ബാങ്കുകാരുടെ വേഷത്തിലെത്തുന്ന ക്രിമിനലുകള്‍: വാസുകിയുടെ അനുഭവക്കുറിപ്പ് – ഒന്നാം ഭാഗം

 

എഴുത്ത്കാരിയും നുഷ്യാവകാശ പ്രവര്‍ത്തകയുമായ വാസുകിയുടെ അനുഭവക്കുറിപ്പുകള്‍ ഇന്ന് (23‌ – 03 -23) മുതല്‍ സിറ്റി സ്‌കാനിലൂടെ വായിക്കാം.

ഞാന്‍ വാസുകി. ഇത് ഒരു യാത്രയാണ്. ചിലത് കണ്ടെത്താനുള്ള യാത്രകള്‍. ഇപ്പോല്‍ ഞാന്‍ എത്തി നില്‍ക്കുന്നത് ഭാഷാ പിതാവായ തുഞ്ചത്തെഴുത്തഛന്റെ നാട്ടിലും. ഇവിടെ എന്ത് കണ്ടെത്താന്‍ എന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. കാണുന്ന കാഴ്ചകളില്‍ എല്ലാം പിന്നാമ്പുറ കഥകളുണ്ട്. ആ കഥകള്‍, ആ അനുഭവങ്ങള്‍ അത് എന്നിലൂടെ നിങ്ങളില്‍ എത്തിക്കുന്നതാണ് ഇപ്പോള്‍ എന്റെ നിയോഗം. അതിന് വഴിയായത് നേരിട്ട് ജനങ്ങളിലേക്ക് എത്തുന്ന ഈ മാധ്യമവും.

തിരൂരില്‍ എത്തിയാല്‍ ആദ്യം പോവുക തുഞ്ചന്‍ പറമ്പിലേക്കാണ്. നഗരത്തിന്റെ ശബ്ദകോലാഹലങ്ങളില്‍ നിന്നും ചൂടില്‍ നിന്നും രക്ഷ നേടി കുറച്ചു നേരം സ്വസ്ഥമായി ഇരിക്കാനും അതിന്റെ കൂടെ കുറച്ചു ഫോണ്‍ കോളുകളും തീര്‍ക്കാനും വേണ്ടി അവിടെ പോയി. പഴമയുടെയും സംസ്‌കാരത്തിന്റെയും തനിമ അവിടെ നിലനില്‍ക്കുന്നുണ്ടെങ്കിലും കുറച്ചുകൂടി വികസനം അവിടെ ആവാമായിരുന്നു എന്നു കണ്ടപ്പോള്‍ തോന്നിയിരുന്നു. മുന്‍പത്തെ യാത്രകളില്‍ അത്ര വേഗം വികസനം നടക്കാത്ത ഒരു നഗരമായി എപ്പോഴും തിരൂരിനെ തോന്നിയിരുന്നു. എന്നാല്‍ ഇത്തവണ നഗരത്തില്‍ അങ്ങിങ്ങോളം മാറ്റത്തിന്റെ കൈയ്യൊപ്പ് കണ്ടു.

മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്നവരുടെ സ്ഥിരം സ്ഥലത്ത് നിന്ന് മാറി, എന്റെ ഫോണ്‍ വിളികള്‍ അവര്‍ക്ക് അരോചകരമാകരുതല്ലോ. കുറച്ചു കഴിഞ്ഞപ്പോള്‍ ഡയറക്ട് മാര്‍ക്കറ്റിംഗ് ടീമുകളെ കണ്ടു. ടീം ലീഡറും മറ്റും ചേര്‍ന്ന് ഒരാളെ വളഞ്ഞിട്ട് പിടിക്കുകയാണ.് അതില്‍ നിന്നെല്ലാം ഒഴിഞ്ഞ് ഒരു മരത്തിന്റെ കീഴെ വന്നിരുന്ന് എന്റെ പണിയായുധങ്ങളായ ഡയറിയും പേനയും എടുത്ത് എന്റെ ജോലികളില്‍ വ്യാപൃതായി. മനസു മുഴുവന്‍ അക്ഷരങ്ങളില്‍ സമര്‍പ്പിച്ച് എഴുതിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഒരു സ്ത്രീ ശബ്ദം ചെവിയില്‍ ഉടക്കിയത്. തിരിഞ്ഞൊന്ന് നോക്കിയപ്പോള്‍ പ്രായം 35 നോട് അടുത്ത ഒരു സ്ത്രീ ആരോടോ ഒരു ഫോണ്‍ ചെയ്യുന്നതാണ് കണ്ടത്. കുറച്ചകലെ മാറി 10 വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും ഉണ്ട്. നടന്ന് സംസാരിക്കുന്ന അമ്മയെ നോക്കി ഇരിക്കുകയാണ് ആ പെണ്‍കുട്ടി. മുഖത്ത് വല്ലാത്തൊരു ആകുലത ഉണ്ട്, അമ്മയുടെ ഫോണ്‍ വിളികള്‍ ശ്രദ്ധിച്ചിരിക്കുകയാണ് ആ കുട്ടി. കുട്ടിയുടെ മുഖഭാവം കണ്ടപ്പോള്‍ ഫോണ്‍ വിളി ശ്രദ്ധിക്കാന്‍ എനിക്കും തോന്നി. നടന്നു കൊണ്ടാണ് ആ സ്ത്രീ സംസാരിച്ചത് എങ്കിലും ശബ്ദം ഉയര്‍ന്ന് കേള്‍ക്കാമായിരുന്നു. അതില്‍ നിന്നും അവര്‍ ആരോടോ പണം ചോദിക്കുകയാണെന്നും തിരിച്ചു കൊടുക്കാനുള്ള അവധികള്‍ പറഞ്ഞ് അവരെ ബോധ്യപ്പെടുത്തുന്നതായും തോന്നി. ഓരോ വിളികളും കഴിഞ്ഞ് ആ സ്ത്രീ മകളുടെ അടുത്ത് പോയിരിക്കും മകളെ ആശ്വസിപ്പിക്കും. വീണ്ടും അടുത്ത വിളിക്കായി എഴുന്നേറ്റ് നടക്കും. എന്തായിരിക്കും അവരുടെ പ്രശ്‌നം? പണം എന്തിനായിരിക്കും? കളിച്ചു നടക്കേണ്ട പ്രായത്തില്‍ അമ്മയുടെ ആധി അതുപോലെ നെഞ്ചിലേറ്റി ഇരിക്കുന്ന ആ മകളെ നോക്കി ഞാന്‍ മെല്ലെ ചിരിച്ചു. വളരെ വേഗം തന്നെ ആ മകള്‍ തിരിച്ചു ചിരിച്ചു. പതിയെ എഴുന്നേറ്റ് ആ മകളുടെ അരികില്‍ പോയിരുന്നു. അപ്പോഴൊക്കെ മകളുടെ ശ്രദ്ധ അമ്മയില്‍ തന്നെയായിരുന്നു. കൈയിലുണ്ടായിരുന്ന വെള്ളക്കുപ്പി ഞാന്‍ അവള്‍ക്ക് നേരെ നീട്ടി. അപരിചിത ആിട്ട് പോലും അവര# അത് വാങ്ങിച്ചുകുടിച്ചു. അത്രക്കും ക്ഷീണിച്ചിരുന്നു അവര്‍. മകളെ ചേര്‍ത്ത് പിടിച്ച് അവര്‍ ഞാന്‍ ചോദിക്കാതെ തന്നെ സംസാരിച്ചു തുടങ്ങി. സഹകരണ ബാങ്കിലെ ലോണാണ് വിഷയം. അടവുകള്‍ മുടങ്ങിയതു കാരണം ബാങ്കിലും വിളികളും , അവരുടെ ആളുകളുടെ തിരഞ്ഞ് വരലുകളും കൊണ്ട് പൊറുതി മുട്ടിയിട്ടാണ് അവര്‍ പലരോടും പണം വായ്പ ചോദിക്കുന്നത്. എന്നാല്‍ വ്യക്തി വായ്പയോളം നല്ലത് ബാങ്ക് വായ്പയല്ലേന്നും ബാങ്കില്‍ പോയി സംസാരിച്ചാല്‍ തവണകളായി അടക്കാനുള്ള കാര്യം മാനേജര്‍ ചെയ്തു തരില്ലേ എന്നും ഉള്ള എന്റെ ചോദ്യത്തിന് അവര്‍ മറുപടി നല്‍കിയത് എന്നെ ഞെട്ടിച്ചു. കഴിഞ്ഞ മൂന്ന് മാസക്കാലമായി ബാങ്കില്‍ നിന്നും ബാങ്കിന്റെ ആളുകള്‍ എന്ന രീതിയില്‍ വീട്ടില്‍ വരുന്നു. അവരുടെ ഭീഷണികളും പരിഹാസങ്ങളും അപമാനിക്കപ്പെടലുകളും സഹിക്കാതെ കൈയില്‍ കിട്ടിയ സംഖ്യകള്‍ കൊണ്ടുപോയി അടച്ചിട്ടുണ്ട്. പക്ഷെ അതെല്ലാം പലിശയിലെ ഒരംശം പോലും ആയില്ല. വരുന്ന ആളുകളാവട്ടെ ഗുണ്ടാ സംഘം പോലെ ആണത്രെ. അവര്‍ കാരണം ഒരുപാട് അപമാനം നേരിടേണ്ടി വന്നപ്പോള്‍ പലതവണ ബാങ്കില്‍ പോയി പരാതിപ്പെട്ടിട്ടും കാര്യം ഉണ്ടായില്ല. ഒന്നിടവിട്ട ദിവസങ്ങളില്‍ എന്ന പോലെ വരവും വിളികളും തുടര്‍ന്നു. മാര്‍ച്ച് മാസം ആയതോടു കൂടി വീണ്ടും കൂടി. ജോലി സ്ഥലത്ത് പോലും ബാങ്കിലെ ഗുണ്ടകളുടെ ആക്രമണം കൂടി. സഹികെട്ട് ബാങ്കിന്റെ നിയമ നടപടി നേരിടാന്‍ തയ്യാറാണെന്ന് പറഞ്ഞിട്ട് പോലും അവര്‍ വെറുതെ വിടാന്‍ തയ്യാറല്ലാത്തത് പോലെയാണ് പിന്തുടരുന്നത്. ലക്ഷങ്ങള്‍ ഒന്നും അല്ല അടക്കാന്‍ ഉള്ളത്. പതിനായിരങ്ങള്‍ക്ക് ഇങ്ങനെയാണെങ്കല്‍ ലക്ഷങ്ങള്‍ അടക്കാനുള്ളവരെ ഈ ബാങ്ക് ഗുണ്ടകള്‍ കൊല്ലുമായിരുന്നില്ലേ എന്ന ന്യായമായ ചോദ്യം എന്റെ മനസില്‍ ഉയര്‍ന്നു. എന്നാല്‍ പൊലീസില്‍ പരാതിപെട്ടൂടെ എന്ന ചോദ്യത്തിന് രാഷ്ട്രീ പിന്‍ബലം ഉള്ള ബാങ്കാണ് വരുന്ന ആളുകള്‍ ആവട്ടെ ഇതിനായി നിയോഗിക്കപ്പെട്ട ആളുകളും. അവരെകുറിച്ച് പരാതിപ്പെട്ടാല്‍ രാഷ്ട്രീയ സ്വാധീനം കൊണ്ട് കേസ് എടുക്കില്ല എന്ന മറുപടിയും നല്‍കിക്കൊണ്ട് ആ സ്ത്രീ മകളെയും ചേര്‍ത്ത് പിടിച്ച് പോവാനായി എഴുന്നേറ്റു. എന്നാല്‍ അവരെ തിരിച്ചു വിളിച്ച് പൊലീസ് സ്റ്റേഷനില്‍ കേസ് കൊടുക്കാനും ബാങ്ക് അധികൃതരെ കണ്ടു സംസാരിക്കാനും ഞാന്‍ കൂടെ വരാം എന്ന് വാക്ക് കൊടുത്തപ്പോള്‍ അവര്‍ അതിന് തയ്യാറായി…

ഇനി ബാങ്കിലും പൊലീസ് സ്റ്റേഷനിലും എന്താണ് സംഭവിച്ചത് എന്ന് അറിയാന്‍ നമുക്ക് കാത്തിരിക്കാം…