ലയണല്‍ മെസി പി.എസ്.ജി വിടും; കരാര്‍ പുതുക്കില്ല

 

അര്‍ജന്റീന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ഈ സീസണ്‍ അവസാനത്തോടെ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്‍മെയ്ന്‍ വിടുമെന്നുറപ്പായി. ക്ലബുമായുള്ള കരാര്‍ മെസി പുതുക്കില്ലെന്ന് ഔദ്യോഗികമായി വ്യക്തമാക്കി താരത്തിന്റെ പിതാവ് ഹോര്‍ഗെ മെസി രംഗത്തുവന്നു.

 

അടുത്ത മാസം അവസാനത്തോടെയാണ് മെസിയുടെ പി.എസ്.ജിയുമായുള്ള രണ്ടു വര്‍ഷക്കരാര്‍ അവസാനിക്കുന്നത്. അതിനു ശേഷം കരാര്‍ പുതുക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നു മെസിയുടെ പിതാവ് വ്യക്തമാക്കി. താരവും ക്ലബും ചേര്‍ന്നെടുത്ത തീരുമാനമാണിതെന്നും ഹോര്‍ഗെ മെസി വ്യക്തമാക്കി.

2021-ലാണ് സ്പാനിഷ് ക്ലബ് ബാഴ്‌സലോണയില്‍ നിന്നു മെസി പി.എസ്.ജിയിലേക്ക് എത്തുന്നത്. രണ്ടു സീസണുകളിലായി 71 മത്സരങ്ങളില്‍ പി.എസ്.ജിക്കു വേണ്ടി ബൂട്ടുകെട്ടിയ മെസി 31 ഗോളുകളും 33 അസിസ്്റ്റുകളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.

കരാര്‍ പുതുക്കുന്നതു സംബന്ധിച്ച് മെസിയും പി.എസ്.ജിയും തമ്മിലുള്ള ചര്‍ച്ചകളെല്ലാം അവസാനിച്ചെന്നു പ്രമുഖ ഫുട്‌ബോള്‍ ഏജന്റായ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു. ഇനി താരം ഏതു ക്ലബിലേക്കാണ് ചേക്കേറുക എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

 

ക്ലബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദര്‍ശിച്ചെന്ന കാരണത്താല്‍ മെസിക്കെതിരേ ഇന്ന് പി.എസ്.ജി. അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. രണ്ടാഴ്ചത്തെ വിലക്കാണ് താരത്തിന് പി.എസ്.ജി. വിധിച്ചത്. ഇതിനു പിന്നാലെയാണ് താരം ക്ലബുമായി കരാര്‍ പുതുക്കില്ലെന്ന വാര്‍ത്ത പുറത്തുവരുന്നത്.

മെസിയെ തിരിച്ചെത്തിക്കാന്‍ താരത്തിന്റെ പഴയ ക്ലബായ ബാഴ്‌സലോണ കൊണ്ടുപിടിച്ചു ശ്രമിക്കുന്നുണ്ട്. എന്നാല്‍ സ്പാനിഷ് ലാ ലിഗയിലെ സാമ്പത്തിക നിയന്ത്രണങ്ങള്‍ കാരണം അത് എളുപ്പമായിരിക്കില്ല. ബാഴ്‌സയ്ക്കു പുറമേ മറ്റു ചില ക്ലബുകളും മെസിക്കു പിന്നാലെയുണ്ട്.

നേരത്തെ താരത്തെ സ്വന്തമാക്കാന്‍ ശ്രമിച്ച മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സണല്‍ തുടങ്ങിയ ടീമുകളും നിലവിലെ സാഹചര്യത്തില്‍ താരത്തിനായി രംഗത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു പുറമേ മെസിക്കു വേണ്ടി റെക്കോഡ് തുകയുമായി സൗദി അറേബ്യന്‍ ക്ലബ് അല്‍ ഹിലാലും രംഗത്തുണ്ട്. പ്രതിവര്‍ഷം 400 മില്യന്റെ ഓഫറാണ് അവര്‍ മെസിക്കു മുന്നില്‍ വച്ചിട്ടുള്ളത്.