
തലശ്ശേരി: നഗരമധ്യത്തില്‍ കടകളില്‍ പരക്കെ മോഷണം. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ഉസ്നാസ് ടവറില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറി ഉള്‍പ്പെടെ നാലു വ്യാപാര സ്ഥാപനങ്ങളിലാണ് വെള്ളിയാഴ്ച പുലര്‍ച്ച രണ്ടരയോടെ മോഷണം അരങ്ങേറിയത്.

ബസ് സ്റ്റാൻഡിനോട് തൊട്ടുചേര്‍ന്നുള്ള അടുത്തടുത്ത നാലു സ്ഥാപനങ്ങളിലാണ് ഒരേസമയം മോഷണം നടന്നത്.
എം.ആര്‍.എ ബേക്കറി, സ്റ്റാൻഡ് വ്യൂ ഫാര്‍മസി, ഷിഫ കലക്ഷൻസ്, മെട്രോ സില്‍ക്സ് എന്നിവിടങ്ങളിലാണ് മോഷണം. പൂട്ട് പൊളിച്ച് കമ്ബിപ്പാര ഉപയോഗിച്ച് ഷട്ടറുകള്‍ മുകളിലേക്ക് ഉയര്‍ത്തിയാണ് നാലിടത്തും മോഷണം നടത്തിയത്.

തലശ്ശേരിയില്‍ മോഷണം നടന്ന എം.ആര്‍.എ ബേക്കറിയില്‍ പൊലീസ് പരിശോധിക്കുന്നു
പണം മാത്രമാണ് നാലിടത്ത്നിന്നും ോമഷ്ടിച്ചതെന്നാണ് പ്രാഥമിക വിവരം. എം.ആര്‍.എ ബേക്കറി മാനേജര്‍ കതിരൂര്‍ സ്വദേശി പി. ജാഫര്‍, ഷിഫ കലക്ഷൻസ് റെഡിമെയ്ഡ് സ്ഥാപന ഉടമ കോഴിക്കോട് സ്വദേശി കെ.പി. റഹൂഫ്, സ്റ്റാൻഡ് വ്യൂ ഫാര്‍മസി ഉടമ കടവത്തൂര്‍ പുല്ലൂക്കര കൊച്ചിയങ്ങാടി സ്വദേശി സെയ്ദ് അബൂബക്കര്‍, മെട്രോ സില്‍ക്സ് ഉടമ പന്തക്കല്‍ സ്വദേശി ഇസ്മായില്‍ എന്നിവരുടെ പരാതിയില്‍ തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സി.ഐ എം. അനിലിന്റെ നേതൃത്വത്തില്‍ പൊലീസ് കടകളിലെത്തി പരിശോധിച്ചു. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. കവര്‍ച്ച നടത്തിയത് ഒന്നില്‍ കൂടുതല്‍ ആളുകളാണെന്നാണ് നിഗമനം. മോഷണം നടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
നഷ്ടമായത് 2.77 ലക്ഷം
എം.ആര്‍.എ ബേക്കറിയില്‍ നിന്ന് 2,60,000 രൂപ അപഹരിച്ചെന്നാണ് മാനേജറുടെ പരാതി. ഷിഫ കലക്ഷൻസില്‍ നിന്ന് 7,000 രൂപയും സ്റ്റാൻഡ് വ്യൂ ഫാര്‍മസിയില്‍ നിന്ന് 10,000 രൂപയും അപഹരിക്കപ്പെട്ടു. മെട്രോ സില്‍ക്സില്‍ നിന്ന് കാര്യമായൊന്നും നഷ്ടപ്പെട്ടില്ല. സ്ഥാപനങ്ങളില്‍ ആസൂത്രിതമായാണ് മോഷണം നടന്നത്.
മേശവലിപ്പുകള്‍ തുറന്ന് നോക്കുന്നത് സ്ഥാപനങ്ങളിലെ നിരീക്ഷണ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. മുഖം വെള്ളത്തുണി കൊണ്ട് മറച്ചയാളാണ് മോഷണം നടത്തിയത്. ഒരാള്‍ക്ക് മാത്രം കടക്കാൻ പാകത്തിലാണ് പൂട്ട് പൊളിച്ച് സ്ഥാപനങ്ങളുടെ ഷട്ടര്‍ തുറന്നത്. പുറത്തുനിന്ന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകുമോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
സാമൂഹിക വിരുദ്ധരുടെ ഇടത്താവളം
പകല്‍ നേരങ്ങളില്‍ ഏറെ തിരക്കുള്ള ഭാഗത്താണ് അര്‍ധരാത്രി മോഷണം അരങ്ങേറിയത്. രാത്രിയായാല്‍ പുതിയ ബസ് സ്റ്റാൻഡ്, തൊട്ടടുത്ത ബ്രദേഴ്സ് ലൈൻ, ഉസ്നാസ് ടവര്‍, അച്ചൂട്ടി ആര്‍ക്കേഡ് പരിസരം, ഷെമി ഹോസ്പിറ്റല്‍ കോമ്ബൗണ്ട് എന്നിവിടങ്ങളിലൊക്കെ സാമൂഹിക വിരുദ്ധരുടെ താവളമാണെന്ന് പരിസരവാസികളും വ്യാപാരികളും പറയുന്നു.
ഷെമി ഹോസ്പിറ്റല്‍, അച്ചൂട്ടി ആര്‍ക്കേഡ് എന്നിവ കേന്ദ്രീകരിച്ച് ഒറ്റനമ്ബര്‍ ചൂതാട്ടവും വ്യാപകമാണ്. ഇവ പരിശോധിക്കാൻ പൊലീസ് തയാറാവുന്നില്ലെന്നാണ് ആരോപണം. നഗരത്തില്‍ അടുത്തിടെ നടന്ന മോഷണങ്ങളിലൊന്നും തുമ്ബുണ്ടാക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. പുതിയ ബസ് സ്റ്റാൻഡ് പാസഞ്ചര്‍ ലോബിയില്‍ പലപ്പോഴും സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം വ്യാപകമാണ്. കഴിഞ്ഞ ദിവസം മദ്യപാനിയായ ഒരാള്‍ ആളുകള്‍ നോക്കിനില്‍ക്കെ വയോധികനെ കുത്തിപ്പരിക്കേല്‍പിച്ച സംഭവവുമുണ്ടായിരുന്നു.
‘വ്യാപാരികള്‍ക്ക് സുരക്ഷ ഉറപ്പാക്കണം’
വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടത്തിയ പ്രതികളെ എത്രയും വേഗം നിയമത്തിന് മുന്നിലെത്തിക്കണമെന്ന് വ്യാപാരി സംഘടന നേതാക്കള്‍ ആവശ്യപ്പെട്ടു. മോഷണം നടന്ന സ്ഥാപനങ്ങള്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളും വ്യാപാരി വ്യവസായി സമിതി നേതാക്കളും സന്ദര്‍ശിച്ചു. വ്യാപാരികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്നും നേതാക്കള്‍ പറഞ്ഞു.