ലൈംഗിക ബന്ധത്തിനു വിസമ്മതിച്ച ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു; യുവാവ് പിടിയിൽ

ലൈംഗിക ബന്ധത്തിനു വിസമ്മതിച്ച ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന യുവാവ് പിടിയിൽ. രണ്ടാം കുഞ്ഞിനെ പ്രസവിച്ച് വെറും ഒരു മാസത്തിനു ശേഷമാണ് സംഭവം. മെയ് 20നു നടന്ന സംഭവത്തിൽ 10 ദിവസത്തിനു ശേഷമാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

ഹൈദരാബാദിലാണ് സംഭവം. മെയ് 20 രാത്രി യുവാവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിനു ശ്രമിച്ചെങ്കിലും അവർ നിരസിച്ചു. ഇതിൽ ദേഷ്യം പിടിച്ച യുവാവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയതിനു ശേഷം ഭയന്ന ഇയാൾ ബന്ധുക്കളെ വിവരമറിയിച്ചു. ബന്ധുക്കൾ ചേർന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇവർ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. തുടർന്ന് യുവതിയുടെ പിതാവ് പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

ജാതവത് തരുൺ (24) എന്നയാളാണ് ഭാര്യ ഝാൻസിയെ (20) കൊലപ്പെടുത്തിയത്. തെലങ്കാനയിലെ നാഗർകുണൂൽ സ്വദേശികളായ ഇവർ 2021ൽ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറായ തരുണിന് ഭാര്യയിൽ 2 വയസായ ഒരു കുഞ്ഞുണ്ട്. ഏപ്രിൽ 16ന് യുവതി ഒരു പെൺകുഞ്ഞിനു ജന്മം നൽകിയിരുന്നു.

ലൈംഗിക ബന്ധത്തിന് ആവശ്യപ്പെട്ടപ്പോൾ ഭാര്യ താൻ ക്ഷീണിതയാണെന്നുപറഞ്ഞ് വിസമ്മതിച്ചു. എന്നാൽ, തരുൺ വീണ്ടും ഭാര്യയെ നിർബന്ധിച്ചു. ഇതോടെ ഝാൻസി ദേഷ്യപ്പെടാൻ തുടങ്ങി. തുടർന്നാണ് തരുൺ ഭാര്യയെ കൊലപ്പെടുത്തിയത്.