വിവാഹത്തിന് പണം സ്വയം ചെലവാക്കാം; ഇന്ത്യയിലെ യുവാക്കളുടെ മനോഭാവം മാറുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്

വിവാഹത്തെ പറ്റിയുള്ള ഇന്ത്യൻ യുവാക്കളുടെ മനോഭാവത്തില്‍ കാര്യമായ മാറ്റംവന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്. വിവാഹന ചെലവുകളെപ്പറ്റിയുള്ള പരമ്ബരാഗത സങ്കല്‍പ്പങ്ങള്‍ മാറിയതായും റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യാലെന്‍ഡ്‌സ് (IndiaLends) ആണ് സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വെഡ്ഡിങ് സ്പെൻഡ്സ് റിപ്പോര്‍ട്ട് 2.0 എന്ന തലക്കെട്ടിലാണ് ഇവര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രാജ്യത്തെ വിവാഹരീതികളിലെ മാറ്റങ്ങളെക്കുറിച്ചാണ് ഈ റിപ്പോര്‍ട്ടിലുള്ളത്.

യുവതലമുറയുടെ സാമ്ബത്തിക സ്ഥിതിയും വിവാഹ സങ്കല്‍പ്പങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടും വിലയിരുത്തുന്നതിന്റെ ഭാഗമായാണ് സര്‍വേ സംഘടിപ്പിച്ചത്. ഇന്ത്യയിലെ 20 നഗരങ്ങളില്‍ നിന്നുള്ളവരാണ് സര്‍വേയുടെ ഭാഗമായത്. 2023 ഒക്ടോബറിനും നവംബറിനും ഇടയ്ക്കാണ് സര്‍വേ നടത്തിയത്. 1200 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. 25നും 40നും ഇടയില്‍ പ്രായമുള്ളവരാണ് സര്‍വേയില്‍ പങ്കെടുത്തത്.

വിവിധ പ്രായത്തിലുള്ളവരെയാണ് സര്‍വേയില്‍ പഠനവിധേയമാക്കിയത്. 25നും 28നും ഇടയില്‍ പ്രായമുള്ള 34.1 ശതമാനം പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. 29നും 35നും ഇടയില്‍ പ്രായമുള്ള 30 ശതമാനം പേരും സര്‍വേയില്‍ പങ്കാളികളായി. സര്‍വേയില്‍ പങ്കെടുത്തവരില്‍ 65 ശതമാനം പുരുഷന്‍മാരും 35 ശതമാനം സ്ത്രീകളുമായിരുന്നു.

സര്‍വേയില്‍ പങ്കെടുത്ത 32.5 ശതമാനം പേരുടെ വാര്‍ഷിക വരുമാനം 3 ലക്ഷത്തില്‍ താഴെയാണ്. 47.5 ശതമാനം പേരുടെ വാര്‍ഷിക വരുമാനം 3 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിലാണ്. 11 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവരുടെ എണ്ണം വെറും 12 ശതമാനം മാത്രമാണ്. എട്ട് ശതമാനം പേര്‍ക്ക് മാത്രമാണ് 21 ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ളത്.

സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും വിവാഹ ചെലവുകള്‍ മാതാപിതാക്കളുടെ തലയിലിടുന്ന രീതി ശരിയല്ലെന്ന് വിശ്വസിക്കുന്നവരാണ്. വിവാഹത്തിന്റെ ചെലവുകള്‍ വ്യക്തികള്‍ സ്വയം ഏറ്റെടുക്കണമെന്ന് ഈ വിഭാഗം പറയുന്നു. 42 ശതമാനം പേര്‍ തങ്ങളുടെ വിവാഹത്തിന്റെ ചെലവുകള്‍ സ്വയം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് പറഞ്ഞു. വിവാഹം തങ്ങളുടെ ചെലവില്‍ നടത്താനാണ് ആഗ്രഹിക്കുന്നതെന്നാണ് 60 ശതമാനം സ്ത്രീകളും പറഞ്ഞത്.

ഏകദേശം 5-10 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള 73 ശതമാനം വ്യക്തികളും തങ്ങളുടെ വിവാഹത്തിനായി 7 മുതല്‍ 10 ലക്ഷം രൂപ വരെ ചെലവഴിക്കുന്നുവെന്നാണ് സര്‍വേയില്‍ തെളിഞ്ഞത്. ഇന്ത്യയിലെ മധ്യവര്‍ഗ്ഗ കുടുംബങ്ങള്‍ വിവാഹങ്ങള്‍ക്കായി ചെലവാക്കുന്നത് 15 മുതല്‍ 25 ലക്ഷം രൂപയാണെന്നും സര്‍വേയിലൂടെ കണ്ടെത്തി.

വിവാഹത്തിന് സ്വയം പണം കണ്ടെത്തണമെന്ന് ആഗ്രഹിക്കുന്ന വധുവരന്‍മാരില്‍ 41.2 ശതമാനം പേര്‍ തങ്ങളുടെ സമ്ബാദ്യം ഇതിനായി ഉപയോഗിക്കുമെന്ന് പറഞ്ഞു. 26.1 ശതമാനംപേര്‍ ചെലവുകള്‍ക്കായി ലോണുകള്‍ എടുക്കാന്‍ പദ്ധതിയിടുന്നു. ബാക്കിയുള്ള 27.7 ശതമാനംപേര്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുക്കാത്തവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവാഹം ലളിതമാക്കണം

കഴിഞ്ഞ വര്‍ഷം നടന്ന വിവാഹങ്ങളെപ്പറ്റിയും സര്‍വ്വേ പഠനം നടത്തിയിരുന്നു. അതില്‍ ഭൂരിഭാഗം പേരും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ഉള്‍പ്പെടുത്തിയുള്ള വിവാഹാഘോഷത്തിനാണ് മുന്‍ഗണന കൊടുത്തത്. 58.8 ശതമാനം പേരാണ് ലളിതമായ രീതിയിലുള്ള ഇത്തരം വിവാഹങ്ങളെ പിന്തുണയ്ക്കുന്നത്.

“ഇന്ത്യയിലെ യുവതലമുറയുടെ കാഴ്ചപ്പാടുകളില്‍ കാര്യമായ മാറ്റം കൈവന്നിരിക്കുകയാണ്. വിവാഹ ചെലവുകള്‍ സ്വയം ഏറ്റെടുക്കുന്നതിലൂടെ സാമ്ബത്തിക സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള പുതിയ മാതൃകകള്‍ അവര്‍ സൃഷ്ടിക്കുന്നു. 26 ശതമാനം പേരും വിവാഹത്തിനായി വായ്പയെടുക്കുന്ന രീതിയെ പിന്തുണയ്ക്കുന്നതായി” ഇന്ത്യലെന്‍ഡ്‌സ് സി.ഇ.ഒ ഗൗരവ് ചോപ്ര പറഞ്ഞു.