സ്കൂള്‍ കുട്ടികള്‍ ബിയര്‍ കുടിക്കുന്ന വിഡിയോ പുറത്ത്; അന്വേഷണം തുടങ്ങി
അനകപ്പള്ളി: ആന്ധ്രയില്‍ പുതുവത്സരാഘോഷത്തിനിടെ സ്കൂള്‍ കുട്ടികള്‍ ബിയര്‍ കുടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
ആന്ധ്രാപ്രദേശിലെ അനകപള്ളി ചോഡവാരത്തെ ഒരു സര്‍ക്കാര്‍ റസിഡൻഷ്യല്‍ സ്‌കൂളില്‍ 6, 7, 10 ക്ലാസുകളില്‍ പഠിക്കുന്ന 16 ആണ്‍കുട്ടികളാണ് വിഡിയോയിലുള്ളത്. എല്ലാവരും 13 നും 15 നും ഇടയില്‍ പ്രായമുള്ളവരാണ്.
ഹോസ്റ്റലിനോട് ചേര്‍ന്നുള്ള നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് ബിയറും ബിരിയാണിയും വിളമ്ബി വിരുന്നൊരുക്കിയത്. മുറിയില്‍ ചിതറിക്കിടക്കുന്ന നിരവധി ഒഴിഞ്ഞ കുപ്പികളും കാണാം.
കെട്ടിടത്തില്‍ നിന്നുള്ള ബഹളം കേട്ട് എ.സി മെക്കാനിക്കും സ്കൂള്‍ ഡ്രൈവറും ചേര്‍ന്ന് സ്ഥലത്തെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവം മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡുചെയ്യാൻ ശ്രമിച്ച ഡ്രൈവറെയും മെക്കാനിക്കിനെയും കുട്ടികള്‍ തടഞ്ഞതായും ആക്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ലഹരി വസ്തുക്കള്‍ എത്തിച്ചത് ആരാണെന്നതടക്കം അന്വേഷണത്തില്‍ വരും.
21 വയസ്സ് തികഞ്ഞവര്‍ക്ക് മാത്രമേ സംസ്ഥാനത്ത് ലഹരിപാനീയങ്ങള്‍ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും അനുമതിയുള്ളൂ. രണ്ടുവര്‍ഷം മുമ്ബ് ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ക്ലാസ് മുറിയില്‍ മദ്യപിച്ച് നൃത്തം ചെയ്ത 8, 9 ക്ലാസുകളിലെ അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കിയിരുന്നു.