കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ വിവിധ ഇടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

 

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ വിവിധ ഇടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവസമയത്തെ വീട്ടിലെ പ്രവർത്തികൾ അന്വേഷണസംഘം തെളിവെടുപ്പിനിടയിൽ പുനരാവിഷ്കരിച്ചു. കുട്ടിയെ തട്ടിക്കൊണ്ടു പോയ കാർ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിൽ പരിപൂർണ തൃപ്തിയെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.

രാവിലെ പത്തരയോടെയാണ് കുട്ടിയെ തട്ടിക്കൊണ്ട് വന്ന് ഒളിവിൽ താമസിപ്പിച്ച പ്രതികളുടെ ചാത്തന്നൂരിലെ വീട്ടിൽ മൂന്ന് പ്രതികളെയും എത്തിച്ചത്. തുടർന്ന് നാലരമണിക്കൂറോളം നീണ്ടുനിന്ന തെളിവെടുപ്പ്. കുട്ടിയെ തട്ടിക്കൊണ്ട് പോയ കാറിലും വീട്ടിലും ഫോറൻസിക് സംഘം പരിശോധന നടത്തി. കൃത്യം നടത്തിയ ദിവസത്തെ പ്രതികളുടെ വീട്ടിലെ പ്രവർത്തികൾ തെളിവെടുപ്പിനിടയിൽ പുനരാവിഷ്കരിച്ചു.

പ്രതികളുടെ ബാങ്ക് ഇടപാടിൻ്റെ രേഖകളും വീട്ടിൽ നിന്നും കണ്ടെടുത്തു. കുട്ടിയെ തട്ടിക്കൊണ്ട് പോയ ശേഷം മോചനദ്രവ്യം ആവശ്യപ്പെട്ട് പ്രതികൾ ഫോൺ വിളിച്ച കടയിലും അന്വേഷണ സംഘം എത്തി തെളിവുകൾ ശേഖരിച്ചു. തുടർന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്ത് എത്തിച്ചു. സംഭവ സമയം നടന്ന കാര്യങ്ങൾ പത്മകുമാർ അന്വേഷണസംഘത്തോട് വിശദീകരിച്ചു.

പ്രതികളെ എത്തിച്ച സ്ഥലങ്ങളിലെല്ലാം വലിയ പോലീസ് വിന്യാസമാണ് ഒരുക്കിയിരുന്നത്. ഓയൂരിൽ കൂകിവിളികളോടെയാണ് നാട്ടുകാർ പ്രതികളെ എതിരേറ്റത്. തെളിവെടുപ്പ് സമയത്ത് കുട്ടിയും സ്ഥലത്ത് ഉണ്ടായിരുന്നു. കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനം, അതിനുശേഷം പ്രതികൾ പോയ ബിഷപ്പ് ജയ്റോം നഗർ, പ്രതികൾ ഒളിവിൽ പോയ തമിഴ്നാട്ടിലെ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ ഇനി തെളിവെടുപ്പ് നടത്തും.