മീൻപിടിത്തം, മരം നടല്‍; കുട്ടികള്‍ക്കൊപ്പം അവധിക്കാലം ആസ്വദിച്ച് ലിസ ഹെയ്ഡൻ
കുടുംബത്തോടൊപ്പം വിയറ്റ്നാമില്‍ വെക്കേഷൻ ആസ്വദിക്കുകയാണ് ബോളിവുഡ് താരം ലിസ ഹെയ്ഡൻ. വിയറ്റ്നാം യാത്രയുടെ മനോഹരമായ അനുഭവങ്ങള്‍ നിറഞ്ഞ വീഡിയോ ലിസ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
വിയറ്റ്നാമിലെ പ്രശസ്തമായ നിൻ വാൻ ബേ റിസോര്‍ട്ടിലായിരുന്നു നടിയും കുടുംബവും താമസിച്ചിരുന്നത്. പ്രകൃതിയോടിണങ്ങിയുള്ള റിസോര്‍ട്ടിലെ താമസം മറക്കാനാകാത്ത അനുഭവങ്ങളാണ് സമ്മാനിച്ചതെന്ന് ലിസ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു. ലിസയുടെ മക്കളാണ് ഈ ട്രിപ്പ് ഏറ്റവും ആസ്വദിച്ചത്. മീൻ പിടിക്കാനും മുട്ടകള്‍ ശേഖരിക്കാനും മരം നടാനും വെളിച്ചെണ്ണയും മെഴുകുതിരികളും നിര്‍മ്മിക്കാനുമെല്ലാം മക്കള്‍ പരിശീലിച്ചു.
പ്രാദേശിക സീഫുഡ് വിഭവങ്ങളും ഫാം ടു ടേബിള്‍ റെസ്റ്റേറന്റുമെല്ലാം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി ഈ റിസോര്‍ട്ടിനെ മാറ്റുന്നുവെന്നും ലിസ പറയുന്നു. റിസോര്‍ട്ടിലെ അവധിക്കാലം കുട്ടികള്‍ ആഘോഷമാക്കുന്നത് ലിസയുടെ വീഡിയോയില്‍ കാണാം. ഹൗസ്ഫുള്‍ 3, ക്വീൻ, ദ ഷൗകീൻസ്, യേ ദില്‍ ഹേ മുഷ്കില്‍, എന്നീ സിനിമകളിലൂടെ ഏറെ ആരാധകരുള്ള താരമാണ് ലിസ ഹെയ്ഡൻ
വിയറ്റ്നാം
കുറഞ്ഞകാലം കൊണ്ട് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി മാറിയ രാജ്യമാണ് വിയറ്റ്നാം. ചെലവ് കുറഞ്ഞ താമസവും ഭക്ഷണവും സഞ്ചരിക്കാൻ പൊതുഗതാഗതവുമൊക്കെയാണ് വിയറ്റ്നാമിനെ ബഡ്ജറ്റ് സഞ്ചാരികളുടെ പ്രിയപ്പെട്ട രാജ്യമാക്കുന്നത്. ഏഷ്യയുടെയും യൂറോപ്പിന്റെയും സ്വാധീനമുള്ള ഹോയ് യാൻ നഗരം, വിൻഡ് സര്‍ഫിങ്, കൈറ്റ് സര്‍ഫിങ്ങുകളുടെ കേന്ദ്രമായ മുയി നേ, യുനസ്കോ ഹെറിറ്റേജ് സൈറ്റായ ഹ്യുവേ, ഹാ ലോംഗ് ബേ, ഹോചിമിൻ സിറ്റി തുടങ്ങി നിരവധി സ്ഥലങ്ങള്‍ വിയറ്റ്നാമില്‍ സഞ്ചാരികളെ കാത്തിരിപ്പുണ്ട്.
ഹോചിമിൻ സിറ്റിയിലെയും ഹോയ് യാനിലെയും നൈറ്റ് ലൈഫും റൂഫ് ടോപ്പ് ബാറുകളും മ്യൂസിക് കഫേകളും ഒരിക്കലും മറക്കാനാകാത്ത ഒരു യാത്രയായിരിക്കും ഓരോ യാത്രികനും സമ്മാനിക്കുക.