International Tea Day 2023: ദിവസം എത്ര ചായ വരെ കുടിക്കാം? ചായ കുടിക്കുന്നത് ആരോഗ്യത്തിന് ദോഷമോ? ചായ പ്രേമികൾക്ക് പരീക്ഷിക്കാൻ ഒരു സ്പെഷ്യൽ ചായ റെസിപ്പി
ചായ പല ഇന്ത്യക്കാരുടേയും ജീവന്റെ ഒരു ഭാഗം പോലെ തന്നെയാണ്. കൃത്യസമയത്ത് ചായ കുടിച്ചില്ലെങ്കില്‍ തലവേദന ഉള്‍പ്പെടെയുള്ള പല അസ്വസ്ഥതകളും ഉണ്ടാകുന്നവരുണ്ട്. ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍, വൈകുന്നേരങ്ങളെ സജീവമാക്കാന്‍, പ്രഭാതങ്ങളെ ഊര്‍ജസ്വലമാക്കാന്‍ ഒക്കെ ഇന്ത്യന്‍ ജീവിതത്തില്‍ ചായയ്ക്ക് പ്രത്യേക സ്ഥാനം തന്നെയുണ്ട്. ലോകരുടെ മുഴുവന്‍ പ്രീയപ്പെട്ട പാനീയമായ ചായയ്ക്കുവേണ്ടിയുള്ള ദിനമാണ് ഇന്ന്. അന്താരാഷ്ട്ര ചായ ദിവസം. ഈ ദിനം ചായയെക്കുറിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ പരിശോധിക്കാം.
ദിവസം എത്ര ചായ വരെയാകാം?
പ്രായപൂര്‍ത്തിയായ ആരോഗ്യവാനായ ഒരു മനുഷ്യന് പേടികൂടാതെ 2 മുതല്‍ 3 കപ്പ് ചായ വരെ കുടിയ്ക്കാം. പാലും പഞ്ചസാരയും ചേര്‍ക്കാതെ ചായ വെറും വയറ്റില്‍ കുടിയ്ക്കുന്നത് ദഹനത്തിന് നല്ലതാണ്.
ചായയില്‍ എത്ര കലോറിയുണ്ട്?
താരതമ്യേനെ കലോറി മൂല്യം കുറഞ്ഞ ആരോഗ്യദായകമായ പാനീയമാണ് ചായ. പാലും പഞ്ചസാരയും ചേര്‍ക്കാത്ത ഒരു കപ്പ് ചായയില്‍ വെറും മൂന്ന് കലോറി മാത്രമേ അടങ്ങിയിട്ടുളളൂ. പാലും പഞ്ചസാരയും ചേര്‍ക്കുമ്പോഴാകട്ടെ ഇത് ഏകദേശം 37 കലോറിയാകുന്നു.
ചായ കുടിക്കാന്‍ പ്രത്യേക സമയമുണ്ടോ?
ബെഡ് ടീയേക്കാള്‍ മികച്ച ഓപ്ഷന്‍ എന്തുകൊണ്ടും പ്രഭാത ഭക്ഷണത്തിന് ശേഷമുള്ള ചായയാണെന്ന് വിദഗ്ധര്‍ പറയുന്നു. രാവിലെ തന്നെയാണ് ചായ കുടിക്കാനുള്ള ഏറ്റവും മികച്ച സമയം.
ചായ ആരോഗ്യദായകമാണോ?
ദഹനത്തിന് സഹായിക്കുമെന്ന് മാത്രമല്ല ചായയില്‍ 99 ശതമാനം വെള്ളമായതിനാല്‍ നിര്‍ജലീകരണം തടയാന്‍ അത്യുത്തമാണ്. ബ്രോക്കോളിയിലും മുന്തിരിയിലുമുള്ള പോഷകങ്ങള്‍ കട്ടന്‍ചായയില്‍ നിന്നും ലഭിക്കുമെന്നും പഠനങ്ങളുണ്ട്. കൂടാതെ കട്ടന്‍ചായയോ, ഗ്രീന്‍ ടീയോ കുടിക്കുന്നത് ഹൃദയാരോഗ്യത്തിനും നല്ലതാണ്. പൊതുവില്‍ ചായ പാലും പഞ്ചസാരയും ചേര്‍ക്കാതെ ഉപയോഗിക്കുന്നതാണ് നല്ലത്.
ഒരു സ്പെഷ്യൽ ചായ
എല്ലാദിവസവും വൈകുന്നേരം കടുപ്പമുള്ള ഒരു ചായ വേണമെന്ന് നിർബന്ധമുള്ളവർ ആയിരിക്കും മിക്കആളുകളും.അതുകൊണ്ടുതന്നെ വലിയ രീതിയിലുള്ള പരീക്ഷണങ്ങൾ ഒന്നും ചായയിൽ ആരും ചെയ്തു നോക്കാറില്ല. വളരെയധികം രുചിയിൽ നിരവധി ആരോഗ്യഗുണങ്ങളോടു കൂടി കുടിക്കാവുന്ന ഒരു ചായയുടെ റെസിപ്പി പരിചയപ്പെടാം. ഈയൊരു രീതിയിൽചായ തയ്യാറാക്കാനായി ആദ്യം തന്നെ ചായക്ക് ആവശ്യമുള്ള വെള്ളം ഒരു പാത്രത്തിൽ തിളപ്പിക്കാനായി വയ്ക്കുക. അതിലേക്ക് ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്തു കൊടുക്കാവുന്നതാണ്. വെള്ളം നല്ലതുപോലെ വെട്ടി തിളച്ച് വരുമ്പോൾ അതിലേക്ക് നാലോ അഞ്ചോ ഗ്രാമ്പു, 4 ഏലക്കായ, ഇഞ്ചി ചതച്ചത് എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തശേഷം കടുപ്പത്തിന് ആവശ്യമായ തേയിലപ്പൊടി ചേർത്ത്കൊടുക്കാവുന്നതാണ്. ഇത് നല്ലതുപോലെ തിളച്ച് കുറുകി വരുമ്പോൾ അതിലേക്ക് പാൽ കൂടി ചേർത്തു കൊടുക്കാവുന്നതാണ്. എല്ലാ ചേരുവകളും നല്ലതുപോലെ മികസായി കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്ത് ചായ അരിച്ചെടുക്കാവുന്നതാണ്. ശേഷം ഇത് രണ്ടോ മൂന്നോ തവണ ആറ്റി ഗ്ലാസ്സിലേക്ക് ഒഴിച്ചുകൊടുക്കാം.