കാർ കത്തി മാധ്യമപ്രവർത്തകന് ദാരുണാന്ത്യം

 

കൊല്ലത്ത് കാർ കത്തി പ്രാദേശിക മാധ്യമപ്രവർത്തകൻ മരിച്ചു. ചാത്തന്നൂർ തിരുമുക്ക് – പരവൂർ റോഡിൽ വെച്ച് ഇന്ന് വൈകിട്ട് 4.30 ഓടെയാണ് അപകടമുണ്ടായത്. കേരളകൗമുദി പത്രത്തിന്റെ ചാത്തന്നൂർ ലേഖകനും തിരക്കഥാകൃത്തും ഗാനരചയിതാവുമായ വേളമാനൂർ ഉമ മന്ദിരത്തിൽ സുധി വേളമാനൂരാണ് (45) മരിച്ചത്. സുധി ഇപ്പോൾ താമസിച്ചുകൊണ്ടിരുന്ന മീനാട് പാലമൂട്ടിലെ വീടിന് തൊട്ടടുത്തുവെച്ചാണ് കാർ കത്തിയത്. റോഡുവക്കിൽ പാർക്ക് ചെയ്തിരുന്ന കാറിൽ കയറിയതിന് പിന്നാലെയായിരുന്നു തീപിടിത്തം. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

കാറിൽ നിന്ന് പൊട്ടിത്തെറി ശബ്ദമുണ്ടായതിന് പിന്നാലെ അതുവഴി വന്ന വാഹനയാത്രക്കാരൻ കാറിന്റെ പിൻഭാഗത്തെ ഗ്ലാസ് അടിച്ചുതകർത്തെങ്കിലും തീ ആളിപ്പടർന്നിരുന്നു. തൊട്ടടുത്തുള്ള സ്ഥാപനത്തിലെ ജീവനക്കാർ സുധി ഇരുന്ന ഡ്രൈവർ സീറ്റിന്റെ വാതിൽ ബലം പ്രയോഗിച്ച് തുറന്നെങ്കിലും ശരീരത്തിൽ തീ ആളിപ്പിടിച്ചിരുന്നതിനാലും സീറ്റ് ബെൽറ്റും ധരിച്ചിരുന്നതിനാലും പുറത്തെടുക്കാനായില്ല. വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് പരവൂരിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തിയാണ് തീ കെടുത്തിയത്. അപ്പോഴേയ്ക്കും ഇദ്ദേഹം മരിച്ചിരുന്നു.

 

പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. നിരവധി ടെലിഫിലിമുകൾക്ക് തിരക്കഥയും ചലച്ചിത്രങ്ങൾക്കും ആൽബങ്ങൾക്കും വേണ്ടി ഗാനങ്ങളും എഴുതിയിട്ടുണ്ട്. പരേതനായ കെ.പി. സുകുമാരന്റെയും സുശീലദേവിയുടെയും മകനാണ്. സഹോദരങ്ങൾ: സുനിത, സുലത, സുനിൽകുമാർ, സുനീഷ്, സുജ. ചാത്തന്നൂർ എ.സി.പി ഗോപകുമാറിന്റെ നേതൃത്വത്തിൽ പൊലീസും ഫോറൻസിക് സംഘവുമെത്തി തെളിവുകൾ ശേഖരിച്ചു.