കോട്ടക്കൽ മുനിസിപ്പൽ ഗ്ലോബൽ കെ.എം.സി.സി സൗജന്യ കിഡ്നി രോഗനിർണയ-കുടിവെള്ള പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടക്കൽ: കോട്ടക്കൽ മുനിസിപ്പൽ ഗ്ലോബൽ കെ.എം.സി.സിയുടെ നേതൃത്വത്തിൽ, കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ സഹകരണത്തോടെ ആമപ്പാറ എൽ.പി. സ്കൂളിൽ സംഘടിപ്പിച്ച സൗജന്യ കിഡ്നി രോഗനിർണയ-കുടിവെള്ള പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് നഗരസഭാ ചെയർമാൻ കെ.കെ അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു.

പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും സ്വന്തം നാടിന്റെ ആരോഗ്യവും ക്ഷേമവും മുൻനിർത്തി ഇത്തരമൊരു ജനോപകാരപ്രദമായ പരിപാടിക്ക് നേതൃത്വം നൽകിയ കോട്ടക്കൽ മുനിസിപ്പൽ ഗ്ലോബൽ കെ.എം.സി.സിയുടെ പ്രവർത്തനം ഏറെ അഭിനന്ദനാർഹമാണ്. നാടിന്റെ വികസനത്തിനും സാമൂഹിക പുരോഗതിക്കും പ്രവാസി സമൂഹം നൽകുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.ജനങ്ങളുടെ ക്ഷേമത്തിനായി കെ.എം.സി.സി നടത്തുന്ന ഇത്തരം സന്നദ്ധ പ്രവർത്തനങ്ങൾക്ക് കോട്ടക്കൽ നഗരസഭയുടെ എല്ലാ പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് ഉറപ്പുനൽകുന്നുവെന്നും വരുംകാലങ്ങളിലും കൂടുതൽ ജനോപകാരപ്രദമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ കോട്ടക്കൽ മുനിസിപ്പൽ ഗ്ലോബൽ കെ.എം.സി.സിക്ക് കഴിയട്ടെയെന്നും നഗരസഭ ചെയർമാൻ കെ.കെ നാസർ പറഞ്ഞു.
മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാർ ഹാജി, വേൾഡ് കെ.എം.സി.സി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി, സെക്രട്ടറി ഷബീർ കാലടി, യു.എ.ഇ കെ.എം.സി.സി വൈസ് പ്രസിഡന്റ് എം.പി.എം റഷീദ് സാഹിബ് തുടങ്ങിയവർ പങ്കെടുത്തു.

