25 ലിറ്റർ വിദേശ മദ്യം: ഒരാൾ അറസ്റ്റിൽ

പരപ്പനങ്ങാടി : വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 25 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി. പരപ്പനങ്ങാടി എക്സൈസ് റെയിഞ്ചിലെ പ്രിവൻ്റീവ് ഓഫീസർ ടി പ്രജോഷ് കുമാറും സംഘവുമാണ് മദ്യ ശേഖരം പിടികൂടിയത്.

തിരൂരങ്ങാടി താലൂക്കിൽ ഊരകം പഞ്ചായത്തിലെ കരിയാരം നെച്ചിക്കുഴിയിൽ കുപ്പര ന്റെ മകൻ അപ്പുട്ടിയുടെ കരിയാരത്തെ വീടിന്റെ കിടപ്പ് മുറിയിലെ കട്ടിലിനടിയിൽ രണ്ട് കാർട്ടൺ ബോക്സിലും പെയ്ൻ്റിൻ്റെ കാലിയായ ബക്കറ്റിലും അനധികൃതമായി വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച 25 ലിറ്റർ മദ്യമാണ് പിടികൂടിയത്. പിടിയിലായ പ്രതി അപ്പുട്ടി വിവിധ ബീവറേജസ് കോർപ്പറേഷൻ്റെ ചില്ലറ വിൽപ്പനശാലകളിൽ നിന്നും ശേഖരിച്ച് വൻ ലാഭത്തിൽ ക്വാറികളിൽ ജോലി ചെയ്യുന്നവർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും വിൽപ്പന നടത്തുന്നയാളാണ്.ഇയാളുടെ പേരിൽ പരപ്പനങ്ങാടി, മലപ്പുറം എന്നീ റെയിഞ്ചുകളിൽ നിരവധി അബ്കാരി കേസ്സുകളുണ്ട്. മാസങ്ങളോളമായി ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രിവൻ്റീവ് ഓഫീസർക്ക് പുറമെ സിവിൽ എക്സൈസ് ഓഫീസർമാരായ എം.രാകേഷ് ,ജിന രാജ് കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിഷ പി.എം, എക്സൈസ് ഡ്രൈവർ വിനോദ് കുമാർ ജി എന്നിവർ പങ്കെടുത്തു.