
അഞ്ചല്‍: കാറിനടുത്തെത്തി സിഗരറ്റ് നല്‍കാത്തതിന് അംഗപരിമിതന്‍റെ സ്റ്റേഷനറിക്കട കാറിടിച്ച് തകര്‍ത്തു. ഞായറാഴ്ച രാത്രി എട്ടോടെ ആയൂര്‍ ആയുര്‍വേദ ആശുപത്രി ജങ്ഷന് സമീപത്താണ് സംഭവം.

ആയൂര്‍ സ്വദേശി സദ്ദാമാണ് കട തകര്‍ത്തത്. കാര്‍ നിര്‍ത്തിയ ശേഷം കടയുടമയായ മോഹനനോട് സിഗററ്റ് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. കാലിന് സ്വാധീനമില്ലാത്ത ആളാണെന്ന് പറഞ്ഞെങ്കിലും വകവയ്ക്കാതെ കാര്‍ ഇടിച്ചു കയറ്റി കട തകര്‍ത്തുവെന്നാണ് മോഹനന്‍റെ മൊഴി.
ഗുരുതരമായി പരിക്കേറ്റ മോഹനനെ സമീപത്തെ കടകളിലുണ്ടായിരുന്നവര്‍ കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ദ്ധ ചികിത്സക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചടയമംഗലം എസ്.എച്ച്.ഒ സുനീഷിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ മോനിഷ്, ദിലീപ്, അസി.എസ്.ഐ ശ്രീകുമാര്‍ ,ഗ്രേഡ് എസ്.ഐ അലക്സ്, സി.പി.ഒ ജംഷദ് എന്നിവരടങ്ങിയ പൊലീസ് സംഘം ആയൂരില്‍ നിന്ന് സദ്ദാമിനെയും, കട ഇടിച്ചു തകര്‍ക്കാൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

ലൈറ്റര്‍ നല്‍കിയില്ല; സ്കൂട്ടറില്‍ നിന്ന് തള്ളിയിട്ട്പൊതുപ്രവര്‍ത്തകനെ മര്‍ദിച്ചു
കൊട്ടിയം: ലൈറ്റര്‍ നല്‍കാത്തതിനു പൊതുപ്രവര്‍ത്തകനെ സ്കൂട്ടറില്‍ നിന്ന് തള്ളിയിട്ട ശേഷം മര്‍ദിച്ചതായി പരാതി. പ്രവാസി ലീഗ്, കെ.എം.സി.സി, കൊട്ടിയം പൗരവേദി സംഘടനകളുടെ പ്രവര്‍ത്തകൻ കൊട്ടിയം ബൈത്തുല്‍ നൂറില്‍ കൊട്ടിയം നൂറുദീനാണ് (50) മര്‍ദനമേറ്റത്.
ഞായറാഴ്ച രാത്രി പത്തോടെ സ്കൂട്ടറില്‍ കുടുംബ വീട്ടിലേക്ക് പോകുന്ന വഴി കൊട്ടിയം പ്രതിഭ ലൈബ്രറിക്ക് സമീപം ലഹരിക്ക് അടിമകളായ രണ്ടു യുവാക്കള്‍ സ്കൂട്ടര്‍ തടഞ്ഞ് ലൈറ്റര്‍ ആവശ്യപ്പെട്ടു.
നല്‍കാത്തതിനെ തുടര്‍ന്ന് സ്കൂട്ടറില്‍ നിന്നും തള്ളിയിട്ട ശേഷം നിലത്തിട്ടു മര്‍ദിക്കുകയായിരുന്നു. ബഹളവും നിലവിളിയും കേട്ടെത്തിയ പരിസരവാസികളാണ് അദ്ദേഹത്തെ കൊട്ടിയം ഹോളിക്രോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊട്ടിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തിനുത്തരവാദികളായവരെ അടിയന്തരമായി പിടികൂടണമെന്ന് കൊട്ടിയം പൗര വേദിയും, റൈസിങ് കൊട്ടിയവും ആവശ്യപ്പെട്ടു.
