പുതുവർഷ ആഘോഷത്തിനിടെ സ്കൂട്ടർ യാത്രക്കാരിയെ കാറിടിച്ച് വീഴ്ത്തി 4 കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു; അഞ്ച് പേർ പിടിയിൽ

 

ഡൽഹിയിൽ പുതുവർഷ ആഘോഷത്തിനിടെ സ്‌കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം. അമൻ വിഹാർ നിവാസിയായ യുവതിയാണ് മരിച്ചത്. യുവതിയുടെ സ്‌കൂട്ടറിൽ കാർ ഇടിക്കുകയായായിരുന്നു. കാർ ഇടിച്ച് വീഴ്ത്തിയ 20 കാരിയെ കിലോമീറ്ററുകളോളം വലിച്ചിഴച്ചു. ഡൽഹി സുൽത്താൻപുരിയിലാണ് ദാരുണ സംഭവം നടന്നത്.

 

സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന 5 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ വിഷയത്തിൽ ഇടപെട്ടു. പെൺകുട്ടി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നുവെന്ന് ഡിസിപി ഹരേന്ദ്ര സിംഗ് അറിയിച്ചു. യുവതിയുടെ വസ്ത്രം കാറിനടിയിൽ കുടുങ്ങിപ്പോയതിനെ തുടർന്ന് 4 കിലോമീറ്ററോളം യുവതിയെ റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കഞ്ജ്‌വാല പ്രദേശത്ത് നിന്ന് നിരവധി പേർ പൊലീസിനെ ഫോൺ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.

 

വഴിയരികിൽ നഗ്നയായി കിടക്കുന്ന തരത്തിലാണ് യുവതിയെ കണ്ടെത്തിയത്. വസ്ത്രമെല്ലാം റോഡിൽ ഉരഞ്ഞ് കീറിപ്പറിഞ്ഞ് നഷ്ടമായ അവസ്ഥയിലായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തിയാണ് യുവതിയുടെ മൃതദേഹം റോഡിൽ നിന്ന് മാറ്റിയത്. കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സുൽത്താൻപൂരിൽ നിന്ന് കൻസവാല പ്രദേശത്തേക്കുള്ള 4 കിലോമീറ്ററോളമാണ് പെൺകുട്ടിയെ കാറിൽ വലിച്ചിഴച്ചത്. ഇതിനിടെയാണ് പെൺകുട്ടിയുടെ വസ്ത്രങ്ങൾ കീറുകയും പരുക്കുകൾ സംഭവിക്കുകയും ചെയ്തത്.

 

പ്രതികൾ സഞ്ചരിച്ചിരുന്ന കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിലുണ്ടായിരുന്നവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഇവർ മദ്യലഹരിയിലായിരുന്നോ എന്നറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.