വേനല്‍കാല രോഗങ്ങളില്‍ നിന്നും മുക്തിനേടാന്‍ മുന്‍കരുതലും പ്രതിവിധിയും

തലക്കാട്  ഗവ.ഫാമിലി ഹെല്‍ത്ത് സെന്റര്‍, മെഡിക്കല്‍ ഓഫീസര്‍ ,ഡോ.പ്രസന്നകുമാര്‍ വളവത്ത് എഴുതുന്നു

ഇത്തവണ പതിവിലും കൂടുതലായി വേനല്‍ കനക്കുമെന്ന ആശങ്കയിലാണ് നമ്മുടെ നാട്. ഈ സമയത്ത് അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ധിക്കുക മാത്രമല്ല, ഒരുകൂട്ടം വേനല്‍ കാല രോഗങ്ങളെയും നമ്മള്‍ കരുതിയിരിക്കണം. വരും മാസങ്ങളിലെ കടുത്ത വേനല്‍ക്കാലമെന്നത് കുട്ടികളുടെ അവധിക്കാലം കൂടിയാണ്. ഇത് രക്ഷിതാക്കളുടെ ആശങ്ക കൂട്ടുന്ന സംഗതി കൂടിയാണ്. വരള്‍ച്ചയും ശുദ്ധജലക്ഷാമവും ഒപ്പം ഒരുപാട് പകര്‍ച്ചാ ശീലങ്ങളുള്ള രോഗങ്ങളെയും നമ്മള്‍ പ്രതീക്ഷിക്കണം.

ജീവിതശൈലിയിലെ ആരോഗ്യകരമായ ചില കണിശതകള്‍ ചിട്ടയായി പാലിക്കപ്പെടേണ്ട ഒരു കാലം കൂടിയാണ് ഈ വേനല്‍ കാലം. ശീലങ്ങളിലെ രീതിയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുകയും വൃത്തി ഹീനമായ പരിസരങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയുമാണ് ആദ്യം വേണ്ടത്. ഇതോടൊപ്പം തിളപ്പിച്ചാറ്റിയ വെള്ളം സ്ഥിരമായി കുടിക്കുകയും ചെയ്യുക. പകര്‍ച്ചവ്യാധി രോഗങ്ങളാണ് വേനല്‍ക്കാല രോഗങ്ങളില്‍ പ്രധാനം. ഹെപ്പറ്റൈറ്റിസ് എ, ഇ മഞ്ഞപ്പിത്തമാണ് ഇതില്‍ ഏറെ പ്രധാനം. തളര്‍ച്ച, ക്ഷീണം, പനി, ഛര്‍ദ്ദി, മൂത്രത്തില്‍ മഞ്ഞ നിറം, കണ്ണില്‍ മഞ്ഞ നിറം എന്നിവയാണ് ഇതിന്റെ പ്രധാന രോഗ ലക്ഷണങ്ങള്‍. ജലത്തിലൂടെയും മലിനമാക്കപ്പെട്ട ഭക്ഷണ പദാര്‍ത്ഥങ്ങളിലൂടെയുമാണ് ഈ രോഗം പകരുന്നത്. മഞ്ഞപ്പിത്തം ബാധിച്ചാല്‍ ചികിത്സയോടൊപ്പം കാര്യമായി ശ്രദ്ധിക്കേണ്ടത് സമ്പൂര്‍ണ്ണമായ വിശ്രമം, ആവശ്യത്തിന് ജലാംശം കൂടുതലുള്ള ഭക്ഷണങ്ങള്‍, ഒപ്പം ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള മറ്റുള്ള കാര്യങ്ങളും. കരളിനെ ബാധിക്കുന്ന പ്രധാന രോഗം കൂടിയാണ് മഞ്ഞപ്പിത്തം. മറ്റൊരു വേനല്‍കാല രോഗമാണ് ചെങ്കണ്ണ്. വളരെ പെട്ടെന്ന് പകര്‍ച്ച കാണിക്കുന്ന ഒരു അസുഖമാണ് ചെങ്കണ്ണ്. ഏതാണ്ട് എല്ലാം വൈറല്‍ രോഗത്തില്‍ പെട്ടതാണ്. മറ്റൊരു പ്രധാനപ്പെട്ട വേനല്‍കാല രോഗമാണ് ടൈഫോയ്ഡ്. പനി, തലവേദന,ഛര്‍ദി, ക്ഷീണം, വയറുവേദന ഇവയെല്ലാം ആണ് ലക്ഷണങ്ങള്‍. കൃത്യമായ രോഗ നിര്‍ണ്ണയവും ചികിത്സയും ആവശ്യമായ രോഗം. അല്‍പം ഗുരുതരമാകുന്ന അവസ്ഥയിലേക്ക് പോകുന്ന രോഗം കൂടിയാണ് ടൈഫോയ്ഡ്. രക്തപരിശോധനയും ചികിത്സയും നിര്‍ബന്ധമായും ചെയ്യേണ്ട രോഗമാണിത്. മറ്റൊരു രോഗം ചിക്കന്‍ പോക്‌സാണ്. വീട്ടില്‍ ഒരാള്‍ക്കുണ്ടായാല്‍ മറ്റുള്ളവര്‍ക്കും പകരാന്‍ സാധ്യതയുള്ള രോഗമാണിത്. ഈ രോഗവും നിസ്സാരമായി കാണാന്‍ പാടില്ല. അപൂര്‍വമായെങ്കിലും ന്യൂമോണിയ, തലച്ചോറിലെ പഴുപ്പ് എന്നീ അസുഖങ്ങളിലേക്ക് മാറാന്‍ സാധ്യതയുണ്ട്. ഈ രോഗങ്ങള്‍ക്കെല്ലാം ഒരു ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ചികിത്സ നടത്തേണ്ടതാണ്.

വളരെ ഗൗരവമേറിയ ഒരു അസുഖം തന്നെയാണ് സൂര്യാഘാതം. അമിതമായ ജലനഷ്ടവും ശരീര ഊഷ്മാവുന്റെ വര്‍ധനയും ആന്തരിക അവയവങ്ങളെ ബാധിക്കുകയും ജീവന് തന്നെ ഭീഷണി ആകാവുന്ന അവസ്ഥയിലേക്ക് പോയെന്നും വരാം. 11 മുതല്‍ 3 മണി വരെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യാതിരിക്കുക പ്രധാന മുന്‍കരുതലാണ്. ചൊറിച്ചില്‍ തൊലിപ്പുറത്തുണ്ടാകുന്ന പൊളളലുകള്‍ എന്നിവയും വേനല്‍ക്കാലത്തു കൂടുതലായി കാണുന്ന രോഗങ്ങള്‍ തന്നെ ആണ്. ശ്രദ്ധിച്ചില്ലെങ്കില്‍ വളരെ ഗുരുതരവും മരണം വരെ സംഭവിക്കാവുന്നതുമായ രോഗം തന്നെയാണ് സൂര്യാഘാതം. തലവേദന, ഛര്‍ദ്ദി , ദേഹത്ത് പൊള്ളലേല്‍ക്കല്‍, സ്വഭാവത്തില്‍ വ്യത്യാസം, തളര്‍ച്ച, ബോധക്ഷയം ഇതൊക്കെയാണ് ലക്ഷണങ്ങള്‍. അടിയന്തിരമായി ചികിത്സ തേടേണ്ട സാഹചര്യമാണ് സൂര്യാഘാതമെന്നത്. വളരെ പെട്ടെന്ന് തണുപ്പുള്ള സ്ഥലത്തേക്ക് ആളെ മാറ്റുക, ശരീരത്തില്‍ നിന്ന് ഇറുകിയ വസ്ത്രങ്ങളെല്ലാം മാറ്റുക, തണുത്ത വെള്ളത്തില്‍ ശരീരം കഴുകുക, നന്നായി വെള്ളം കുടിക്കുക എന്നിവയാണ് ചെയ്യേണ്ടത്. ജലാംശം നഷ്ടപ്പെട്ട് ആന്തരീകാവയവങ്ങളെ ബാധിച്ച് കിഡ്‌നി തകരാറാകുന്നതോടെ പെട്ടെന്ന് അബോധാവസ്ഥയിലേക്കും മരണത്തിലേക്കും പോവാന്‍ സാധ്യതയുള്ള വളരെ ഗൗരവമായ സ്ഥിതിയാണ് സൂര്യാതാപം. അമിതമായ സൂര്യപ്രകാശമുള്ള സമയത്ത് ഓപ്പണായി ജോലി ചെയ്യാതിരിക്കുക. കഴിയുന്നതും ഈ സമയങ്ങളില്‍ പുറത്തിറങ്ങുമ്പോല്‍ സണ്‍ സ്‌ക്രീന്‍ ലോഷന്‍ പുരട്ടുക. വളരെ ലൂസായ കോട്ടണ്‍ ഡ്രസ്സുകള്‍, സണ്‍ ഗ്ലാസ്, കുട എന്നിവ ഉപയോഗിക്കുക, നന്നായി വെള്ളം കുടിക്കല്‍ എന്നിവയാണ് നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടത്. പ്രത്യേകിച്ചും ഈ വേനല്‍ കാലത്ത്. സൂര്യഘാതമേറ്റാല്‍ വളരെ പെട്ടെന്ന് തണുപ്പുള്ള സ്ഥലത്തേക്ക് ആളെ മാറ്റുക. ശരീരത്തില്‍ നിന്ന് ഇറുകിയ വസ്ത്രങ്ങളെല്ലാം മാറ്റുക,തണുത്ത വെള്ളത്തില്‍ ശരീരം കഴുകുക, നന്നായി വെള്ളം കുടിക്കുക എന്നിവയാണ് ചെയ്യേണ്ടത്.

കോളറയും മറ്റു വയറിളക്ക രോഗങ്ങളും ഈ വേനല്‍ കാലത്ത് കണ്ടു വരുന്ന രോഗങ്ങളില്‍ പെട്ടതാണ്. വായയിലൂടെയുള്ള പാനീയങ്ങള്‍ നല്‍കുകയും വിശ്രമിക്കുകയുമാണ് ആദ്യം വേണ്ടത്. മാറ്റമില്ലെങ്കില്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടണം.

ഇതുകൂടാതെ സാധാരണ കണ്ടുവരുന്ന മറ്റു വേനല്‍കാലരോഗങ്ങള്‍ ഭക്ഷ്യ വിഷബാധ, വൈറല്‍ പനി, അഞ്ചാംപനി, മുണ്ടിനീര് തുടങ്ങിയവയാണ്. ത്വക്കു രോഗങ്ങള്‍, യു.വി രസ്മികള്‍ കാരണം ഉണ്ടാവുന്ന ചുവന്നു തടിക്കല്‍, ചൊറിച്ചില്‍, പൊള്ളാലുകള്‍

ഏതാണ്ടെല്ലാ വേനല്‍ക്കാല രോഗങ്ങളും കൂടുതലായി ബാധിക്കുന്നത് കുട്ടികളെയാണ്. അക്കാര്യം വളരെ ജാഗ്രതയോടെ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

വ്യക്തി ശുചിത്വം, പരിസര ശുചിത്വം, വെയിലില്‍നിന്നും രക്ഷ നേടല്‍, ഇഷ്ടംപോലെ വെള്ളം കുടിക്കല്‍, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കല്‍, ഭക്ഷണപഥാര്‍ത്ഥങ്ങള്‍ മലിനമാവാതെ നോക്കല്‍, അടച്ചുവെച്ചു ഉപയോഗിക്കുന്നതിലെ ശ്രദ്ധ, ധരാളം പഴവര്ഗങ്ങള്‍ കഴിക്കല്‍, കൃത്രിമ നിറം ചേര്‍ത്ത പാനീയങ്ങള്‍ വര്‍ജിക്കല്‍, സ്‌കിന്‍ കെയര്‍, സണ്‍സ്‌ക്രീന്‍ ലേഷന്‍ ഉപയോഗം, സണ്‍ഗ്ലാസുകള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കല്‍, സൂര്യതാപം ഏല്‍ക്കാതെ നോക്കല്‍, മോര്, തൈര് ധരാളം കുടിക്കല്‍ ഏറ്റവും പ്രധാനം ഒരു ഡോക്ടറുടെ ഉപദേശം തേടുക, നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക

എന്നിവയൊക്കെയാണ് ഈ വേനല്‍കാലത്ത് പ്രധാനമായും പാലിക്കേണ്ട കാര്യങ്ങള്‍. ഭയപ്പെടേണ്ട അവസ്ഥയൊന്നുമില്ല. മുന്‍കരുതലെടുത്തു കഴിഞ്ഞാല്‍ ഇതില്‍ നിന്നും രക്ഷനേടാവുന്നതാണ്. അന്തരീക്ഷ ഊഷ്മാവിന്റെ വര്‍ദ്ധനയോടൊപ്പം വേനല്‍കാല രോഗങ്ങളുടെ വര്‍ദ്ധനയും നമ്മള്‍ പ്രതീക്ഷിക്കണം, ഒപ്പം ജാഗ്രതയും. മേല്‍പ്പറഞ്ഞ ഏതൊരു സാഹചര്യത്തിലും ഒരു ഡോക്ടറുടെ ഉപദേശ നിര്‍ദേശ പ്രകാരമുള്ള ചികിത്സ തേടുക എന്നുള്ളത് ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണ്. അല്‍പം ജാഗ്രതയോടെ ഈ വേനലിനെ സമീപിച്ചാല്‍ വലിയ പരിക്കുകള്‍ ഒന്നും ഏല്‍ക്കാതെ വരുന്ന വര്‍ഷത്തെയും നമുക്ക് സ്വാഗതം ചെയ്യാം. ഇവിടെയും ഭയമല്ല ജാഗ്രതയും കരുതലും തന്നെയാണ് വേണ്ടത്.