ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് ടോസ്! അപൂര്‍വ നേട്ടത്തിനരികെ രോഹിത്; ടീമില്‍ മാറ്റമില്ല

മുംബൈ: ഏകദിന ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ് ഇന്ത്യയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ശ്രീലങ്ക ഇറങ്ങുന്നത്. ധനഞ്ജയ ഡി സില്‍വ ഇന്ന് കളിക്കുന്നില്ല. പകരം ദുഷന്‍ ഹേമന്ത ടീമിലെത്തി. ഇന്ത്യ മാറ്റമൊന്നും വരുത്തിട്ടില്ല. ഇന്ന് ജയിച്ചാല്‍ ഇന്ത്യയുടെ സെമിഫൈനല്‍ പ്രവേശം ഔദ്യോഗികമായി ഉറപ്പിക്കാം. ആറ് മത്സരങ്ങളും ജയിച്ച ഇന്ത്യ 12 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ശ്രീലങ്കയ്ക്ക് ജീവന്മരണ പോരാട്ടമാണിത്. നിലവില്‍ നാല് പോയിന്റുമായി ഏഴാം സ്ഥാനത്താണ് ശ്രീലങ്ക. ഇന്ന് തോറ്റാല്‍ സെമി ഫൈനല്‍ സാധ്യതകള്‍ ഏറെക്കുറെ അവസാനിക്കും.

അതേസമയം, രോഹിത് ശര്‍മയിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡിനരികെയാണ് രോഹിത്. രണ്ട് പതിറ്റാണ്ടായിട്ടും ഈ വ്യക്തിഗത റെക്കോര്‍ഡിന് ഇളക്കം തട്ടിയിട്ടില്ല. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ അക്കൗണ്ടിലാണ് നിലവില്‍ ആ റെക്കോര്‍ഡ്. 2003ല്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലായി നടന്ന ലോകകപ്പില്‍ ഗാംഗുലി അടിച്ചെടുത്തത് 465 റണ്‍സ്.

ഇന്ത്യയെ ഫൈനല്‍ വരെയെത്തിച്ച ദാദയുടെ റെക്കോര്‍ഡ് അഞ്ച് ലോകകപ്പുകള്‍ പിന്നിടുമ്പോഴും ഇളക്കം തട്ടിയില്ല. രോഹിത്തിന് ഇപ്പോള്‍ 398 റണ്‍സാണുള്ളത്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നായകനെന്ന റെക്കോര്‍ഡും തൊട്ടരികെയാണ് രോഹിതിന്. 539 റണ്‍സുമായി റിക്കി പോണ്ടിംഗും 548 റണ്‍സുമായി മഹേല ജയവര്‍ധനയുമാണ് മുന്നില്‍.

ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്.

ശ്രീലങ്ക: പതും നിസ്സങ്ക, ദിമുത് കരുണാരത്‌നെ, കുശാല്‍ മെന്‍ഡിസ്, സധീര സമരവിക്രമ, ചരിത് അസലങ്ക, എയഞ്ചലോ മാത്യൂസ്, മഹീഷ തീക്ഷണ, കശുന്‍ രജിത, ദുഷ്മന്ത ചമീര, ദുഷന്‍ ഹേമന്ത, ദില്‍ഷന്‍ മധുഷങ്ക.