ജില്ലാ കലോത്സവത്തിന് തിരശ്ശീല; മലപ്പുറം ഉപജില്ല ജേതാക്കൾ ;  സ്കൂൾ തല കിരീടം മേലാറ്റൂർ ആർ.എം.എച്ച്.എസ്.എസിന്

കലോത്സവങ്ങളിൽ ജയത്തിനുമപ്പുറം പങ്കാളിത്തത്തിന് പ്രാധാന്യം നൽകണം -മന്ത്രി വി. അബ്ദുറഹിമാൻ

തിരൂര്‍:  അഞ്ച് നാൾ തുഞ്ചൻ്റെ മണ്ണിൽ നടന്ന കലാവിസ്മയങ്ങൾക്ക് തിരശ്ശീല. കലയുടെ അഴക് വിടർത്തിയ  33ാമത് മലപ്പുറം ജില്ലാ സ്കൂള്‍ കലോത്സവം തിരൂരിൻ്റെ കലാചരിത്രത്തിലെ പൊൻ തൂവലായി. 16 വേദികളിലായി അഞ്ച് ദിനങ്ങളിൽ നടന്ന കൗമാര കലോത്സവത്തിൽ 17 ഉപജില്ലകൾ മാറ്റുരച്ചു.  മലപ്പുറം ഉപജില്ല 793  പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻമാരായി. മങ്കട – 782 , കൊണ്ടോട്ടി – 767 പോയിന്റുകളുമായി രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സ്കൂൾ തല കിരീടം 230 പോയിൻ്റ് നേടി ആർ.എം.എച്ച്.എസ്.എസ് മേലാറ്റൂർ സ്വന്തമാക്കി.

സമാപന സമ്മേളനം കായിക ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്തു.  വിജയങ്ങൾ നിശ്ചയിക്കുന്നതിലല്ല കലോത്സവത്തിൻ്റെ മാനദണ്ഡമെന്നും പ്രകടിപ്പിക്കാനുള്ള അവസരമാണ് വലുതെന്നും മന്ത്രി പറഞ്ഞു. മുപ്പത് വർഷം മുമ്പ് ഇതേ സ്കൂളിൽ കലോത്സവത്തിൽ നടകത്തിന് സമ്മാനം വാങ്ങിയ സന്തോഷ നിമിഷം പങ്കുവെച്ചായിരുന്നു മന്ത്രി ഉദ്ഘാന പ്രസംഗം അവസാനിപ്പിച്ചത്.

വിജയികൾക്കുള്ള സമ്മാനദാനം മന്ത്രി വി.അബ്ദു റഹ്മാൻ, എം എൽ എ കുറുക്കോളി മൊയ്തീൻ തുടങ്ങിയവർ നിർവഹിച്ചു. ചടങ്ങിൽ എം എൽ എ കുറുക്കോളി മൊയ്തീൻ അധ്യക്ഷത വഹിച്ചു. ഡി ഡി കെ.പി രമേഷ് കുമാർ, നഗരസഭാ അധ്യക്ഷ എ.പി നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി സൈനുദ്ദീൻ, വി കെ എം ഷാഫി, പി.രാമൻകുട്ടി,അഡ്വ.ഗിരീഷ്, പി.എ ഗോപാലകൃഷ്ണൻ,ഐ പി ഷാജിറ തുടങ്ങിയവർ സംസാരിച്ചു.

ഇന്നലെ വേദി ഒന്നില്‍ യുപി വിഭാഗം കുച്ചുപ്പുടി മത്സരവും വേദി രണ്ടിൽ തിരുവാതിരയും വേദി നാലിൽ സംഘ നിർത്തവും വീക്ഷിക്കാന്‍ വൻ ജനാവലി തന്നെ തടിച്ചുകൂടി.

മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസ് 226 , സി എച്ച് എം എച്ച് എസ് പൂക്കളത്തൂർ 218 പോയിൻ്റ് നേടി സ്കൂൾ തല രണ്ട് മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
യുപി വിഭാഗം കലോത്സവത്തിൽ 154 പോയിൻ്റ് നേടി കുറ്റിപ്പുറം ഉപജില്ല ഒന്നാമതെത്തി. മറ്റു കലോത്സവങ്ങളിൽ  ഹൈസ്കൂൾ കൊണ്ടോട്ടി 321, ഹയര്‍സെക്കണ്ടറി മങ്കട 363, യു.പി സംസ്‌കൃതം വണ്ടൂർ 90, ഹൈസ്‌കൂള്‍ സംസ്‌കൃതം പരപ്പനങ്ങാടി 93,  യു.പി അറബിക്ക് കിഴിശേരി 65, ഹൈസ്‌കൂള്‍ അറബിക്ക് കൊണ്ടോട്ടി 93   ഉപജില്ലകള്‍ മുന്നിലെത്തി.