കലാകിരീടം ചൂടി മാനന്തവാടി; എം.ജി.എം ഓവറോള്‍ ചാമ്പ്യന്മാര്‍
സുല്‍ത്താൻ ബത്തേരി: നാലു നാള്‍ നീണ്ട 42ാമത് ജില്ല സ്‌കൂള്‍ കലോത്സവത്തിന് ബത്തേരി സര്‍വജന സ്കൂളില്‍ തിരശ്ശീല താഴ്ന്നപ്പോള്‍ ഉപജില്ല തലത്തില്‍ കല കിരീടം ചൂടി മാനന്തവാടി.
957 പോയന്റുമായാണ് മാനന്തവാടി ഒന്നാംസ്ഥാനം സ്വന്തമാക്കിയത്. സുല്‍ത്താൻ ബത്തേരി 948 പോയന്റുമായി രണ്ടാംസ്ഥാനം നേടി. 930 പോയന്റുമായി വൈത്തിരി ഉപജില്ലക്കാണ് മൂന്നാംസ്ഥാനം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 116 പോയന്റു നേടി മാനന്തവാടി എം.ജി.എം.എച്ച്.എസ്.എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
76 പോയന്റുമായി കല്‍പറ്റ എന്‍.എസ്.എസ്.ഇ.എച്ച്.എസ്.എസിനാണ് രണ്ടാം സ്ഥാനം. 68 പോയന്റുമായി പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ് മൂന്നാം സ്ഥാനം നേടി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 120 പോയന്റുമായി കല്‍പറ്റ എന്‍.എസ്.എസ്.ഇ.എച്ച്.എസ്.എസ് ഒന്നാമതെത്തി. 107 പോയന്റുമായി മാനന്തവാടി ജി.വി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും 81 പോയന്റുമായി പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി.
യു.പി ഉപജില്ല തലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സുല്‍ത്താൻ ബത്തേരിക്കാണ് കല കിരീടം. 173 പോയന്റ് നേടിയാണ് ഒന്നാം സ്ഥാനം നേടിയത്. 172 പോയന്റുമായി മാനന്തവാടി ഉപജില്ല രണ്ടാംസ്ഥാനത്തും 171 പോയന്റുമായി വൈത്തിരി ഉപജില്ല മൂന്നാം സ്ഥാനവും സ്വന്തമാക്കി.
യു.പി സ്കൂള്‍ തലത്തില്‍ കോളിയാടി മാര്‍ ബസേലിയോസ് യു.പി.എസ് 36 പോയന്റ് നേടി ചാമ്ബ്യന്മാരായി. 30 പോയന്റുമായി എം.ജി.എം.എച്ച്.എസ്.എസ് മാനന്തവാടിക്കാണ് രണ്ടാം സ്ഥാനം. ബത്തേരി അസംപ്ഷൻ എ.യു.പി.എസ്, മാനന്തവാടി എസ്.ജെ.ടി.ടി.ഐ, നടവയല്‍ സെന്റ് തോമസ് എച്ച്.എസ് എന്നി സ്കൂളുകള്‍ മൂന്നാം സ്ഥാനം പങ്കിട്ടു. 20 പോയന്റാണ് ഈ സ്കൂളുകള്‍ നേടിയത്.
സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ബത്തേരി മുനിസിപ്പാലിറ്റി ചെയര്‍മാൻ ടി.കെ. രമേഷ്, ജില്ല കലക്ടര്‍ രേണു രാജ്, ജുനൈദ് കൈപ്പാണി, പി.എ. അബ്ദുല്‍ നാസര്‍, ഡി.ഡി.ഇ ശശീന്ദ്ര വ്യാസ് എന്നിവര്‍ വിജയികള്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
കലോത്സവ വേദിയില്‍ രാഹുലിന്റെ സര്‍പ്രൈസ് വിസിറ്റ്
സുല്‍ത്താൻ ബത്തേരി: ദഫ്മുട്ട് നടക്കുന്ന ഒന്നാംവേദിയിലേക്ക് ഒഴുകിയെത്തിയ വാഹനത്തില്‍ നിന്നുപുറത്തിറങ്ങിയ അതിഥിയെ കണ്ട് വേദി ഒന്നാകെ ഒന്നിളകി. ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ വയനാടിന്റെ എം.പി രാഹുല്‍ ഗാന്ധിയെ കണ്ട ആഹ്ലാദത്തിലായിരുന്നു സദസ്സ്. തിങ്ങിനിറഞ്ഞ സദസ്സിലിരുന്ന് കുറച്ചുനേരം മത്സരം വീക്ഷിച്ചു രാഹുല്‍.
ഇതിനിടെ തിരക്കിനിടയില്‍ നിന്നും സര്‍വജന സ്കൂളിലെ എൻ. ഫിര്‍ദോസ്ഖാനത്തിനെ അടുത്ത് വിളിച്ച് കുശലന്വേഷണവും നടത്തി. ആരാകണമെന്ന ചോദ്യത്തിന് ഡോക്ടറാകണമെന്നായിരുന്നു കുട്ടിയുടെ മറുപടി. നിങ്ങളെ ഏവരെയും ഈ സന്ദര്‍ഭത്തില്‍ കാണാൻ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് രാഹുല്‍ പറഞ്ഞു. സംഘാടകര്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു. എല്ലാവരും മത്സരങ്ങളില്‍ പങ്കുചേരുകയും ആസ്വദിക്കുകയും ചെയ്യുന്നതില്‍ അതിയായി സന്തോഷിക്കുന്നു.
കലോത്സവങ്ങള്‍ വൃത്യസ്ത സംസ്കാരങ്ങളെയും ആചാരങ്ങളെയും ഭാഷകളെയും കലകളെയും ഒന്നിപ്പിക്കുന്നു. ഇത്തരം കലോത്സവങ്ങള്‍ എല്ലാവരെയും ഒന്നായി മുന്നോട്ടു നയിക്കാൻ പ്രചോദിതമാകുന്നുവെന്നത് എടുത്തു പറയേണ്ട കാര്യമാണ്. എല്ല മത്സരാര്‍ഥികള്‍ക്കും എന്റെ എല്ലാവിധ ആശംസകളും അറിയിക്കുന്നു. എച്ച്.എസ് വിഭാഗം അറബനമുട്ട്, തിരുവാതിര എന്നിവക്ക് സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ മാനന്തവാടി എം.ജി.എം.എച്ച്.എസിലെ ടീമുകള്‍ക്ക് ട്രോഫി സമ്മാനിച്ചു. അല്‍പനേരത്തിനുള്ളില്‍ മടങ്ങുകയും ചെയ്തു.
സുല്‍ത്താൻ ബത്തേരിയില്‍ നടക്കുന്ന വയനാട് ജില്ല സ്കൂള്‍ കലോത്സവ വേദിയിലെത്തിയ രാഹുല്‍ ഗാന്ധി എം.പി സര്‍വജന സ്കൂളിലെ 5-ാം ക്ലാസില്‍ പഠിക്കുന്ന എൻ. ഫിര്‍ദോസ്ഖാനത്തിനെ ചേര്‍ത്ത് പിടിച്ച് കുശലം ചോദിക്കുന്നു
വിധികര്‍ത്താക്കള്‍ക്കെതിരെ പരാതി: അറബന മുട്ടില്‍ കുട്ടികളുടെ പ്രതിഷേധം
സുല്‍ത്താൻ ബത്തേരി: എച്ച്.എസ് വിഭാഗം അറബന മുട്ടില്‍കളിക്കിടെ മത്സരാര്‍ഥിയുടെ കൈയില്‍ നിന്നും അറബന താഴെ വീണിട്ടും ആ ടീമിന് സംസ്ഥാന തലത്തിലേക്ക് വിധികര്‍ത്താക്കള്‍ യോഗ്യത നല്‍കിയതായി പരാതി. മൂന്ന് സ്കൂളുകളാണ് മത്സരിച്ചത്. മാനന്തവാടി എം.ജി.എം.എച്ച്.എസ്.എസ് സ്കൂളിനാണ് സംസ്ഥാന തലത്തിലേക്ക് വിധികര്‍ത്താക്കള്‍ അവസരം നല്‍കിയത്. അതോടെ ഒന്നാംവേദിക്ക് മുന്നില്‍ പ്രതിഷേധവുമായി കുട്ടികള്‍ എത്തി സംഘാടകരും പൊലീസും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി.
വിധികര്‍ത്താക്കളെ മാറ്റണമെന്നാവശ്യമാണ് പ്രതിഷേധിച്ചവര്‍ ഉന്നയിച്ചത്. സംഘര്‍ഷാവസ്ഥക്കിടെ പ്രതിഷേധിച്ച വിദ്യാര്‍ഥിയെ പൊലീസ് വാഹനത്തില്‍ കയറ്റി സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ ദിവസം എച്ച്. എസ്.എസ് വിഭാഗം നാടകമത്സരത്തിലെ ഫലപ്രഖ്യാപനത്തില്‍ അപാകത ആരോപിച്ച് വിദ്യാര്‍ഥികളും അധ്യാപകരും പ്രതിഷേധിച്ചിരുന്നു. നാടകമത്സരം നടന്ന വേദി ഒന്നിന് സമീപമാണ് ബുധനാഴ്ച നാടകീയരംഗങ്ങള്‍ അരങ്ങേറിയത്.
ഹയര്‍സെക്കൻഡറി വിഭാഗത്തില്‍ ഒന്നാംസ്ഥാനം ലഭിച്ച നാടകത്തിന് അനുവദിച്ച നിശ്ചിത സമയം കഴിഞ്ഞും തുടര്‍ന്നിട്ടും വിധികര്‍ത്താക്കള്‍ ഒന്നാംസ്ഥാനം നല്‍കിയതിനെ ചോദ്യം ചെയ്തായിരുന്നു പ്രതിഷേധം. ഇതേ വിധി കര്‍ത്താക്കള്‍ തന്നെ യു.പി വിഭാഗം നാടകമത്സരം നടക്കുമ്ബോള്‍ ടീമുകള്‍ സമയക്രമം പാലിക്കാത്തതിനെ വിമര്‍ശിച്ചിരുന്നു. വിധി കര്‍ത്താക്കളെ മാറ്റണമെന്നാവശ്യപ്പെട്ട് മീനങ്ങാടി ജി.എച്ച്.എസ്.എസ് ടീം ചൊവ്വാഴ്ച അധികൃതര്‍ക്ക് പരാതിനല്‍കിയിരുന്നു. പ്രതിഷേധം കനത്തത്തോടെ ഒരു വിധികര്‍ത്താവിനെ മാറ്റിയാണ് ഹൈസ്കൂള്‍ വിഭാഗം നാടകമത്സരം തുടങ്ങിയത്. എച്ച്.എസ്.എസ് വിഭാഗം മുകാഭിനയത്തിലും വിധികര്‍ത്താക്കള്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.
അറബനമുട്ട് ഫലം പ്രഖ്യാപനത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥിയെ പൊലീസ് തടയുന്നു