ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ കൊടുമുടിയിലും ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി ഈ കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍
ചന്ദ്രനില്‍ ചെന്നാലും ഒരു മലയാളി കാണുമെന്ന് പറയുന്നത് നേരാണെന്ന് തോന്നുന്നു. ഇപ്പോള്‍ ഒരു മലയാളി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയിലും കാലുകുത്തിയിരിക്കുകയാണ്. കേരള സര്‍ക്കാറിന്റെ ധനകാര്യ വകുപ്പില്‍ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസറായ ഈ പര്‍വ്വതാരോഹകന്‍ ചില്ലറക്കാരനല്ല. ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിനും ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോയ്ക്കും ശേഷമാണ് ഈ കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വടക്കേ അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ അലാസ്‌കയിലെ മൗണ്ട് ഡെനാലിയിലും ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയിരിക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ പന്തളം സ്വദേശിയായ ഷെയ്ഖ് ഹസന്‍ ഖാന്‍ ആണ് സമുദ്രനിരപ്പില്‍ നിന്ന് 6,190 മീറ്റര്‍ (20,310 അടി) ഉയരമുള്ള ഡെനാലി കൊടുമുടി ഇപ്പോള്‍ കീഴടക്കിയിരിക്കുന്നത്. രാജ്യം സ്വാതന്ത്ര്യം നേടിയത്തിന്റെ 75 വര്‍ഷം പിന്നിട്ടതിന്റെ ഭാഗമായി ലോക പര്‍വ്വതാരോഹണ ദൗത്യത്തിലാണ് ഹസന്‍ ഖാന്‍. ലോകത്തിലെ ഏറ്റവും വലിയ പര്‍വ്വതങ്ങളിലെല്ലാം ഇന്ത്യന്‍ ദേശീയ പാതക എത്തിക്കുകയെന്നതാണ് ഹസന്‍ ഖാന്റെ ലക്ഷ്യം. ‘ഹര്‍ ദേശ് തിരംഗ’ എന്നു പേരിട്ടിരിക്കുന്ന ഈ ദൗത്യം, അഞ്ചുവര്‍ഷംകൊണ്ട് ഏഴു ഭൂഖണ്ഡങ്ങളിലെ 195 രാജ്യങ്ങളിലായിട്ടുള്ള ഉയരം കൂടിയ പര്‍വ്വതങ്ങളിലെല്ലാം കയറാനാണ് ഈ സാഹസികന്റെ ശ്രമം.
മൈനസ് 51 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴുന്ന ഡെനാലി ലോകത്തെ ഏറ്റവും തണുപ്പുള്ള മേഖലകളിലൊന്നാണ്. 21 ദിവസത്തോളം നടത്തിയ പര്‍വ്വതാരോഹണത്തിലാണ് കൊടുമുടി മുകളില്‍ ഹസന്‍ ഖാന്‍ എത്തിയത്. ‘ഇന്ത്യ-യുഎസ് ഫ്രണ്ട്ഷിപ്പ് എക്‌സ്‌പെഡിഷന്‍’ എന്ന ഈ പര്‍വ്വതാരോഹണ ദൗത്യത്തില്‍ ഹസന്‍ ഖാന്‍ കൂടാതെ യു.എസില്‍ നിന്നുള്ള മൂന്നുപേരുമുണ്ടായിരുന്നു. 2023 മെയ് 15-നാണ് ഡല്‍ഹിയില്‍ നിന്ന് ഈ ദൗത്യനായി യാത്ര തിരിച്ചത്. മെയ് 22ന് അലാസ്‌കയില്‍ എത്തിയ ഖാന്‍, തല്‍ക്കീത്‌നയില്‍ നിന്നാണ് പര്‍വ്വതാരോഹണം ആരംഭിച്ചത്. ജൂണ്‍ 22-ന് ഹസന്‍ ഖാന്‍ ഡല്‍ഹിയില്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്.
വേതനരഹിത അവധികള്‍ എടുത്തുക്കൊണ്ടാണ് ഹസന്‍ ഖാന്‍, പര്‍വ്വതാരാഹോണ ദൗത്യനായി പുറപ്പെട്ടത്. ഇതിനായി രണ്ട് മാസത്തെ ശമ്പളമില്ലാതെ അവധിയാണ് ഖാന്‍ എടുത്തത്. ഏകദേശം 18 ലക്ഷം രൂപയോളം വരുന്ന പര്‍വ്വതാരോഹണത്തിന്റെ ചെലവിന്റെ ഒരു ഭാഗം നല്‍കിയത് ഖാന്‍, ബി.ടെക് പഠിച്ച പത്തനംതിട്ട മുസലിയാര്‍ കോളേജാണ്. പര്‍വ്വതാരോഹണ ദൗത്യത്തിന് ഭാരിച്ച ചെലവുകളുടെ ഒരു ഭാഗം സ്വയം കണ്ടെത്തുകയായിരുന്നു. മൗണ്ട് ഡെനാലിയില്‍ ഉയര്‍ത്താനുള്ള ഇന്ത്യന്‍ ദേശീയ പതാക കൈമാറിയത് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആയിരുന്നു.
ഹസന്‍ ഖാന്‍ പര്‍വ്വതാരോഹണം പോലുള്ള സാഹസികതകള്‍ ഗൗരവമായി എടുക്കുന്നത് 2017 മുതലാണ്. ഉത്തരാഖണ്ഡ്, ഡാര്‍ജീലിങ് എന്നിവിടങ്ങളിലെ പര്‍വ്വതാരോഹണ പരിശീലന കേന്ദ്രങ്ങളില്‍ നിന്ന് മൗണ്ടനിയറിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കിയതോടെ പര്‍വ്വതാരോഹണം കൂടുതല്‍ ചെയ്യാന്‍ ആരംഭിച്ചു. ജപ്പാനിലെ മൗണ്ട് ഫ്യൂജിയും റഷ്യയിലെ മൗണ്ട് എല്‍ബറസുമാണ് ഖാന്റെ അടുത്ത ലക്ഷ്യം. പന്തളം കൂട്ടംവെട്ടിയില്‍ അലി അഹമ്മദ് ഖാന്റെയും ഷാഹിദയുടെയും മകനാണ് ഷെയ്ഖ് ഹസന്‍ ഖാന്‍. ഖദീജ റാണി ഹമീദാണ് ഭാര്യ. ജഹനാര മറിയം ഷെയ്ഖ് ആണ് മകള്‍.
മൗണ്ട് ഡെനാലി
വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതമായ ഡെനാലി. മൗണ്ട് എവറസ്റ്റിനും അര്‍ജന്റീനയിലെ അകൊന്‍കാഗ്വയും കഴിഞ്ഞാല്‍ ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയാണ് ഡെനാലി. ലോകത്തിലെ ഏറ്റവും പ്രയാസമേറിയ ഒരു പര്‍വ്വതാരോഹണ കൊടുമുടിയാണിത്.
വര്‍ഷം മുഴുവനും മൈനസ് 30 ഡിഗ്രിക്ക് താഴെ താപനിലയില്‍ തുടരുന്ന കൊടുമുടിയുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മൈനസ് 60 ഡിഗ്രിക്കും താഴെ ചില ഘട്ടങ്ങളില്‍ പോകാറുണ്ട്. കലാവസ്ഥയാണ് ഈ കൊടുമുടി കയറുന്നതിലെ പ്രധാന പ്രതിസന്ധി. യുഎസ് സ്റ്റേറ്റായ അലാസ്‌കയിലെ (അലാസ്‌ക റേഞ്ചില്‍ വരുന്ന) ഈ കൊടുമുടി, ഡെനാലി ദേശീയോദ്യാനത്തിന്റേയും സംരക്ഷിത പ്രദേശത്തിന്റേയും പ്രധാന ഭാഗമാണ്.