ്യാറാക്കിയത്.
പല കേന്ദ്രങ്ങളിലായുള്ള വേദികളിലേക്ക് എത്തിപ്പെടുക സാധാരണ കലോത്സവ നഗരികളിലെ തലവേദന നിറഞ്ഞ വിഷയമാണ്. വേദികള്‍ എവിടെയെല്ലാമെന്ന് കണ്ടെത്തലും അവിടങ്ങളില്‍ എത്തിപ്പെടലും എക്കാലത്തും കീറാമുട്ടിയാണ്. എന്നാല്‍ ഇത്തവണ ചരിത്രം മാറുകയാണ്. കലോത്സവ വേദികള്‍ എങ്ങിനെ കണ്ടെത്തുമെന്ന് ഓര്‍ത്ത് ഇത്തവണ ആരും ടെന്‍ഷനടിക്കേണ്ട. എല്ലാം വിരല്‍ത്തുമ്പില്‍ ലഭിക്കും. പി.ഡി.എഫ് രൂപത്തില്‍ തയാറാക്കിയ ബാര്‍കോഡ്, മൊബൈല്‍ ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്താല്‍ വേദിയിലേക്കുള്ള റൂട്ട്, എളുപ്പത്തില്‍ എത്താവുന്ന മാര്‍ഗം, യാത്രാ സമയം, ട്രാഫിക് തിരക്കുകള്‍ എല്ലാം ലഭ്യമാകും. ഇതര ഉപജില്ലകളില്‍ നിന്നെത്തുന്ന കലാപ്രതിഭകള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും കലാ പ്രേമികള്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്നതാണ് ഈ സംവിധാനം. ബാര്‍ കോഡ് പ്രകാശനം സ്റ്റേജ് ആന്റ് പന്തല്‍ കമ്മറ്റി ചെയര്‍മാന്‍ കൂടിയായ നഗരസഭാ വൈസ് ചെയര്‍മാന്‍ രാമന്‍കുട്ടി പാങ്ങാട്ട്, ഡി.ഡി.ഇ. കെ.പി.രമേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. കെ.എല്‍ ഷാജു, സി.പി. മോഹനന്‍, യാസര്‍ പൊട്ടച്ചോല, ഹൈദ്രോസ് മാസ്റ്റര്‍, കെ. പ്രദീപ് കുമാര്‍, പി. സുരേന്ദ്രന്‍, പി. അബ്ദുള്‍ ഷുക്കൂര്‍, രഞ്ജിത്ത് അടാട്ട്, കെ.പി. നസീബ്, യാസിര്‍ പയ്യോളി, അഡ്വ. സബീന, നൗഷാദ് പരന്നേക്കാട്, രാജീവ്, നൗഫല്‍ മേച്ചേരി, നാസര്‍ പൊറുക്കര എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.