തിരുവനന്തപുരം പാളയം എ കെ ജി സെൻ്ററിന് മുന്നിൽ പൊലിസ് വാഹനം അപകടത്തിൽപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
തിരുവനന്തപുരം: തിരുവനന്തപുരം പാളയം എ കെ ജി സെൻ്ററിന് മുന്നിൽ പൊലിസ് വാഹനം അപകടത്തിൽപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കൺട്രോൾ റൂമിലെ പൊലീസുകാരൻ അജയകുമാറാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. നിയന്ത്രണം തെറ്റിയ കൺട്രോൾ റും വാഹനം പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഹൈവേയിൽ നിന്നും ഇന്ധം നിറയ്ക്കാൻ എത്തുമ്പോഴാണ് അപകടം ഉണ്ടായത്. അപകടം നടക്കുമ്പോൾ പിറകിലെ സീറ്റിലായിരുന്നു അജയകുമാർ. ഇടിയുടെ ആഘാതത്തിൽ മുന്നിലോട്ട് വീണ് പോസ്റ്റിൽ വന്നിടിക്കുകയായിരുന്നു. അജയകുമാർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. എന്നാൽ വാഹനത്തിന് മുന്നിലിരുന്നവർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതായാണ് വിവരം.
ഇന്ന് രാവിലെ 5.50നാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രിയിലെ നൈറ്റ് പട്രോളിങ് കഴിഞ്ഞ് വാഹനം ഇന്ധനം നിറക്കാനായി പോവുകയായിരുന്നു. വാഹനത്തിൽ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ഡ്രൈവർ അഖിൽ,എസ്ഐ വിജയകുമാർ, പിറകിലെ സീറ്റിൽ അജയകുമാർ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. മരിച്ച വിജയകുമാർ അമരവിള സ്വദേശിയാണ്. എകെജി സെന്റർ കഴിഞ്ഞുള്ള വളവിലെ ഡിവൈഡറിലുള്ള ഹൈമാസ് ലൈറ്റിന്റെ മുകളിൽ വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജീപ്പിൻ്റെ ചില്ല് തകർന്ന് അജയകുമാർ മുന്നോട്ട് തെറിച്ചുവീണ് പോസ്റ്റിലിടിക്കുകയായിരുന്നു. അജയകുമാറിന്റെ നെഞ്ചിനും തലക്കും ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട സമയത്ത് അജയകുമാർ ഉറങ്ങുകയായിരുന്നു. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നാണ് വിവരം. സംഭവത്തിൽ കന്റോൺമെന്റ് പൊലീസ് അന്വേഷണം നടത്തിവരികയാണ്. പരിക്കേറ്റവർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് വിവരം. അവർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു.