നാട്ടില്‍ പോകാനിരുന്ന ദിവസം ഖബറിലടങ്ങി സൈനുദ്ദീൻ

റിയാദ്: നാട്ടില്‍ പോകാൻ വിമാന ടിക്കറ്റ് എടുത്തുവെച്ചിരുന്ന തീയതിയില്‍ ഖബറിലടങ്ങി പ്രവാസി. യാത്രക്കുള്ള തയാറെടുപ്പിനിടെ അസുഖബാധിതനായി നാലുദിവസം മുമ്ബ് ആശുപത്രിയില്‍ മരിച്ച കൊല്ലം കരുനാഗപ്പള്ളി കഞ്ഞിപ്പുഴ ചങ്ങാംകുളങ്ങര കടയ്ക്കല്‍ മാര്‍ക്കറ്റ് സ്വദേശി കിഴക്കട്ടില്‍ പുത്തൻതാഴത്ത് സൈനുദ്ദീൻ കുഞ്ഞിെൻറ (53) മൃതദേഹമാണ് വ്യാഴാഴ്ച ഉച്ചക്ക് റിയാദ് നസീം ഹയ്യുല്‍ സലാം മഖ്ബറയില്‍ ഖബറടക്കിയത്.

എക്സിറ്റ് 15ലെ അല്‍രാജ്ഹി പള്ളിയില്‍ മയ്യിത്ത് നമസ്കാരം നിര്‍വഹിച്ചു. സ്പോണ്‍സറുടെ വീട്ടില്‍ ഡ്രൈവറായിരുന്ന ഇദ്ദേഹം നാല് വര്‍ഷമായി നാട്ടില്‍ പോയിരുന്നില്ല. വൈകാതെ പോകാനുള്ള തയാറെടുപ്പിനിടെയാണ് രോഗബാധിതനായത്. ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. നാട്ടിലേക്ക് പോകേണ്ട ദിവസമാണ് വ്യാഴാഴ്ചയായിരുന്നു. അതേ ദിവസം ഏതാണ്ട് അതേസമയത്താണ് ഖബറടക്കം നടന്നത്.

പരേതരായ അലി കുഞ്ഞു – സൈനുബ കുഞ്ഞു ദമ്ബതികളുടെ മകനാണ്. ഭാര്യ: ജസീറ, മക്കള്‍: സൻഫി ഫാത്തിമ, സല്‍മ ഫാത്തിമ. മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചത് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാൻ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, റഫീഖ് ചെറുമുക്ക്, ജാഫര്‍ വീമ്ബൂര്‍ എന്നിവരാണ്.